/sathyam/media/media_files/2024/11/11/AINOT7N7gtI7cb7URV0d.jpg)
കോട്ടയം: പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം, പഠിച്ചിറങ്ങിയാല്‍ തൊഴില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പു വരെ സ്വപ്‌നഭൂമിയായി കരുതിയിരുന്ന കാനഡയില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അരക്ഷിതാവസ്ഥയില്‍. തൊഴിലില്ലായ്മ കാരണം താമസ സ്ഥലത്തിന്റെ വാടക കൊടുക്കാന്‍ ചെറു ജോലികള്‍ എടുത്തു കഴിഞ്ഞു കൂടേണ്ട അവസ്ഥയിലാണു വിദ്യാര്‍ഥികള്‍.
പതിനായിരത്തോളം മലയാളി വിദ്യാര്‍ഥികള്‍ കാനഡയിലുണ്ട്. ഇവരില്‍ നല്ലൊരു പങ്കും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കാനഡയിലെത്തിയവരാണ്. പക്ഷേ, കാനഡയിലെ ജീവിത ചിലവ് താങ്ങാന്‍കഴിയാതെ പല വിദ്യാര്‍ഥികളും കടുത്ത പ്രതിസന്ധിയിലാണ്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കനേഡിയന്‍ വിദ്യാര്‍ഥികളെക്കാള്‍ നാലു മടങ്ങ് ഫീസ് ആണു നല്‍കുന്നത്. ഏജന്റുമാരുടെ ചതിയില്‍പ്പെട്ടു പലരും എത്തിച്ചേരുന്നത് നിലവാരമില്ലാത്ത കോളജുകളിലും. ലക്ഷങ്ങള്‍ കൊടുത്ത് പഠിച്ച കുട്ടികള്‍ ജോലി സാധ്യതയുമില്ലാത്ത അവസ്ഥയിലാകുന്നു. എന്‍ജിനിയറിങ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിക്കു കാര്‍ ഓടിച്ചും ചായ വിറ്റും ജീവിക്കേണ്ടിവരുന്നു.
ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയുമാണു പലരും കാനഡയിലെത്തുന്നത്. വിഷാദരോഗം ബാധിച്ചു പലരും ആത്മഹത്യയില്‍ അഭയം തേടുന്ന സാഹചര്യവും ഉണ്ട്. പലപ്പോഴും ആഴ്ചയില്‍ രണ്ടു മൃതദേഹങ്ങള്‍ എങ്കിലും നാട്ടിലേക്ക് കയറ്റി അയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വരവു മൂലം തദ്ദേശീയരുടെ തൊഴില്‍ നഷ്ടപ്പെടുകയും വീട്ടുവാടക വന്‍തോതില്‍ ഉയരുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തദ്ദേശീയരുടെ കുടിയേറ്റ വിരുദ്ധ വികാരം കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.
തൊഴിലില്ലായ്മയും താമസിക്കാന്‍ വിടുകളുടെ ലഭ്യതക്കുറവുമാണു തദ്ദേശീയരെ ഇന്ത്യക്കാര്‍ക്കു നേരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനോടകം ഇന്ത്യന്‍ വിദ്യാര്‍ഥികളും കാനഡയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യാക്കാര്‍ക്കു നേരെയും വംശീയാധിക്ഷേപം നടത്തുന്നതും രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന നിരവധി വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്.
പാര്‍ടൈം ജോലി ചെയ്താണു ഭൂരിഭാഗം വിദ്യാര്‍ഥികും പഠനത്തിനു പണം കണ്ടെത്തുന്നത്. ഹോട്ടലിലെ ക്ലീനിങ്, വെയര്‍ഹൗസുകളില്‍ കൂലിവേല ചെയ്തും തോട്ടങ്ങളില്‍ കൃഷിയും ഒക്കെ ഇക്കൂട്ടത്തില്‍പ്പെടും. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്.
പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണു കുട്ടികള്‍. സുരക്ഷിത ഭാവികെട്ടിപ്പടുക്കാന്‍ പ്രതീക്ഷയോടെ വിമാനം കയറിയവര്‍ക്കാണു കാനഡ ഇപ്പോള്‍ നരക തുല്യമായി മാറിയിരിക്കുന്നത്.
ഇതോടൊപ്പം ലഹരി മാഫിയകളും വിദ്യാര്‍ഥികള്‍ക്കിടെ പിടിമുറുക്കുന്നുണ്ട്. ലഹരിക്കു അടിമപ്പെടുന്ന വിദ്യാര്‍ഥിളെ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പല സംഘങ്ങും കാനഡയില്‍ ഉണ്ട്. ലൈംഗിക ചൂഷണങ്ങള്‍ക്കു വരെ ലഹരിക്കടിമയായി വിദ്യാര്‍ഥികള്‍ ഇരയാവുകയാണു ചെയ്യുക.
ഇത്തരത്തില്‍പെട്ടുപോകുന്ന പെണ്‍കുട്ടികളും ഏറെയാണ്. ഇതോടൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമ സംഭവങ്ങളും ആശങ്കയുണര്‍ത്തുന്നവിധം വര്‍ധിക്കുന്നു.
വിദേശ രാജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 18 ലക്ഷം ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാര്‍ ഇപ്പോള്‍ കാനഡയില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ 7,70,000 പേര്‍ സിഖുകാരാണ്. കൂടാതെ കാനഡയിലേക്ക് ഏറ്റവും അധികം വിദ്യാര്‍ഥികളെ എത്തിക്കുന്ന രാജ്യവും ഇന്ത്യയാണ്. ഏകദേശം 4,27,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അവിടെയുള്ളത്.
ഇതിനിടെ ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സമ്പ്രദായം കാനഡ അവസാനിപ്പിക്കുകയും ചെയ്തതു. കാനഡയില്‍ ഉപരിപഠനം നടത്തുന്നതിന് ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗം വിസ ലഭ്യമാക്കുന്ന സമ്പ്രദായമായിരുന്നു ഇത്.
അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നപടികള്‍ പൂര്‍ത്തിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കാനഡയിലെത്തുന്നത്. 2023ല്‍ മാത്രം 200,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഈ വിസയില്‍ കാനഡയില്‍ എത്തിയിരുന്നു.