കോട്ടയം: കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്രാ ബസും സ്മാർട്ടാവുന്നു. ഇനി മൊബൈൽ ചാർജ് ചെയ്യാനും യാത്ര സുഖപ്രദമാക്കാൻ പുഷ്ബാക്ക് സീറ്റുകൾ ഉൾപ്പടെ കൊണ്ടു വരാനാണ് തീരുമാനം. ദീർഘദൂര യാത്ര നടത്തുമ്പോൾ മൊബൈൽ ചാർജിങ്ങ് സ്ലോട്ടുകളുടെ അഭാവം വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു.
ഇപ്പോൾ ചാർജ്ജ് ചെയ്യാൻ സൗകര്യം ലഭ്യമായിട്ടുള്ളത് പുതുതായി ഇറക്കിയ 24 ബസുകളിൽ മാത്രമാണ്. സാധാരണ സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകളാണ് നിലവിൽ ബജറ്റ് ടൂറിസം യാത്രകൾക്കും ഉപയോഗിച്ചിരുന്നത്. ഇത്തരം ബസുകളിൽ അധിക സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല.
ഇത് പലപ്പോഴും പരാതിക്ക് ഇടയാക്കിയിരുന്നു. എന്നാൽ, സർവീസുകൾ കോടികളുടെ ലാഭം ഉണ്ടാക്കിത്തുടങ്ങിയതോടെയാണ് കോർപറേഷൻ്റെ പഴയ വണ്ടികൾ നവീകരിച്ച് ഡീലക്സ് എയർ ബസുകളാക്കി നിരത്തിലിറക്കിയത്.
പുഷ്ബാക്ക് സീറ്റ്, മൊബൈൽ ചാർജിങ്ങ് പോയിന്റ് എന്നീ സൗകര്യങ്ങളോടു കൂടിയ എയർ സസ്പെൻഷൻ ബസുകളാണിവ. ഇത്തരത്തിൽ 24 ബസുകളാണ് കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രയ്ക്കായ് ഉപയോഗിക്കുന്നത്.
പുഷ്ബാക് സീറ്റില്ലെങ്കിലും മൊബൈൽ ചാർജ് ചെയ്യാനുള്ള സംവിധാനം മറ്റു ബസുകളിലും ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഒരു ദിവസത്തെ ട്രിപ്പാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്.
ഉല്ലാസ യാത്രക്കിടെ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുന്നതോടെ ചാർജ്ജ് വേഗം തീരുകയും ചെയ്യും. ഇതോടെ ഉല്ലാസയാത്ര പോകുന്നവർ പവർ ബാങ്ക് കൂടി വാങ്ങേണ്ട അവസ്ഥയാണ്.
2021ൽ കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബജറ്റ് ടൂറിസം സെല്ലുകൾ ഇപ്പോൾ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് സർവീസുകളാണ് നടത്തുന്നത്. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ചാൽ കൂടുതൽ ആളുകൾ ഉല്ലാസ യാത്രയുടെ ഭാഗമാകുമെന്നാണ് കെ.എസ് ആർ ടി.സിയുടെ പ്രതീക്ഷ.
ഓണക്കാലത്തെ അവധി ദിവസങ്ങൾ ലക്ഷ്യമിട്ട് ടൂർ പാക്കേജുകൾ കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി പേരാണ് ബുക്കിങ്ങ് നടത്തിയത്. ഓണത്തിന് 150 സർവീസുകളാണ് അധികമായി അനുവദിച്ചത്. എന്നാൽ പല ജില്ലകളിലും ഇതിനോടകം സീറ്റുകളെല്ലാം ബുക്കായെന്നാണ് വിവരം.
പൂര്‍വ്വവിദ്യാര്‍ത്ഥി സംഘം, കുടുംബശ്രീകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, എന്നിവര്‍ക്ക് 50 പേര് അടങ്ങുന്ന ഗ്രുപ്പുകളായി ബുക്ക് ചെയ്യാന്‍ ഉള്ള അവസരവും കെ.എസ്.ആർ.ടിസി വാഗ്ദാനം ചെയ്യുന്നുണ്ട്.