കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന സുപ്രധാന സമകാലിക വിഷയങ്ങളില്‍ വിവിധ രാഷ്ട്രീയ കക്ഷികളില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ ഒരേ വേദിയില്‍ അണിനിരത്തി പിന്തുണ ഉറപ്പാക്കി കെസിബിസി കര്‍ഷക സംഘടനയായ ഇന്‍ഫാം.
ഇന്‍ഫാം കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള പാറത്തോട് മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത 'ഇഎസ്എ വിടുതല്‍ സന്ധ്യയില്‍' പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 4 എം.പിമാരും 3 എം.എല്‍.എമാരും ഉള്‍പ്പെടെ 7 ജനപ്രതിനിധികള്‍ കര്‍ഷകപക്ഷം ചേര്‍ന്ന് ഇന്‍ഫാം നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
17 നു വൈകീട്ട് 7.30 നു ആരംഭിച്ച 'വിടുതല്‍ സന്ധ്യ' പുലര്‍ച്ചെ 12.15 വരെ നീണ്ടു നിന്നു. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉത്ഘാടനം ചെയ്ത പരിപാടിയില്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, മുതിര്‍ന്ന എല്‍.ഡി.എഫ് നേതാവ് ജോസ് കെ മാണി എംപി, ആന്‍റോ ആന്‍റണി എംപി, അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ഫ്രാന്‍സീസ് ജോര്‍ജ് എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, വാഴൂര്‍ സോമന്‍ എം.എല്‍.എ എന്നിവരാണ് പങ്കെടുത്തത്.
ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്കി. കര്‍ഷക രക്ഷയ്ക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
'വിടുതല്‍ സന്ധ്യ'യില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ജനപ്രതിനിധികള്‍ ഇഎസ്എ കരട് വിഞ്ജാപനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഇന്‍ഫാം സ്വീകരിക്കുന്ന നിലപാടുകള്‍ക്കൊപ്പം തങ്ങളും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയാണ് പിരിഞ്ഞത്.
3 ആവശ്യങ്ങള്‍ ഒരേ നിലപാട്
ഇഎസ്എ പരിധിയില്‍ നിന്ന് ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കുക, വന്യമൃഗ ആക്രമണത്തിനെതിരെ ശക്തവും കാര്യക്ഷമവുമായ നടപടികള്‍ സവീകരിക്കുക, ഏലമലക്കാടുകള്‍ പൂര്‍ണമായും റവന്യു വകുപ്പിന്റെ കീഴില്‍ നിലനിര്‍ത്തി കര്‍ഷകര്‍ക്ക് തടസങ്ങളില്ലാതെ കൃഷിനടത്തി തങ്ങളുടെ ജീവസന്ധാരണം ആര്‍ജിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ മൂന്നാവശ്യങ്ങളാണ് ഉത്ഘാടന പ്രസംഗത്തില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ വച്ചത്.
മൂന്ന് വിഷയങ്ങളുടെയും തല്‍സ്ഥിതിയും നിലവില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ഫാ. മറ്റമുണ്ടയില്‍ വിശദീകരിച്ചു. തുടര്‍ന്നു വിഷയത്തില്‍ വിശദമായ മറുപടി നല്കിയ ജനപ്രതിനിധികള്‍ ഇന്‍ഫാം ഉന്നയിച്ച പ്രശ്‌നങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം രാഷ്ട്രീയ ഭേദമെന്യേ ഒന്നിച്ചു നില്‍ക്കുമെന്ന് ഉറപ്പു നല്‍കി. പരിസ്ഥിതി ലോല പ്രദേശം വനത്തിനു പുറത്തേക്കല്ല, പകരം വനത്തിനുള്ളിലായി നിജപ്പെടുത്തണമെന്ന നിലപാടാണ് എല്ലാ ജനപ്രതിനിധികളും പങ്കുവച്ചത്.
കേരളം ഒപ്പമുണ്ടെന്ന് എന്‍. ജയരാജ്
മാറി മാറി വന്ന കേരള സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിനപ്പുറം ഇഎസ്എ വിഷയത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു.
വിഷയത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചിട്ടുണ്ട്. പൂര്‍ണമായും വനാതിര്‍ത്തിക്കുള്ളില്‍ ഇഎസ്എ മേഖല നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ജനപ്രതിനിധികള്‍ ഒറ്റ മനസോടെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫാമിനും തന്‍റെ പാര്‍ട്ടിക്കും ഒരേ നിലപാടെന്ന് ജോസ് കെ. മാണി
പലപ്പോഴും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കര്‍ഷകര്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇഎസ്എ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിലപാടേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കൂ എന്നും ജോസ് കെ. മാണി എംപി പറഞ്ഞു.
ഇതിനായുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ ഇന്‍ഫാം സ്വീകരിച്ചിട്ടുള്ള അതേ നിലപാടാണ് കേരള കോണ്‍ഗ്രസ്- എമ്മിനുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏലമലക്കാടുകള്‍ റവന്യു വകുപ്പില്‍ നിലനിര്‍ത്തണമെന്ന് ആന്റോ ആന്റണി
ഒരിഞ്ചു ഭൂമി പോലും വനത്തിനു പുറത്തേക്ക് ഇറക്കരുതെന്ന വാദത്തില്‍ കേരളം ഉറച്ചു നില്‍ക്കണമെന്ന് ആന്‍റോ ആന്‍റണി എംപി പറഞ്ഞു. ഒരു കാരണവശാലും ഏലമലക്കാടുകള്‍ വനംവകുപ്പിന്റെ കീഴിലേക്ക് വിട്ടുകൊടുക്കുവാന്‍ പാടില്ല.
കാരണം ഏലമലക്കാടുകള്‍ക്കുള്ള പട്ടയം കൊടുത്തിരിക്കുന്നത് റവന്യു വകുപ്പാണ്. അത് ഏക വകുപ്പിന്റെ കീഴിലാണെങ്കില്‍ റവന്യു വകുപ്പില്‍ തന്നെ നിലനിര്‍ത്തണം. അതല്ലെങ്കില്‍ വനം വകുപ്പും റവന്യു വകുപ്പും സംയുക്തമായി തുടരണമെന്ന ഇന്‍ഫാമിന്റെ നിര്‍ദേശത്തെ പൂര്‍ണമായി പിന്താങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചപോലും ആദ്യമെന്ന് ഡീന്‍ കുര്യാക്കോസ്
സിഎച്ച്ആര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും 10 വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും തുറന്നടിച്ച ഡീന്‍ കുര്യാക്കോസ് എംപി സര്‍ക്കാരിനെ ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ കഴിയുന്ന ശക്തമായ സംഘടനയാണ് ഇന്‍ഫാം എന്ന് പറഞ്ഞു.
ഇഎസ്എ വിഷയത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഗൗരവമേറിയ ചര്‍ച്ച നടക്കുന്നത്. സര്‍ക്കാര്‍പോലും ഇക്കാര്യത്തില്‍ വ്യക്തതയോടുകൂടിയ ഒരു ചര്‍ച്ച നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇന്‍ഫാം ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തതിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഡീന്‍ കുര്യാക്കോസിന്‍റെ പ്രസംഗം.
വന്യമൃഗങ്ങള്‍ പെരുകുന്നത് തടയണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അതിനെ വേട്ടയാടാന്‍ വിദേശരാജ്യങ്ങളില്‍ അനുമതി നല്‍കാറുണ്ടെന്നത് ചൂണ്ടിക്കാട്ടി കണക്കില്‍ കവിഞ്ഞ് വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അതിനെ നിര്‍മാര്‍ജനം ചെയ്യുകയെന്ന മാര്‍ഗം നമ്മുടെ നാട്ടിലും നടപ്പിലാക്കണമെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എംപി പറഞ്ഞു.
ഇതിനായി വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടില്‍ നിയമഭേഗതി വരുത്തണം. ബഫര്‍ സോണ്‍ വനത്തിനു പുറത്തേക്ക് ഒരു കിലോമീറ്റര്‍ എന്നത് മാറ്റി വനത്തിനുള്ളിലേക്ക് ആക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ ഭൂമിയെ ദുര്‍ബലപ്പെടുത്തുന്നവരല്ലെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
ജനവാസമേഖലകള്‍ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണ് എല്ലാവരുടെയും നിലപാടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു.
കര്‍ഷകരാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇവര്‍ ഒരുതരത്തിലും ഭൂമിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ നടത്തുന്നവരല്ല. ഇത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏലമലക്കാടുകള്‍ റവന്യു ഭൂമിയെന്ന് വാഴൂര്‍ സോമന്‍
ഏലമലക്കാടുകള്‍ റവന്യു ഭൂമി തന്നെയാണെന്നും അക്കാര്യത്തില്‍ യാതൊരു ആശങ്കയ്ക്കും വകയില്ലെന്നും വാഴൂര്‍ സോമന്‍ എഎല്‍എ പറഞ്ഞു. മരം സംരക്ഷിക്കാനാണ് വനം വകുപ്പിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ സ്ഥാപിക്കുന്ന ഫെന്‍സിംഗിനും മറ്റും വലിയ ഫണ്ട് വേണം. അതിന് ലോക ബാങ്കില്‍ നിന്നോ മറ്റോ ഫണ്ട് ലഭ്യമാക്കണം. ഇല്ലെങ്കില്‍ വന്യമൃഗ ശല്യത്തിന് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.