/sathyam/media/media_files/2024/11/01/dLiUc9bNWQWm3iFO04Xh.jpg)
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ കോടതിയെ അറിയിച്ച് അനുമതി തേടിയതിന് ശേഷം തുടരന്വേഷണം ആരംഭിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്ന് സതീശ് പ്രതികരിച്ചിരുന്നു.
നേരത്തെ നല്‍കിയ മൊഴി ജില്ലാ അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പറഞ്ഞു പഠിപ്പിച്ചതിന് അനുസരിച്ചായിരുന്നു. തിരഞ്ഞെടുപ്പ് സാമഗ്രികളെന്ന് പറഞ്ഞാണ് ചാക്ക് കെട്ട് എത്തിച്ചതെന്നും, അതില്‍ പണമായിരുന്നുവെന്നും പിന്നീടാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കര്‍ണാടകയിലെ അന്നത്തെ ഒരു എംഎല്‍എയായിരുന്നുവെന്നാണ് കേരള പൊലീസ് ഇഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കര്‍ണാടകയിലെ എംഎല്‍സിയായിരുന്ന ലെഹര്‍ സിങാണ് കടത്തിന് പിന്നിലെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്.