കോട്ടയം: വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയ കേരളത്തില്‍ സംരംഭകര്‍ക്കു രക്ഷയില്ല.
വന്‍കിട വ്യവസായികള്‍ മുതല്‍ ചെറിയ തട്ടുകടക്കാര്‍ വരെ സി.പി.എം. പ്രവര്‍ത്തകരുടെ "വെട്ടുകിളി" മോഡല്‍ ആക്രമണത്തിന് ഇരയാവുന്നുണ്ട്.
സംരംഭകരെ അപമാനിച്ചും ഭീഷണിപ്പെടുത്തിയുമെക്കെ ഉപദ്രവിക്കുമ്പോള്‍ നാട്ടില്‍ വ്യവസായം അവസാനിപ്പിച്ചു വിദേശ രാജ്യങ്ങളിലേക്കു കുടിയേറുകയോ നാട്ടില്‍ കടക്കെണിയിലാവുകയോ ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
2019 ജൂണ്‍ 18 ന് ആന്തൂരിലെ വ്യവസായ സംരംഭകന്‍ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതും എഴുത്തുകാരന്‍ കെ. തായാട്ടിന്റെ മകന്‍ രാജ് കബീറും ഭാര്യയും കൂടി വ്യവസായ പാര്‍ക്കില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ സംരംഭം അവസാനിപ്പിച്ചു നാടുവിടേണ്ടി വന്ന സാഹചര്യവുമെല്ലാം സി.പി.എം നേതാക്കുടെ ശല്യത്തെ തുടര്‍ന്നായിരുന്നു.
ചേര്‍ത്തലയില്‍ വീടുപണിക്കു തടസമാകുന്ന തരത്തില്‍ വഴിയടച്ച് സി.പി.എം. കൊടിയും കൊടിമരവും സ്ഥാപിച്ചത് ഒടുവിൽ സഹികെട്ട് സ്ത്രീകള്‍ ചേര്‍ന്നു പിഴുതുമാറ്റേണ്ടി വന്നു. സ്ത്രീകളെ തടയാന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകരുമെത്തിയത് സംഘര്‍ഷത്തിനിടയാക്കിയതൊന്നും മലയാളികള്‍ മറന്നിട്ടില്ല.
ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ ചെറുതും വലുതുമായാ ഇത്തരം നിരവധി സംഭവങ്ങളാണ് സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയത്.
കാലം മാറിയിട്ടും സി.പി.എം മാറിയില്ലെന്നതിന് തെളിവാണ് ഒടുവില്‍ പുറത്തു വരുന്നത്.
വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ടുകടയിലെത്തി രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ആക്രമിച്ചിച്ചു പരുക്കേല്‍പ്പിച്ചിരുന്നു.
തട്ടുകടയില്‍ എന്തൊക്കെ സാധനങ്ങളാണ് കഴിക്കാനുള്ളതെന്ന് വ്യക്തമാക്കി റോഡരികില്‍ ഒരു ബോര്‍ഡ് വച്ചിരുന്നു. ഈ ബോര്‍ഡ് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടാണ് ശശി ഇവിടെയെത്തുന്നത്.
തുടര്‍ന്ന് കടയുടമയായ ഗീത, മരുമകള്‍, ചെറുമകന്‍ എന്നിവരെ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പരാതിയെ തുടർന്ന് ശശി അറസ്റ്റിലാവുകയും ചെയ്തു.
പത്തനംതിട്ടയില്‍ ഒരു യുവ സംരംഭകനെ സി.പി.എം. പ്രവർത്തകർ അപമാനിച്ചതും ദിവസങ്ങള്‍ക്കു മുന്‍പാണ്.
ഇതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പത്തനംതിട്ട മെഴുവേലി കുറിയാനി പള്ളിയിലാണ് സംഭവം. 'ഇമ്മാനുവല്‍ വോയ്‌സ് ആന്‍ഡ് ഇവന്റ്‌സ്' എന്ന പേരില്‍ സൗണ്ട് സിസ്റ്റം സ്ഥാപനം നടത്തുന്ന ജിന്‍സന്‍ സാമിനാണ് ദുരനുഭവമുണ്ടായത്.
ജിന്‍സന്റെ കടക്ക് മുമ്പില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതോടെ കടയിലേക്കു വാഹനങ്ങള്‍ കയറ്റാന്‍ പറ്റാതെ വന്നു. തുടര്‍ന്ന് ജിന്‍സണ്‍ ഫ്‌ലക്‌സ് ബോര്‍ഡ് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഇവിടെ നിന്ന് ആരോ എടുത്ത് സമീപത്തെ പുരിയിടത്തിലേക്കു വലിച്ചെറിയുകയും ചെയ്തു. എന്നാൽ ഇതു ചെയ്തത് ജിൻസൻ ആണെന്ന് ആരോപിച്ച് സി.പി.എം. പ്രവർത്തകർ രംഗത്തു വന്നു.
തുടർന്ന് യുവസംരംഭകനെ ഭീഷണിപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോർഡ് പുനസ്ഥാപിപ്പിക്കുകയും ചെയ്തു. പോലീസിന്റെ സാന്നിധ്യത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡ് പുനഃസ്ഥാപിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫ്‌ലക്‌സ് ബോര്‍ഡ് അഴിച്ച ജിന്‍സന്‍ തന്നെ പുനഃസ്ഥാപിപ്പിക്കണമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പോലീസിന്റെയും മുമ്പില്‍വച്ച് ജിന്‍സന്‍ കടയുടെ മുമ്പിലെ പോസ്റ്റില്‍ ബോര്‍ഡ് പുനഃസ്ഥാപിച്ചു.
സ്ഥാപിച്ച ബോര്‍ഡിന് ചെരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിന്‍സനെ കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീണ്ടും തകരാര്‍ പരിഹരിപ്പിച്ച ശേഷമാണ് വിട്ടത്. ഫ്‌ലക്‌സ് പുനഃസ്ഥാപിച്ചതിന് പിന്നാലെ മുദ്രാവാക്യം വിളിച്ചാണ് സി.പി.എം പ്രവര്‍ത്തകര്‍ സംതൃപ്തിയോടെ പ്രദേശത്ത് നിന്ന് മടങ്ങിപ്പോയത്.
ഫ്‌ലക്‌സ് ബോര്‍ഡിന്റെ പേരില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് പോലീസിനെ വിളിച്ചുവരുത്തിയതെന്ന് സി.പി.എം നേതൃത്വം വിശദീകരണം. പ്രശ്‌നം സമാധാനപരമായാണ് പരിഹരിച്ചത്. ബോര്‍ഡ് പഴയ സ്ഥലത്ത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ധിക്കാരത്തോടെ ജിന്‍സന്‍ സംസാരിച്ചതെന്നുമാണ് നേതാക്കളുടെ വാദം.
നാട്ടില്‍ സംരഭങ്ങള്‍ മുടക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരളം ഭരിക്കുന്ന ഇടതു മുന്നണിയിലെ ലീഡര്‍ പാര്‍ട്ടിയായ സി.പി.എമ്മാണെന്നതാണ് ഏറെ ദുഖകരമായ വസ്തുത.