കോട്ടയം: ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷം നാല്, പലഘട്ടങ്ങളിലായി മുടക്കിയത് 3.10 കോടി എന്നിട്ടും ഇന്നും തുറന്നു പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയിലാണ് കോട്ടയം നഗരസഭയുടെ കീഴിലുള്ള ആധുനിക അറവുശാല. ഒടുവില്‍ ഹൈക്കാടതി ഇടപെട്ടിട്ടുപോലും രക്ഷയില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നാലു വര്‍ഷം മുന്‍പു സ്ഥാപിച്ച ഉപകരണങ്ങള്‍ എല്ലാം ഇതിനോടകം തന്നെ തുരുമ്പെടുത്തു നശിച്ചു കഴിഞ്ഞു. ഇനി തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ വീണ്ടും വൻ തുക മുടക്കേണ്ട അവസ്ഥയിലാണ്.
നഗരസഭയുടെ ആധുനിക അറവുശാല എന്നു തുറന്നു പ്രവര്‍ത്തിക്കുമെന്നു വ്യക്തമായ മറുപടി നല്‍കാന്‍ നഗരസഭാ സെക്രട്ടറിയ്ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നവംബര്‍ നാലിനു മുമ്പു മറുപടി നല്‍കിയില്ലെങ്കില്‍ നാലിനു രാവിലെ 10.15 സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരകണമെന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവിട്ടിരുന്നു.
നഗരസഭയുടെ അറവുശാല തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരേ ഓള്‍ ഇന്ത്യ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നുള്ള തുടര്‍ നടപടികളുടെ ഭാഗമായാണു നിര്‍ദേശം.
പതിറ്റാണ്ടുകളുടെ ആലോചനയ്ക്കൊടുവില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും നാലു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്ത അറവു ശാല ഇതുവരെയും തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. ഇതിനെതിരേയാണ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
ഇതേത്തുടര്‍ന്ന്, അറവുശാല എന്നു തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്നു 15 ദിവസത്തിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ജൂണ്‍ 16ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവു പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ അന്ത്യശാസനമുണ്ടായിരിക്കുന്നത്.
പല ഘട്ടങ്ങളിലായി 3.10 കോടി രൂപ മുടക്കിയാണ് ആധുനിക അറവുശാലയുടെ നിര്‍മാണം നഗരസഭ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തിയെങ്കിലും ഒരു മൃഗത്തെ പോലും അറുക്കാനായില്ല.
മാലിന്യം സംസ്‌കരണ പ്ലാന്റ് ഉള്‍പ്പെടെയുള്ളവയുടെ അഭാവത്താല്‍ പ്ലാന്റ അടഞ്ഞു കിടക്കുകയായിരുന്നു. ആധുനിക അറവുശാലയെന്നാണു പേരെങ്കിലും കാലഹരണപ്പെട്ട സംവിധാനമാണ് എത്തിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മാത്രമല്ല, ഇവയില്‍ പലതും തുരുമ്പെടുത്തു നശിക്കുകയും ചെയ്തു.