Advertisment

മദ്രാസ് ചുറ്റിക്കാണണം, ഒപ്പം കുഴിമന്തി കഴിക്കണം. വീടു വിട്ടിറങ്ങി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍. കുട്ടികളെ കാണാനില്ലെന്ന് അറിഞ്ഞതോടെ വ്യാപക തിരച്ചില്‍. ഒടുവില്‍ കണ്ടെത്തിയത് റെയില്‍വേ പോലീസിൻ്റെ ഇടപെടലോടെ

റെയില്‍വേ പോലീസിന്റെ നിർണായക നീക്കമാണു കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്. കോട്ടയം റെയില്‍വേ പോലീസിനു നന്ദിയുമായി അഞ്ചല്‍ പോലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. 

New Update
57577

കോട്ടയം: കൊല്ലത്തു നിന്നു വീടു വിട്ടിറങ്ങിയ മൂന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ അതിവേഗം കണ്ടെത്തി റെയല്‍വേ പോലീസ്. കൊല്ലം ജില്ലയിലെ അഞ്ചലില്‍ നിന്നാണ് സുഹൃത്തുക്കളായ  മൂന്നു വിദ്യാര്‍ഥികള്‍ നാടുവിട്ടത്. 

Advertisment

വിദ്യാര്‍ഥികളെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരാവുകയും അഞ്ചല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, നടപടിക്രമത്തിന്റെ ഭാഗമായി അഞ്ചല്‍ പൊലീസ് സംഘം കോട്ടയം റെയില്‍വേ പൊലീസിനെ കുട്ടികളുടെ ചിത്രം സഹിതം വിവരം അറിയിച്ചു. 

റെയില്‍വേ എസ്.പി ബി.കൃഷ്ണകുമാറിന്റെ നിര്‍ദേശാനുസരണം റെയില്‍വേ പോലീസ് സംഘം പരിശോധനയും ശക്തമാക്കി. കേരളത്തിലെ എല്ലാ റെയില്‍വേ പോലീസ് സ്‌റ്റേഷനുകളും കുട്ടികള്‍ക്കായി അന്വേഷണവും ആരംഭിച്ചു.


 കുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയാണ് അന്വേഷണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് കോട്ടയത്ത് എത്തിയ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ കുട്ടികളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു റെയില്‍വേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തില്‍ ട്രെയിനില്‍ പരിശോധന നടത്തുകയും കുട്ടികളെ ട്രെയിനില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. 


ട്രെയിനിലെ ജനറല്‍ കോച്ചിലാണ് കുട്ടികള്‍ ഉണ്ടായിരുന്നത്. തുടര്‍ന്നു കൊല്ലം എസ്.പിയെ കോട്ടയം റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ നിന്നും വിവരം അറിയിക്കുകയും അഞ്ചല്‍ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുക്കുകയുമായിരുന്നു. കുഴിമന്തി കഴിക്കാനും നാട് ചുറ്റിക്കാണാന്‍ മദ്രാസിനു പോകുകയായിരുന്നുവെന്ന് കുട്ടികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 

റെയില്‍വേ പോലീസിന്റെ നിർണായക നീക്കമാണു കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്. കോട്ടയം റെയില്‍വേ പോലീസിനു നന്ദിയുമായി അഞ്ചല്‍ പോലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. 

പരിശോധനയില്‍ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എ.എസ്.ഐ സന്തോഷ് കെ.നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ അനു, ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ എസ്.സുനില്‍കുമാര്‍, ആര്‍.പി.എഫ് എസ്.ഐ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Advertisment