കോട്ടയം: ഓട്ടത്തിനിടെ തകരാറിലാവുന്ന കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം വര്‍ധിക്കുന്നു. കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി 17 വര്‍ഷമായി ദീര്‍ഘിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പുതിയ ബസുകള്‍ എത്തില്ലെന്നുറപ്പായി.
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ ഉള്‍പ്പടെ ഓട്ടത്തിനിടെ തകരാറിലാവുന്നതു പതിവാണ്. കൃത്യമായ അറ്റകുറ്റപ്പണി നടത്താതു പലതിന്റെയും കാലാവധികഴിഞ്ഞതുമാണു തകരാറിലാകുന്നതിന്റെ പ്രധാന കാരണം.
15 വര്‍ഷത്തെ കാലാവധി പിന്നിട്ട 1117 ബസുകളാണു കെഎസ്എസ്ആര്‍ടിസിക്കുള്ളത്. ബാക്കിയുള്ള ബസുകളില്‍ പത്തും പന്ത്രണ്ടും വര്‍ഷം കഴിഞ്ഞവയാണ് ഏറെയും. ഈ ബസുകള്‍ നിരന്തരം വഴിയില്‍കിടക്കുന്നതിനോടൊപ്പം യാത്രക്കാര്‍ക്കു കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഉള്‍പ്പടെ പരിതാപകരമായ അവരസ്ഥയിലാണു സവാരി നടത്തുന്നത്. പുതിയതായി ഗ്രാമീണ സര്‍വീസുകള്‍ നടത്താന്‍ മിനിബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു.
ഇതുമാത്രമാണു യാത്രക്കാര്‍ക്കു പ്രതീക്ഷ നല്‍കുന്നത്. അപ്പോഴും ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന പഴഞ്ചന്‍ ബസുകളുടെ സുരക്ഷ സംബന്ധിച്ചു കെഎസ്ആര്‍ടിസി മറുപടി പറയുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയപ്രകാരം സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് 15 വര്‍ഷമാണു കാലാവധി. ഇതോടെ 1117 ബസുകള്‍ ഈ മാസത്തോടെ നിരത്തില്‍നിന്നു പിന്‍വലിക്കണമായിരുന്നു. ഇതു നടപ്പാക്കിയാല്‍ ഉണ്ടാകുന്ന സാമ്പത്തിക, ഗതാഗത പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചത്.
നേരത്തേ കോവിഡിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കാലാവധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചിരുന്നു. ഇക്കാര്യംകൂടി ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി സിഎംഡി സര്‍ക്കാരിനെ സമീപിച്ചത്.
പൊതുനിരത്തില്‍നിന്ന് ഇത്രയധികം ബസുകള്‍ പിന്‍വലിക്കേണ്ടിവരുന്നത് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുമെന്നു വിലയിരുത്തിയാണു സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയത്.
അതേ സമയം, കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹന്‍ സോഫ്റ്റ്‌വെയറിൽ ഇതുസംബന്ധിച്ചു മാറ്റംവരുത്താന്‍ കഴിയാത്തതിനാല്‍ ഈ വാഹനങ്ങളുടെ സേവനങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാവില്ല.
കാലപ്പഴക്കം ചെന്ന ബസുകള്‍ക്കൊപ്പം കഴിഞ്ഞവര്‍ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്‌സ് ബസുകളും പതിവായി കേടാകുന്നു എന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച സംശയം ഉയര്‍ത്തുന്ന രീതിയിലാണു ബ്രേക്ക്ഡൗണ്‍ നിരക്ക്.
മിക്ക ബസുകള്‍ക്കും ഒരേ തകരാറാണുണ്ടാകുന്നത്. അറ്റകുറ്റപ്പണി പുറത്തിറക്കി ഒരാഴ്ച പിന്നിടുമ്പോള്‍ അതേ തകരാര്‍ വീണ്ടും ഉണ്ടാകുന്നതും തലവേദനയാണ്.