കൊച്ചി: ഒന്നരവര്‍ഷം നീണ്ട അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കുമൊടുവില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ എട്ടു ഡീക്കന്മാരുടെ വൈദികപ്പട്ട ദാനശുശ്രൂഷ നവംബര്‍ നാലിന് രാവിലെ 9.30ന് നടക്കും.
തൃക്കാക്കരയിലെ അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ പട്ടംനല്‍കും. ഡീക്കന്മാര്‍ പട്ടസ്വീകരണത്തിന് മുന്നോടിയായി ഒരുക്കധ്യാനത്തില്‍ പ്രവേശിച്ചു.
പൗരസ്ത്യ സഭകള്‍ക്കുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിന്റേയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും കത്തുകളുടെ പശ്ചാത്തലത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡീക്കന്മാര്‍ക്കു നല്‍കിയ നിര്‍ദ്ദേശങ്ങളെ തുടർന്ന് ഡീക്കന്മാര്‍ ഒപ്പിട്ടു നല്‍കിയിരിക്കുന്ന സമ്മതപത്രപ്രകാരം അവര്‍ക്ക് ഏകീകൃത കുര്‍ബാന മാത്രമേ അര്‍പ്പിക്കുവാന്‍ പാടുള്ളൂ.
നവവൈദികരുടെ ഇടവകകളില്‍ പുത്തന്‍ കുര്‍ബാന ഏകീകൃതരീതിയില്‍ അര്‍പ്പിക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ അതാത് ഇടവക വികാരിമാര്‍ക്കും നിര്‍ദേശം നല്‍കയിട്ടുണ്ട്.
വിശുദ്ധ കുര്‍ബാനക്കിടയിലെ പ്രസംഗത്തിലും മറ്റ് അറിയിപ്പുകളിലും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയും സഭാ നേതൃത്വത്തെയും വിമര്‍ശിക്കുന്നതും തെറ്റിദ്ധാരണാപരമായ പ്രസ്താവനകള്‍ നല്‍കുന്നതും അനുവദനീയമല്ല.
സാമൂഹിക മാധ്യമങ്ങളിലൂടെ സഭയെയും, സഭാ പ്രബോധനങ്ങളെയും, സഭാ നേതൃത്വത്തെയും വെല്ലുവിളിക്കുകയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയില്‍നിന്ന് വൈദികരും അൽമായസഹോദരങ്ങളും പിന്മാറണമെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.
അതേ സമയം ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണ വേദിയില്‍ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററെയും അതിരൂപതാ കൂരിയാംഗങ്ങളെയും ഉപരോധിക്കുമെന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നുള്ള പ്രചാരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ സജീവമാണ്.
വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ ഡീക്കന്മാര്‍ സഭാ നിയമങ്ങള്‍ക്ക് വിധേയമായി പൗരോഹിത്യ ശുശ്രൂഷ ചെയ്തുകൊള്ളാമെന്നും പ്രത്യേകിച്ച്, സീറോ മലബാര്‍ സഭ അനുശാസിക്കുന്ന ഏകീകൃത രീതിയില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊള്ളാമെന്നും സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ക്ക് തിരുപ്പട്ടം നല്‍കാന്‍ സഭാധികാരികള്‍ തയ്യാറായത്.
ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കാതെ പീഡിപ്പിക്കുന്നു എന്നാക്ഷേപിച്ച് വിശ്വാസികളെ തെരുവിലിറക്കുകയും പ്രതിഷേധ പരമ്പരകള്‍ നടത്തുകയും ചെയ്തവരുടെ കാപട്യമാണ് തിരുപ്പട്ട സ്വീകരണം അലങ്കോലപ്പടുത്തുമെന്ന് ആഹ്വാനം ചെയ്ത വിമത നീക്കത്തലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഔദ്യോഗിക വിഭാഗം പ്രതികരിച്ചു.