കോട്ടയം: വീര്യം കൂടിയ ലഹരിക്കായി ജീവന്‍ രക്ഷാ മരുന്നുകള്‍ മുതല്‍ ഉത്തേജക വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ വരെ. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാമെങ്കിലും യുവാക്കള്‍ ലഹരിയുടെ പുതു വഴികള്‍ തേടുന്ന മാര്‍ഗങ്ങളാണിത്.
കൊണ്ടുനടക്കാനും സൂക്ഷിക്കാനും എളുപ്പമാണെന്നതും ഗന്ധമോ മറ്റെന്തെങ്കിലും ലക്ഷണങ്ങളോ ഇല്ല എന്നതുമാണ് ഇത്തരത്തില്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതു കൂടാന്‍ കാരണം.
ലഹരി കിട്ടുന്ന മരുന്നുകളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരാതി ഓണ്‍ലൈനായി ഓഡര്‍ ചെയ്തും വ്യാജ കുറിപ്പടികള്‍ സംഘടിപ്പിച്ചു നാട്ടിലെ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നുമൊക്കെയാണ് ഇത്തരത്തില്‍ മരുന്നുകള്‍ ശേഖരിക്കുന്നത്. കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്‌റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
കോട്ടയം ജില്ലയിലെ പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, ഉഴവുര്‍, രാമപുരം മേഖലയിലെ വഴിയരികില്‍ നിന്നു നാപ്രോഫെന്‍ കുപ്പികള്‍ കണ്ടെത്തിയത് ആശങ്ക ജനിപ്പിക്കുന്നതാണ്.
ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രം വിതരണം അനുവദിച്ചിട്ടുള്ള ലഹരി ഉത്തേജക വിഭാഗത്തില്‍ പെടുന്ന മരുന്നാണ് നാപ്രോഫെന്‍.
വിപണിയില്‍ 150 രൂപ മുതല്‍ 450 രൂപ വരെ വിലയുള്ള ലഹരി ഉത്തേജക വിഭാഗത്തില്‍ പെടുന്ന നാപ്രോഫെന്‍ ആവശ്യക്കാര്‍ മേടിക്കുന്നത് ഓണ്‍ലൈന്‍ വഴി ഭീമമായ തുക നല്‍കിയാണയെന്നു പറയപ്പെടുന്നു. കൂടാതെ ജില്ലയിലെ ചില മെഡിക്കല്‍ ഷോപ്പുകള്‍ വഴി ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ വില്‍പന നടത്തുന്നുണ്ടോയെന്നാണു സംശയം.
/sathyam/media/media_files/2024/11/08/RZv2AnmvdJoaeBwuADNG.jpg)
മരുന്നുകള്‍ വ്യാപകമായി ലഹരിക്കു വേണ്ടി ദുരുപയോഗം ചെയ്യപ്പെടുമ്പോഴും വില്‍പനയ്ക്കു കൃത്യമായ മാര്‍ഗനിര്‍ദേശം പാലിക്കുന്നില്ലെന്നു പരാതി ശക്തമാണ്.
വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ അത്തരം മരുന്നുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമ്പോഴും വിപണിയില്‍ അവ എത്രത്തോളം വില്‍ക്കുന്നുണ്ടെന്നതിന് ആരോഗ്യവകുപ്പില്‍ കണക്കുകള്‍ കൃത്യമാണോ എന്നുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കാറില്ല.
ഷെഡ്യൂള്‍ എച്ച് വണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പന നടത്താന്‍ പാടില്ലെന്നാണു നിയമം. മാത്രമല്ല ഈ മരുന്നുകള്‍ ഏതു കമ്പനിയില്‍ നിന്ന് എത്ര അളവില്‍ വാങ്ങി, ഇത് ആര്‍ക്കൊക്കെ എത്ര അളവില്‍ വിറ്റു എന്നതു സംബന്ധിച്ചു ഷെഡ്യൂള്‍ എച്ച് വണ്‍ ഡ്രഗ് റജിസ്റ്റര്‍ മെഡിക്കല്‍ ഷോപ്പുകള്‍ സൂക്ഷിച്ചു വയ്ക്കുകയും വേണം. ഇതില്‍ വാങ്ങിയ ആളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, വാങ്ങിയ അളവ് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം.
മരുന്നു നല്‍കിയാല്‍ കുറിപ്പടിയില്‍ അതു രേഖപ്പെടുത്തണം. വീണ്ടും അതേ കുറിപ്പടി ഉപയോഗിച്ചു മരുന്നു വാങ്ങാതിരിക്കാനാണിത്. എന്നാല്‍, അതൊന്നും പാലിക്കാതെ വ്യാപകമായി ചില മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നു വില്‍പന നടത്തുന്നുണ്ടെന്നാണു വിവരം.
ഉറക്ക ഗുളികകള്‍, വേദനാസംഹാരികള്‍, മനോരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, വിഷാദരോഗത്തിനുള്ള മരുന്നുകള്‍, ചില പ്രത്യേകതരം ആന്റിബയോട്ടിക്കുകള്‍, ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ തുടങ്ങിവയാണ് എച്ച് വണ്‍ ഷെഡ്യൂളില്‍ പെട്ടത്.
രോഗിയില്‍ മരുന്നായി പ്രവര്‍ത്തിക്കുന്ന ഗുളികകള്‍ രോഗമില്ലാത്തവരില്‍ ലഹരിയുടെ ഫലമാണ് ഉണ്ടാക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ഉപയോഗിക്കുന്ന വേദനസംഹാരികളും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.
രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാത്തതിനാല്‍ മരുന്നുകള്‍ വിപണിയില്‍ എത്രത്തോളം വരുന്നുണ്ടെന്നോ, എത്രമാത്രം ചെലവാകുന്നുണ്ടെന്നോ കൃത്യമായി മനസിലാക്കാന്‍ ആരോഗ്യവകുപ്പിനു കഴിയുന്നില്ല.
അതേസമയം ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്നു മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കു കര്‍ശന നിര്‍ദേശവും നല്‍കി.
എഎംആര്‍ അവബോധം താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതോടൊപ്പം മരുന്നുകളുടെ ദുരുപയോഗം, തടയാന്‍ നടപടി സ്വീകരിക്കണമെന്നും മെഡിക്കല്‍ സ്‌റ്റോറുകളില്‍ കൃത്യമായ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.