കൊച്ചി: കെസിബിസി മാധ്യമ പുരസ്ക്കാരത്തെ ചൊല്ലി അൽമായർക്കിടയിൽ കടുത്ത ഭിന്നത. സിറോ മലബാർ സഭയെയും മുൻ സഭാ തലവനെയും ഒറ്റുകൊടുത്ത മാധ്യമ പ്രവർത്തകന് പുരസ്ക്കാരം നൽകിയെന്നാണ് ആക്ഷേപം.
എറണാകുളം- അങ്കമാലി അതിരൂപതയിൽ വിവാദ കാലങ്ങളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതിസന്ധിയിലാക്കിയ മാധ്യമ പ്രവർത്തകന് പുരസ്ക്കാരം നൽകിയെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. സിനഡ് കുർബാനയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും ആരോപണമുണ്ട്.
കെസിബിസി കൊടുത്ത അവാർഡ് "കെസിബിസി വഞ്ചനാ അവാർഡ്" ആണെന്നാണ് സഭയുടെ നവമാധ്യമ ഇടങ്ങളിൽ ചില വിശ്വാസികൾ പ്രതികരിച്ചത്.
എറണാകുളത്തെ വിമത വൈദികരെ പ്രോത്സാഹിപ്പിച്ചതിനാണോ അവാർഡെന്നും ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ ചോദിക്കുന്നുണ്ട്.
ധീരന്മാരായ നിരവധി കത്തോലിക്കാ മാധ്യമ പ്രവർത്തകർ ഉണ്ടായിട്ടും, വിമതന്മാരുടെ അടുക്കള നിരങ്ങിയും അവാർഡ് കിട്ടാൻ എന്തും ചെയ്യുന്നവനുമായ സഭാ വഞ്ചകന് നൽകിയ അവാർഡ് കത്തോലിക്കരെ വേദനിപ്പിക്കുന്നുവെന്നും ചിലർ ഫേസ് ബുക്കിൽ കുറിക്കുന്നു.
മാർപാപ്പയുടെ കർശന താക്കീത് അവഗണിച്ചു വിമതരുമായി ഇപ്പോഴും ആത്മബന്ധം പുലർത്തുന്ന ഒരു ബിഷപ്പാണ് ഈ അവാർഡിന് പിന്നിലെന്നാണ് ആരോപണം.
കെസിബിസി അവാർഡ് പിൻവലിച്ചു മാപ്പു പറയണം, കെസിബിസി അവാർഡ് അടുക്കള അവാർഡ് ആക്കരുതെന്നും ചില വിശ്വാസികൾ പറയുന്നുണ്ട്. കടുത്ത പ്രതിഷേധമാണ് ഇത്തരത്തിൽ ഉയരുന്നത്.