/sathyam/media/media_files/2024/10/30/A1cY38Wx596LsE6fG9p6.jpg)
ചങ്ങനാശേരി: അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനും അഞ്ചാമതു മെത്രാപ്പോലീത്തായുമായുള്ള മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം നാളെ. മേലധ്യക്ഷ സ്ഥാനത്തുനിന്നു വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്കുള്ള നന്ദിപ്രകാശനവും നാളെ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
മാര്‍ തറയിലിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കുക അമ്പതിലേറെ മെത്രാന്‍മാരാണ്. വത്തിക്കാന്‍ പ്രതിനിധിയും യൂറോപ്യന്‍ സഭാപ്രതിനിധികളും ഉള്‍പ്പെടെയാണിത്. ഇതരസഭകളുടെ മേലധ്യക്ഷന്‍മാരും ഉണ്ടായിരിക്കും.
ചങ്ങനാശേരി അതിരൂപതയിലെ മുഴുവന്‍ വൈദികരും സാമന്തരൂപതകളിലെ വികാരി ജനറാള്‍മാരും വൈദിക പ്രതിനിധികളും മറ്റു വൈദികരും കുര്‍ബാനയര്‍പ്പിക്കും.
മാര്‍ തറയിലിന്റെ അമ്മയും സഹോദരങ്ങളും കുടുബാംഗങ്ങളും സമര്‍പ്പിതരും അല്‍മായരുമടക്കം പതിനായിരത്തില്‍പരം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുമെന്നും സംഘാടകര്‍ അറിയിച്ചു.
പൊതുസമ്മേളനത്തില്‍ മത, സാമുദായിക, രാഷ്ട്രീയമണ്ഡലങ്ങളില്‍ നിന്നുള്ള വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്ക് അതിരൂപതയുടെ പ്രത്യേക ഉപഹാരം സമര്‍പ്പിക്കും.
അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളുണ്ടാകും. സ്ഥാനാരോഹണത്തിന് ഒരുക്കമായി അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു വരികയാണ്.
നാളെ രാവിലെ 8.45ന് ആര്‍ച്ചുബിഷപ്സ് ഹൗസില്‍ നിന്നു ബിഷപ്പുമാര്‍ മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു പുറപ്പെടുന്നതോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഒമ്പതിനു സ്ഥാനാരോഹണശുശ്രുഷകള്‍ ആരംഭിക്കും.
തിരുവസ്ത്രങ്ങളണിഞ്ഞ മെത്രാന്‍മാരും വൈദികരും അടങ്ങുന്ന പ്രദിക്ഷണം ആദ്യം വേദിയിലെത്തും. സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണ ശുശ്രൂഷകളുടെ കാര്‍മികനാകും. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും.
തുടര്‍ന്നു മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനയര്‍പ്പണം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പോലീത്താ റവ. ഡോ. തോമസ് ജെ. നെറ്റോ സന്ദേശം നല്‍കും. വി. കുര്‍ബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് റവ. ലെയോപോള്‍ഡോ ജിറേല്ലി പ്രസംഗിക്കും.
11.45ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ വത്തിക്കാന്‍ മുന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയും നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടും ചേര്‍ന്ന് ഭദ്രദീപം തെളിക്കും. സി.ബി.സി.ഐ. പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ, മാര്‍ത്തോമാ സഭാതലവന്‍ ഡോ. തെയൊഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, ജര്‍മനിയിലെ ബാംബര്‍ഗ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചു ബിഷപ് റവ. ഹെര്‍വിഗ് ഗൊസ്സല്‍, മാവേലിക്കര രൂപതാ മെത്രാന്‍ റവ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി. എന്‍. വാസവന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കൊടിക്കുന്നേല്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എം.എല്‍.എ, ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ ജോസഫ് പെരുന്തോട്ടവും മാര്‍ തോമസ് തറയിലും മറുപടിപ്രസംഗം നടത്തും.
പാര്‍ക്കിങ്ങ് ക്രമീകരണം ഇങ്ങനെ
- വിശിഷ്ടാതിഥികളുടെ വാഹനങ്ങള്‍ മെത്രാപ്പോലീത്തന്‍പള്ളി ഗ്രൗണ്ടില്‍.
- കാറുകളില്‍ വരുന്ന വൈദികര്‍, സിസ്റ്റേഴ്സ് എന്നിവര്‍ വരുന്ന വാഹനങ്ങള്‍ എസ്.ബി. കോളജിന്റെ ഗേറ്റ് നമ്പര്‍ 1, 2 വഴി പ്രവേശിച്ച് ടവര്‍ ബ്ലോക്കിന്റെ മുന്‍വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്നു എട്ടു മുതല്‍ 8.45 വരെ ക്രമീകരിച്ചിരിക്കുന്ന ബസുകളില്‍ പള്ളിയിലേക്കു പോകാം.
- അമ്പൂരി, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍,എടത്വ എന്നിവിടങ്ങളില്‍ വരുന്ന ബസുകള്‍ പെരുന്ന പോസ്റ്റ് ഓഫീസ് ജങ്ഷന്‍ വഴി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുന്‍വശത്ത് ആളെ ഇറക്കണം. തുടര്‍ന്നു റവന്യൂ ടവര്‍ റോഡ് വഴി കാവില്‍ അമ്പലത്തിന്റെ മുന്‍വശത്ത് കൂടി പുഴവാത് റോഡില്‍ പ്രവേശിച്ച്, എ.സി റോഡില്‍ ഇറങ്ങി ളായിക്കാട് മേരി റാണി സ്‌കൂളില്‍ പാര്‍ക്ക് ചെയ്യണം.
- അമ്പൂരി, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, എടത്വ എന്നിവിടങ്ങളില്‍ നിന്നുവരുന്ന കാറുകള്‍ ളായിക്കാട് മേരിറാണി സ്‌കൂളില്‍ പാര്‍ക്ക് ചെയ്യണം. യാത്രക്കാര്‍ അവിടെ നിന്നു കത്തീഡ്രല്‍ പള്ളിയിലേക്ക് ക്രമീകരിച്ചിരിക്കുന്ന ബസില്‍ പള്ളിയിലേക്കു പോകണം.
- പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ, മുഹമ്മ, തൃക്കൊടിത്താനം എന്നീ ഫൊറോനകളില്‍ നിന്നുവരുന്ന ബസുകള്‍ പെരുന്ന പോസ്റ്റ് ഓഫീസ് ജങ്ഷന്‍ വഴി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുന്‍വശത്ത് ആളെ ഇറക്കി റവന്യൂ ടവര്‍ റോഡ് വഴി കാവില്‍ അമ്പലത്തിന്റെ മുന്‍വശത്ത് കൂടി പുഴവാത് റോഡില്‍ പ്രവേശിച്ച്, ളായിക്കാട് വഴി ബൈപ്പാസ് റോഡില്‍ പ്രവേശിച്ച് എസ്.എച്ച്. സ്‌കൂളില്‍ പാര്‍ക്ക് ചെയ്യണം
- പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ, മുഹമ്മ എന്നീ ഫൊറോനകളില്‍ നിന്ന് വരുന്ന കാറുകള്‍ പുഴവാത് കുരിശടിയില്‍നിന്നും ഇടതുവശത്തേക്ക് തിരിഞ്ഞ് മീന്‍ചന്ത, കൊച്ചുപള്ളിയുടെ മുന്‍വശം, വണ്ടിപേട്ട എന്നിവിടങ്ങളിലും പെരുന്ന പോസ്റ്റ് ഓഫീസ് ജങ്ഷന്‍ വഴി വന്നു റവന്യൂ ടവറിന്റെ പാര്‍ക്കിങ്ങിലും പാര്‍ക്ക് ചെയ്യണം.
- കവിയൂര്‍ റോഡുവഴി വരുന്ന കാറുകള്‍ എസ്.എച്ച്. സ്‌കൂളില്‍ പാര്‍ക്ക് ചെയ്യുകയും അവിടെ നിന്ന് ക്രമീകരിച്ചിരിക്കുന്ന ബസില്‍ കയറി പള്ളിയിലേക്ക് പോകണം.
- അതിരമ്പുഴ, കോട്ടയം, കുടമാളൂര്‍, തുരുത്തി ഫൊറോനകളില്‍ നിന്നു വരുന്ന ബസുകള്‍ എസ്.ബി കോളേജിന്റെ മുന്‍വശം മുതല്‍ പമ്പു വരെയുള്ള സ്ഥലത്ത് ആളുകളെ ഇറക്കി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അരമനപ്പടി വഴി ബൈപ്പാസ് ജങ്ഷനില്‍ എത്തി എ.കെ.എം. സ്‌കൂളില്‍ പാര്‍ക്ക് ചെയ്യണം.
- അതിരമ്പുഴ, കോട്ടയം, കുടമാളൂര്‍, തുരുത്തി എന്നീ ഫൊറോനകളില്‍ നിന്ന് വരുന്ന കാറുകള്‍ എസ്.ബി കോളജില്‍ പാര്‍ക്ക് ചെയ്യണം.
- മണിമല, നെടുകുന്നം, കുറുമ്പനാടം എന്നീ ഫൊറോനകളില്‍ നിന്ന് വരുന്ന ബസുകള്‍ റെയില്‍വേ ബൈപ്പാസില്‍ നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് പാലാത്ര ബൈപ്പാസ് വഴി എം.സി റോഡില്‍ ഇറങ്ങി മധുമൂല വഴി എസ്.ബി കോളജ് മുതല്‍ പമ്പ് വരെയുള്ള സ്ഥലങ്ങളില്‍ ആളുകളെ ഇറക്കി എ.കെ.എം. സ്‌കൂളില്‍ പാര്‍ക്കു ചെയ്യണം. കാറുകള്‍ എസ്.ബി. സ്‌കൂളില്‍ പാര്‍ക്ക് ചെയ്യണം.
- ചങ്ങനാശേരി ഫൊറോനയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ എസ്.ബി കോളജിന്റെ എതിര്‍വശത്തുള്ള മുന്‍സിപ്പല്‍ ടൗണ്‍ഹാളിന്റെ മുന്‍വശത്തും സൈഡിലും ആയി പാര്‍ക്ക് ചെയ്യണം.
- എല്ലാ സ്ഥലങ്ങളില്‍ നിന്നും വരുന്ന ടൂവീലറുകള്‍ അമൃത ഓഡിറ്റോറിയത്തിന്റെ പാര്‍ക്കിങ് ഏരിയയിലും റവന്യൂ ടവറിന്റെ പാര്‍ക്കിങ് ഏരിയയിലും ടൂവീലറുകള്‍ പാര്‍ക്ക് ചെയ്യണം.