കോട്ടയം: നെഹ്‌റു ട്രോഫിക്കു ഒരുങ്ങി പുന്നമട, കലാശക്കൊട്ടിനു മുന്‍പുള്ള വിശ്രമത്തില്‍ ചുണ്ടന്‍ വള്ളത്തില്‍. വെള്ളം തൊടാതെ വള്ളം പറപ്പിക്കാന്‍ മുമ്പ് പച്ചമുട്ടയും ഗ്രീസുമൊക്കെ തേച്ചുടിപ്പിച്ചാണു വള്ളം സജ്ജമാക്കിയിരുന്നതെങ്കില്‍ സ്ലീക്ക് അടിച്ചാണ് ഇപ്പോള്‍ ഒരുക്കം.
കരക്ക് കയറ്റിയ വള്ളത്തിനു പരമാവധി ഉണക്ക് കൊടുത്തു ജലാംശം പൂര്‍ണമായും നീക്കിയശേഷമാണു തടിയില്‍ ഒരു തുള്ളി വെള്ളം പോലും പിടിക്കാത്ത സ്ലീക്ക് അടിക്കുന്നത്. വിദഗ്ദ്ധരായ പെയിന്റര്‍മാരുടെ പ്രഫഷനല്‍ സംഘം ഇതിനായി രംഗത്തുണ്ട്.
ഇത്തവണ കറുപ്പ്, തടിനിറം എന്നിവയിലൊരു നിറത്തില്‍ മാത്രമേ വള്ളങ്ങള്‍ പങ്കെടുപ്പിക്കൂ എന്നതിനാല്‍ ചില വള്ളങ്ങള്‍ക്കു പെയിന്റും ചെയ്യേണ്ടതുണ്ട്.
മറ്റുള്ള വള്ളംകളികള്‍ക്കിറങ്ങുന്ന പോലെയല്ല നെഹ്‌റു ട്രോഫി. അതിനിറങ്ങുമ്പോള്‍ വള്ളങ്ങള്‍ വെള്ളത്തില്‍ തെന്നിനീങ്ങിയാല്‍ പോര, പറക്കണം. അതിനുള്ള തയാറെടുപ്പാണ് ഈ ഒരുങ്ങല്‍. വെള്ളത്തില്‍ നിന്നുള്ള ഘര്‍ഷണം ഒഴിവാക്കുകയാണു പോളിഷും പെയിന്റും അടിക്കുന്നതിന്റെ ഉദ്ദേശം.
ഒരു ചെറിയ മുഴ പോലുമില്ലാതെ പോളിഷ് ചെയ്തു സുന്ദരക്കുട്ടപ്പനാക്കിയ വള്ളം ജലപ്പരപ്പില്‍ തെന്നി നീങ്ങും. പരിശീലന സമയത്തു ട്രാക്കില്‍ 5 മിനിറ്റില്‍ ഫിനിഷ് ചെയ്യുന്ന വള്ളം പോളിഷ് ചെയ്തു പെയിന്‍റടിച്ചിറക്കിയാല്‍ 5 - 10 സെക്കന്‍ഡ് നേരത്തെ ഫിനിഷ് ചെയ്യും.
വള്ളം മാത്രമല്ല, തുഴകളും ഉരക്കടലാസ് ഉപയോഗിച്ചു മിനുക്കി പോളിഷ് അടിക്കും. പോളിഷിനും അത് അടിക്കുന്നതിനുമായി വന്‍ തുകയാണു ക്ലബുകള്‍ ചെലവിടുന്നത്.
മത്സരത്തിനുള്ള ചുണ്ടന്‍ വള്ളങ്ങളെല്ലാം തീവ്രപരിശീലനം പൂര്‍ത്തിയാക്കി കരക്ക് വിശ്രമത്തിലാണ്. ചില വള്ളങ്ങൾ പുന്നമടയിൽ എത്തി പരിശീലനം നടത്തുന്നുണ്ട്. പരിചരണവും കായിക പരിശീലനവുമായി തുഴച്ചിലുകാരും വള്ളപ്പുരകളോട് ചേര്‍ന്നുണ്ട്.
കളിദിവസമായ നാളെ രാവിലെയാണ് ഇനി ആഘോഷമായ നീറ്റിലിറക്കല്‍. തുടര്‍ന്ന് ദേവാലയ ദര്‍ശനവും കഴിഞ്ഞ് പ്രാര്‍ഥനയോടെ പുന്നമടയിലെ അങ്കത്തട്ടിലേക്കു പുറപ്പെടും. ഇക്കുറി 19 ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയില്‍ മത്സരിക്കുക.