Advertisment

ഒന്നിനോ അഞ്ചിനോ ആരംഭിക്കേണ്ട റേഷന്‍ വിതരണം ഈ മാസം ആരംഭിക്കുന്നത് പത്തിന്. റേഷനെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍ ദുരിതത്തില്‍. വിതരണം നീളുന്നത് റേഷന്‍ വ്യാപാരികളുടെ സമരത്തേ തുടർന്ന്. മാസാദ്യം റേഷന്‍ വാങ്ങി ഉപയോഗിച്ചിരുന്നവർ ഇതോടെ വെട്ടിലായി

New Update
ration.1.2136230

കോട്ടയം: ഇ പോസ് യന്ത്രത്തില്‍ ക്രമീകരണം, വ്യാപാരികളുടെ സമരം; സാധാരണ ഒന്നിനോ അഞ്ചിനോ ആരംഭിക്കേണ്ട റേഷന്‍ വിതരണം ഈ മാസം ആരംഭിക്കുക പത്താം തിയതിയിലേക്ക് നീളും. റേഷനെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍ ഇതോടെ ദുരിതത്തിലായി.

Advertisment

കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം നീട്ടുകയും ഇന്നും നാളെയുമായി നടക്കുന്ന റേഷന്‍ വ്യാപാരികളുടെ സമരവും മൂലമാണു വിതരണം പത്തിലേക്കു നീളുന്നത്.  മാസാദ്യം റേഷന്‍ വാങ്ങി ഉപയോഗിച്ചിരുന്നവരാണ് ഇതോടെ പുറത്തുനിന്ന് അരി വാങ്ങേ സ്ഥിതിയായി.

കഴിഞ്ഞ മാസത്തെ വിതരണം പൂര്‍ത്തിയായാല്‍ മാത്രമേ അടുത്ത മാസം വിതരണം ആരംഭിക്കാന്‍ കഴിയൂ. സാധാരണ നിലയില്‍ റേഷന്‍ വിതരണം നീട്ടിയാലും അടുത്ത മാസത്തിലെ രണ്ടോ മൂന്നോ ദിവസങ്ങളിലേക്കാണു നീട്ടുക. എന്നാല്‍, ജൂണിലെ റേഷന്‍ വിതരണം ഈ മാസം അഞ്ചു വരെ നീട്ടിയിരുന്നു.

തുടര്‍ന്ന് ഇ പോസ് യന്ത്രത്തില്‍ ക്രമീകരണം വരുത്തുന്നതിനായി ശനിയാഴ്ച റേഷന്‍കടകള്‍ക്ക് അവധി നല്‍കി. എല്ലാ മാസവും ഇത്തരത്തില്‍ വിതരണ ആരംഭത്തിന്റെ തലേന്ന് അവധി നല്‍കി വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ചയായിരുന്നതിനാല്‍ കടകള്‍ തുറന്നില്ല. ഇന്നും നാളെയും റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ കടകളടച്ചിട്ടു പ്രതിഷേധവുമാണ്.

സമരവും കൂടി കഴിഞ്ഞ് ഇനി 10നേ റേഷന്‍കടകള്‍ തുറക്കൂ. ഇതോടെ, പലരും ബുദ്ധിമുട്ടുകയാണ്. ഇനി പത്തിനു പുനരാരംഭിക്കുമ്പോള്‍ തിരക്കേറും. തിരക്കേറുമ്പോള്‍ ഈ പോസ് യന്ത്രം തകരാറിലാകുന്ന പതിവ് ഉണ്ടാകരുതേയെന്ന പ്രാര്‍ഥനയിലാണു കാര്‍ഡ്, കട ഉടമകള്‍.

മാസാദ്യം റേഷന്‍ വാങ്ങിയിരുന്ന പലര്‍ക്കും പത്താംതീയതി വരെ തള്ളിനീക്കാനുള്ള ഭക്ഷ്യധാന്യമോ, പൊതുവിപണിയിലെ ഉയര്‍ന്ന വിലയ്ക്ക് അരി വാങ്ങാനുള്ള സാമ്പത്തികശേഷിയോ ഇല്ല. സാമ്പത്തികശേഷി കുറവുള്ള പല കുടുംബങ്ങളും മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ റേഷന്‍ ഭക്ഷ്യധാന്യം വാങ്ങി അതാണു കഴിക്കുന്നത്. റേഷന്‍ തീരുമ്പോള്‍ മാത്രമേ പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് അരി വാങ്ങൂ.

ഇവരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍കടയിലെത്തി അരി വിതരണം ആരംഭിച്ചിരുന്നോ എന്ന് അന്വേഷിച്ചിരുന്നു. തുടര്‍ച്ചയായി കടകള്‍ അടഞ്ഞു കിടക്കുന്നതില്‍ പ്രതിഷേധം അറിയിച്ചാണ് ഇവരില്‍ ഭൂരിഭാഗവും മടങ്ങിയത്.

ഇത്തരത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും കടയുടമകള്‍ക്കു പരിചയമുള്ളവരോ, സുഹൃത്തുക്കളോ അയല്‍ക്കാരോ ആവാമെന്നതിനാല്‍ ഉടമകളും വിഷമത്തിലാണ്. അധികൃതരുടെ കണ്ണു തുറപ്പിക്കാൻ സമരമല്ലാതെ മറ്റു മാർഗമില്ലന്നു റേഷൻകട ഉടമകളും പറയുന്നു.

Advertisment