ആവര്‍ത്തിക്കുന്ന 'ദുരഭിമാനക്കൊല'. ആദ്യത്തേതു കെവിന്‍.. പിന്നാലെ നിരവധിപേര്‍. കൊലപാതകങ്ങള്‍ പരിഷ്‌കൃത സമൂഹമാണെന്ന മലയാളി ബോധത്തിനേറ്റ തിരിച്ചടി !

മലയാളികള്‍ പരിഷ്‌കൃത സമൂഹമാണെന്ന ധാരണകള്‍ക്ക് ഏറ്റ തിരിച്ചടിയാണു ഇത്തരം കേസുകള്‍ ആവര്‍ത്തിക്കുന്നത്. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല ഏതാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതായി അറിവില്ല. കൊല്ലും കൊലയും മുന്‍പു പണ്ടുകാലം മുതല്‍ സജീവായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
athira kevin aneesh arun kumar
Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: പാലക്കാട് തേങ്കുറിശി ദുരഭിമാനക്കൊലക്കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിക്കുന്നതു കാത്തിരിക്കുകയാണു കേരളം. തേങ്കുറുശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസില്‍ ഭാര്യ ഹരിതയുടെ പിതാവ് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), അമ്മാവന്‍ ചെറുതുപ്പല്ലൂര്‍ സുരേഷ് (45) എന്നിവരെ കുറ്റക്കാരെന്നു പാലക്കാട് ജില്ല ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കുറ്റവാളികള്‍ക്കു വധശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

മലയാളികള്‍ പരിഷ്‌കൃത സമൂഹമാണെന്ന ധാരണകള്‍ക്ക് ഏറ്റ തിരിച്ചടിയാണു ഇത്തരം കേസുകള്‍ ആവര്‍ത്തിക്കുന്നത്. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല ഏതാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതായി അറിവില്ല. കൊല്ലും കൊലയും മുന്‍പു പണ്ടുകാലം മുതല്‍ സജീവായിരുന്നു.


കേരളം രൂപീകൃതമായതിനു ശേഷം ദുരഭിമാനത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും 'ദുരഭിമാനക്കൊല' എന്ന വാക്കു ചേര്‍ത്തിരുന്നില്ല. ദുരഭിമാനക്കൊല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളും പിന്നീട് തെളിവില്ലാതെ പ്രതികൾ രക്ഷപെടുന്നതും കേരളം കണ്ടതാണ്.


ആദ്യത്തെ ഇര കെവിന്‍

കോടതിയടക്കം ദുരഭിമാനക്കൊല എന്നു വിലയിരുത്തിയ ആദ്യ സംഭവം കോട്ടയത്തെ കെവിന്‍ കൊലക്കേസാണ്. 2018 മെയ് 27 ന് ഇരുപത്തിമൂന്നാം വയസിലാണ് കെവിന്‍ കൊല്ലപ്പെടുന്നത്.


കോട്ടയം മാന്നാനത്തുള്ള ദളിത് ക്രൈസ്തവ കുടുംബത്തിലുള്ള കെവിനും പത്തനംതിട്ട സ്വദേശിനി നീനുവും തമ്മിലുള്ള പ്രണയവും വിവാഹവുമാണു കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.


നീനുവിന്റെ വീട്ടുകാര്‍ തന്നെയായിരുന്നു കൊലപാതകം നടത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പിതാവും സഹോദരനും തന്റെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു എന്ന് നീനു കോടതിയില്‍ പറഞ്ഞത്.

kevin-2

സംഭവം ദുരഭിമാന കൊലപാതകം തന്നെയെന്നു നിരീക്ഷിച്ച കോടതി 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു വിധിച്ചു. പ്രതികളുടെ പ്രായം പരിഗണിച്ചാണു വധശിക്ഷ ഒഴിവാക്കിയത്. കുറ്റക്കാരല്ലെന്നു കണ്ടു നീനുവിന്റെ പിതാവടക്കം 4 പേരെ കോടതി വെറുതെ വിട്ടിരുന്നു.

സ്വന്തം പിതാവിനാല്‍ കൊല ചെയ്യപ്പെട്ട ആതിര


പിന്നീട് നടന്ന ദുരഭിമാനകൊല മലപ്പുറം അരീക്കോട് ദളിത് യുവാവിനെ വിവാഹം കഴിച്ചതിനു സ്വന്തം പിതാവിനാല്‍ കൊല ചെയ്യപ്പെട്ട ആതിരയുടേതായിരുന്നു. 2018 മാര്‍ച്ച് 22 നായിരുന്നു ആതിര വീട്ടില്‍ കുത്തേറ്റു മരിച്ചത്.


മഞ്ചേരി മെഡിക്കല്‍ കോളജിലെ ജീവനക്കാരിയായിരുന്ന ആതിര. ഇതര ജാതിയില്‍പ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പിതാവ് രാജന്‍ മകളുമായി തര്‍ക്കത്തിലാവുകയും തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലെത്തുകയും ചെയ്തു.

athira

തുടര്‍ന്ന് ബന്ധുക്കളും പോലീസും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും യുവാവുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. 2018 മാര്‍ച്ച് 23 നായിരുന്ന വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ 22 ന് മദ്യപിച്ചെത്തിയ രാജന്‍ മകളുടെ വിവാഹ വസ്ത്രമടക്കം കത്തിക്കുകയും അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ അമ്മ,സഹോദരന്‍, അമ്മാവന്‍ എന്നിവര്‍ പ്രതിക്ക് അനുകൂലമായി കൂറു മാറി. ഇതും സംശത്തിന്റെ ആനുകൂല്യവും നല്‍കി പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു.

തേങ്കുറിശിയില്‍ ദാരുണമായി കൊല്ലപ്പെട്ട അനീഷ്

പരമ്പരയില്‍ അടുത്തതാണു പാലക്കാട്ട് തേങ്കുറിശിയില്‍ നടന്ന അനീഷിന്റെ കൊല. 2020 ഡിസംബര്‍ 25ന് വൈകിട്ട് ആറോടെ മാനാംകുളമ്പ് സ്‌കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്.


തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞു മൂന്നു മാസം തികയവേ ആയിരുന്നു കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമായത്.


കോയമ്പത്തൂരില്‍നിന്ന് വിവാഹാലോചന വന്നതിന്റെ പിറ്റേന്നാണു ഹരിതയും അനീഷും വീട്ടുകാരറിയാതെ വിവാഹിതരായത്. തുടര്‍ന്ന് പിതാവ് പ്രഭുകുമാര്‍ കുഴല്‍മന്ദം സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് ഹരിത അറിയിച്ചു.

anish-2

സ്‌റ്റേഷനില്‍നിന്നിറങ്ങവെ 90 ദിവസത്തിനകം തന്നെ വകവരുത്തുമെന്നു പ്രഭുകുമാര്‍ അനീഷിനോട് പറഞ്ഞിരുന്നു. പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ പിതാവ് ആറുമുഖന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പിതാവ് വിഷം നല്‍കി കൊലപ്പെടുത്തയ പതിനാലുകാരി

2023 നവംബറില്‍ ആലുവയില്‍ പിതാവ് വിഷം നല്‍കി മകളെ കൊലപ്പെടുത്തിയിരുന്നു. അന്യമതസ്ഥനെ പ്രണയിച്ചതിന് ആയിരുന്നു 14 കാരിയായ മകളെ കൊല്ലാന്‍ പിതാവ് അബീസ് വിഷം നല്‍കിയത്.


ആലുവ ആലങ്ങാടാണു ക്രൂരമായ ദുരഭിമാന കൊല നടന്നത്. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലി ചതച്ച ശേഷം കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിക്കുകയായിരുന്നു.


സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണത്തിലാണെന്ന് അറിഞ്ഞതിനു പിന്നാലെയാണു പിതാവിന്റെ ക്രൂരത. പ്രണയ ബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞു ഫോണ്‍ പിടിച്ചു വാങ്ങിവച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ആണ്‍കുട്ടിയുമായുള്ള ബന്ധം തുടരുകയായിരുന്നു.

ഇത് അറിഞ്ഞതോടെയാണു പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പിതാവ് ശ്രമിച്ചത്. വിഷം കുടിപ്പിക്കാന്‍ ശ്രമിച്ചശേഷം പിതാവ് തന്നെയാണു പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുപ്പിയുടെ അടപ്പ് കടിച്ചുതുറക്കാന്‍ ശ്രമിച്ചപ്പോള്‍ വിഷം വായില്‍ ആയെന്നാണു പിതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

എന്നാല്‍ തന്റെ വായിലേക്കു ബലമായി വിഷം ഒഴിവാക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി പറഞ്ഞതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചത്. പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍വെച്ചു മരണപ്പെടുകയായിരുന്നു.

മകളുടെ സുഹൃത്തിനെ കുത്തി വീഴ്ത്തിയ പിതാവ്

കഴിഞ്ഞ സെപറ്റംബറില്‍ കൊല്ലം ഇരട്ടക്കടയില്‍ മകളുടെ സുഹൃത്തായ 19 കാരനെ കുത്തി കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊല എന്ന് ആരോപിച്ചു കൊല്ലപ്പെട്ട അരുണിന്റെ കുടുംബം രംഗത്തു വന്നിരുന്നു.

arunkumar


ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍കുമാര്‍ ആണു കൊല്ലപ്പെട്ടത്. രണ്ടു സമുദായമായതുകൊണ്ടാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രസാദ് ഇരുവരുടെയും ബന്ധത്തെ എതിര്‍ത്തതെന്നാണു ബന്ധുക്കള്‍ ആരോപിച്ചത്.


കൃത്യമായ ആസൂത്രണത്തോടെയാണ് അരുണിനെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് പ്രസാദ് അരുണിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണം ഉയരുകയും ചെയ്തു. പക്ഷേ, കൊല്ലത്തേത് ദുരഭിമാനകൊലയല്ലെന്നും പ്രതി മദ്യലഹരിലായിരുന്നു എന്നാണു പോലീസ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തത്.

Advertisment