/sathyam/media/media_files/2024/11/05/NPbIoPFiDoW6o9OdZPjc.jpg)
കൊല്ലം: ഇതൊന്നും കാണുന്നില്ലേ റെയില്‍വേ അധികൃതരേ.. സൂചികുത്താന്‍ ഇടമില്ലാതെ മെമു. ശ്വാസംമുട്ടി യാത്രക്കാരും.. പൊതുജനം ഏറെ ആശ്രയിക്കുന്ന മെമു സര്‍വീസിന്റെ കോച്ചുകള്‍ റെയില്‍വേ വെട്ടിച്ചുരുക്കിയതോടെയാണു യാത്രാ ദുരിതം തുടങ്ങിയത്.
06443/44 എറണാകുളം - കൊല്ലം മെമുവിന്റെ നാലു കോച്ചുകളാണു റെയില്‍വേ വെട്ടിച്ചുരുക്കിയത്. 12 കോച്ചുകളാണ് ട്രെയിന് ഉണ്ടായിരുന്നത്.
കൊല്ലം - എറണാകുളം മെമ്മു സര്‍വീസിന്റെ കോച്ചുകളുടെ എണ്ണം 16 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് 12ല്‍ നിന്ന് എട്ടായി ചുരുക്കിയത്. ഇതു വലിയ പ്രതിസന്ധിയ്ക്ക് ഇടയാക്കുകയും ചെയ്തു. കോച്ചുകളുടെ എണ്ണം കുറച്ചതിനെത്തുടര്‍ന്നു ട്രെയിനില്‍ കയറാനും ഇറങ്ങാനും പോലും കഴിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
വൈകിട്ട് എറണാകുളത്തുനിന്നു മെമു പുറപ്പെടുമ്പോള്‍ തന്നെ കാലുകുത്താന്‍ സാധിക്കാത്തവിധം യാത്രക്കാര്‍ ഇതിനകത്ത് ഉണ്ടാകും. എറണാകുളത്തു ജോലി ചെയ്തു കോട്ടയം ഭാഗത്തേക്കു മടങ്ങുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ ട്രെയിനാണ്. പിന്നീടുള്ള സ്‌റ്റോപ്പുകളില്‍ നിന്ന് ആളുകള്‍ക്കു കയറാനും ഇറങ്ങാനും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
വേണാട് എക്‌സ്പ്രസ് സൗത്ത് സ്‌റ്റേഷന്‍ ഒഴിവാക്കി എറണാകുളം നോര്‍ത്ത് വഴി കടന്നുപോകാന്‍ തുടങ്ങിയതോടെ എറണാകുളം - കൊല്ലം മെമുവിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നു.
പഴയതുപോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്ന ആവശ്യം റെയില്‍വേ പരിഗണിക്കുമെന്നാണു യാത്രക്കാരുടെ പ്രതീക്ഷ. ഇതിനൊപ്പം അടുത്തിടെ പുതുതായി അനുവദിച്ച കൊല്ലം എറണാകുളം മെമു വൈകിട്ടു കൂടി സര്‍വീസ് നടത്തണമെന്നും ആവശ്യമുണ്ടെങ്കിലും റെയില്‍വേ അനുഭാവ പൂണമായ നിലപാട് സ്വീകരിച്ചിട്ടില്ല.
പുതിയ മെമു സര്‍വീസ് വൈകിട്ടു കൂടി നടത്തിയാല്‍ ജോലി കഴിഞ്ഞു മടങ്ങുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും.