കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ സ്‌ഫോടകവസ്തു നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ ഇളവ് അനുവദിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷയ്ക്കു തിരിച്ചടിയാകുമോ നീലേശ്വരം ദുരന്തം ? വെടിക്കെട്ടല്ല ജനങ്ങളുടെ സുരക്ഷയാണു മുഖ്യമെന്ന നിലപാട് കൂടി കേന്ദ്രം സീകരിച്ചാല്‍ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വെടിക്കെട്ട് ഉള്‍പ്പടെ മുടങ്ങും.
ഒക്ടോബര്‍ 11നു കേന്ദ്രം കൊണ്ടു വന്ന ചട്ടഭേദഗതി നടപ്പായാല്‍ സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്നു പ്രയോഗം നിലയ്ക്കുന്ന സ്ഥിതിയാകുമെന്നതില്‍ മന്ത്രിസഭായോഗം ഉത്കണ്ഠ പ്രകടിപ്പിക്കുകയും ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിനു മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിനു കത്തയക്കാനും തീരുമാനിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിനു കനത്ത തിരിച്ചടിയായി നീലേശ്വരം അപകടം മാറും. ക്ഷേത്രത്തില്‍ വെടിക്കെട്ടു നടത്താന്‍ അനുമതിയുണ്ടായിരുന്നില്ലെന്നു കാസര്‍കോട് കലക്ടര്‍ കെ. ഇമ്പശേഖര്‍ വ്യക്തമാക്കി.
അപകടത്തില്‍ 154 പേര്‍ക്കു പരുക്കേറ്റിരുന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്‌ഫോടകവസ്തു നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം കടുത്ത നിയമ ലംഘനങ്ങളാണു നീലേശ്വരത്തു നടന്നത്.
വെടിക്കെട്ടു പുരയില്‍നിന്ന് 200 മീറ്റര്‍ അകലെയാകണം വെടിക്കെട്ടു നടത്താനെന്നാണു പ്രധാന ഭേദഗതി. 2008ല്‍ നിലവില്‍വന്ന നിയമപ്രകാരം ഇത് 45 മീറ്ററായിരുന്നു. പൂരം വെടിക്കെട്ടിന് 100 മീറ്റര്‍ ദൂരെ കാണികളെ അനുവദിച്ചിരുന്നു.
145 മീറ്റര്‍ അകലെ നില്‍ക്കല്‍തന്നെ ഇപ്പോള്‍ പ്രയാസം. ഇനി അതും പറ്റില്ല. വെടിക്കെട്ട് പുരയില്‍നിന്ന് 300 മീറ്റര്‍ അകലെ നില്‍ക്കണം. ഇതു തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചു നടക്കേണ്ട വെടിക്കെട്ടിനെയും ഗുരുതരമായി ബാധിക്കും.
അങ്ങനെയെങ്കില്‍ തേക്കിന്‍കാട് മൈതാനവും സ്വരാജ് റൗണ്ടും കടന്നു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമോ എം.ജി റോഡില്‍ കോട്ടപ്പുറം പാലത്തിനു സമീപമോ നില്‍ക്കേണ്ടി വരും. നിറയെ കെട്ടിടങ്ങളുള്ള ഇവിടങ്ങളില്‍നിന്നു വെടിക്കെട്ടു കാണല്‍ അസാധ്യം. മാത്രമല്ല വെടിക്കെട്ടിനും പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും.
ഇത്തവണ പൂരത്തിനു കേന്ദ്ര നിയമപ്രകാരം 100 മീറ്റര്‍ അകലെനിന്നു വെടിക്കെട്ടു കാണുന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണു പുതിയ ഭേതഗതിക്കു വഴിവെച്ചത്.
അതേ സമയം കേന്ദ്ര നിയമം ജനങ്ങളുടെ സുരക്ഷയെക്കരുതിയുള്ളതാണെന്ന വാദത്തിനു ശക്തിപകരുന്നതാണു പുതിയ സംഭവ വികാസങ്ങള്‍. ആയിരക്കണക്കിനു ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നതാണു തൃശൂര്‍ പൂരത്തിനുള്ളള്‍പ്പടെ നടക്കുന്ന വന്‍ കിരമരുന്നു പ്രയോഗങ്ങള്‍. ഇവ പരിസ്ഥിതിക്കും ഗുരുതര ദേഷകരമാണെന്ന വാദം ശക്തമാണ്.