ദുബായിയെപ്പോലെ കൊച്ചിയെ ആഗോള ഐ.ടി സിറ്റിയാക്കാനുള്ള സ്മാർട്ട്സിറ്റി സർക്കാരിന് പണിയാവും. ടീകോമിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും എളുപ്പത്തിൽ അവർ ഒഴിയില്ല. ഒരു രൂപയ്ക്ക് 246 ഏക്കർ കണ്ണായ സ്ഥലം കൈയ്യിലിരിക്കുന്ന കമ്പനി വമ്പൻ നഷ്ടപരിഹാരം ചോദിക്കും. ഇതുവരെ വന്നത് 2609 കോടിയുടെ നിക്ഷേപം, 6.5 ലക്ഷം ചതുരശ്രയടി കെട്ടിടം. പിന്മാറാൻ ടീകോമിന് കോടാനുകോടികൾ കൊടുക്കേണ്ടിവരും

ടീ കോം കമ്പനിയെ ഒഴിവാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചെങ്കിലും പിൻമാറാൻ ടീകോം തയാറാകുമോ, എത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെടും, നിയമയുദ്ധങ്ങൾക്കു വഴി തെളിയുമോ തുടങ്ങി ചോദ്യങ്ങൾ ബാക്കിയാണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
d

തിരുവനന്തപുരം: ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ വിഭാവനം ചെയ്ത കൊച്ചി സ്മാർട്ട് സിറ്റിപദ്ധതിയിൽ നിന്ന് ദുബായ് ആസ്ഥാനമായ ടീകോം കമ്പനിയെ ഒഴിവാക്കുന്നതിൽ അടിമുടി ദുരൂഹത.

Advertisment

ആഗോള ഐടി സിറ്റി കെട്ടിപ്പെടുക്കുകയെന്ന പദ്ധതി നടപ്പാക്കാനാവാത്തത് ടീകോമിന്റെ വീഴ്ചയായിരിക്കെ, അത് അവഗണിച്ച് ടീകോമിന് കോടാനുകോടികൾ നഷ്ടപരിഹാരം നൽകാനുള്ള സർക്കാരിന്റെ കുതന്ത്രമാണ് ടീകോമിനെ ഒഴിവാക്കൽ.


പദ്ധതിയുടെ മെല്ലെപ്പോക്കിനെക്കുറിച്ചു ടീകോമിനോട് വിശദീകരണം തേടുകയും അവർക്ക് പിഴയിടുകയും ചെയ്യേണ്ടിടത്താണ് സർക്കാർ അങ്ങോട്ട് പിഴ നൽകാനൊരുങ്ങുന്നത്.


2011ൽ തുടങ്ങിയ പദ്ധതി എവിടെയുമെത്താതെ ഇഴയുമ്പോഴും സർക്കാർ നിശ്ശബ്ദ കാഴ്ചക്കാരനായിരുന്നു. ഏക്കറിന് വെറും ഒരു രൂപ നിരക്കിൽ 246 ഏക്കർ സ്ഥലം സ്വകാര്യ നിക്ഷേപകർക്കു പാട്ടത്തിനു നൽകി പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു ഫലവുമുണ്ടായില്ല.

പദ്ധതിക്കായി 2011 ൽ ധാരണാപത്രം ഒപ്പു വയ്ക്കുമ്പോൾ അന്നത്തെ സർക്കാരും ദുബായ് ഹോൾഡിങ്ങിനു കീഴിലുള്ള ടീകോം ഇൻവെസ്റ്റ്മെന്റ് കമ്പനിയും ആവർത്തിച്ചു വാഗ്ദാനം ചെയ്തത് 10 വർഷത്തിനുള്ളിൽ 90,000 പേർക്കു തൊഴിൽ ലഭിക്കുന്ന വമ്പൻ ഐടി, ഐടിഇഎസ് ക്യാംപസായി സ്മാർട് സിറ്റി മാറുമെന്നായിരുന്നു.


13 വർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായത് ഒരേയൊരു ഐടി മന്ദിരം. പ്രവർത്തിക്കുന്നതു 40 ൽ താഴെ കമ്പനികൾ. ജോലി ലഭിച്ചതു കഷ്ടിച്ച് അയ്യായിരത്തിലേറെപ്പേർക്ക്. സർക്കാരിനു 16 % ഓഹരിയാണു സ്മാർട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിലുള്ളത്.


ദുബായ് ഹോൾഡിങ്ങിനാണ് 84 % ഓഹരിയും. എന്നാൽ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ പദവി വഹിക്കുന്നതു മുഖ്യമന്ത്രിയാണ്. കമ്പനിയിൽ ഐടി സെക്രട്ടറിയും ഡയറക്ടറാണ്.

സംസ്ഥാന സർക്കാരിനു കൂടി പങ്കാളിത്തമുള്ള കമ്പനിയായിട്ടും സ്മാർട് സിറ്റി പദ്ധതിയിൽ കാര്യമായ ഇടപെടൽ നടത്താതെ ഉഴപ്പുകയായിരുന്നു സർക്കാർ. പദ്ധതി നടത്തിപ്പിൽ സർക്കാരും കമ്പനിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കാരണം ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മനോജ് നായർ കഴിഞ്ഞ വർഷം രാജിവച്ചിരുന്നു. 



എന്നാൽ, ടീകോമിനു കൂടി താൽപര്യമുള്ള രീതിയിൽ പങ്കാളിത്തം അവസാനിപ്പിക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. ടീകോമുമായി ചർച്ചകൾ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകൽപ്പന ചെയ്യും. ടീകോമിനു നൽകേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെൻഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കാനും മന്ത്രിസഭ നിർദ്ദേശിച്ചിരിക്കുകയാണ്.

കാക്കനാട് ഇൻഫോപാർക്കിനോട് ചേർന്നാണ് സ്മാർട്ട്സിറ്റി ഐ.ടി.ടൗൺഷിപ്പ്. 90,000 തൊഴിലവസരം, 88 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ കെട്ടിടങ്ങൾ എന്നെല്ലാമുള്ള പ്രഖ്യാപനത്തോടെയാണ് പദ്ധതി പ്രവർത്തനം തുടങ്ങിയത്.


വ്യവസ്ഥകൾ പാലിക്കാൻ ടികോമിനായില്ല. ഇതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. ഐ.ടി. ഇതരം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 37 കമ്പനികളാണ് ഇവിടെ എത്തിയത്. നിർമ്മാണപങ്കാളികളായി ആറു കമ്പനികൾ വേറെ.


2609 കോടി രൂപയുടെ നിക്ഷേപത്തിന് ഇതിനകം വഴിയൊരുക്കി. ഇതിൽ 1935 കോടി രൂപയുടെ നിർമ്മാണം സർക്കാർ നേരിട്ട് കണ്ടെത്തിയ കോ ഡെവലപ്പർമാരുടേതായി വന്നതാണ്. അത് പൂർത്തിയായിട്ടുമില്ല. 6.5 ലക്ഷം ചതുരശ്രയടിയുള്ളതാണ് സ്മാർട്ട്സിറ്റിയുടെ ആദ്യ ഐ.ടി. കെട്ടിടം.അതിൽ പ്രവർത്തിക്കാൻ കമ്പനികളെത്തിയിട്ടുമില്ല. 

2003ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയും പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയുമായിരുന്ന കാലത്താണ് ദുബായ് കമ്പനിയെ ക്ഷണിച്ചുകൊണ്ടുവന്ന് പദ്ധതി നടത്താൻ തീരുമാനിച്ചത്. 2005ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഭരണാനുമതി നൽകി.

2011ൽ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കരാറും ഒപ്പിട്ടു. 2016ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. കൊച്ചിയെ ദുബായ് മോഡലാക്കാൻ കൊണ്ടുവന്ന സ്മാർട്ട് സിറ്റി പദ്ധതി അകാലചരമമടയുന്നതാണ് ഇപ്പോൾ കാണുന്നത്.

Advertisment