/sathyam/media/media_files/KyNv8Ed3rL3KZ55569YW.jpg)
കോട്ടയം: മലയാളം വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിൻെറ മേധാവിത്വം തുടരുന്നു. റേറ്റിങ്ങിലെ അജയ്യത അരക്കിട്ടുറപ്പിച്ചുകൊണ്ട് തുടർച്ചയായ എട്ടാം ആഴ്ചയിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി.
ഇന്ന് പുറത്തു വന്ന 45-ാം ആഴ്ചയിലെ ബാർക് (ബിഎആര്‍സി - ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) റേറ്റിംഗിൽ കേരളാ യൂണിവേഴ്സൽ വിഭാഗത്തിൽ 92.2 പോയിന്റ് നേടിയാണ് വൻ മത്സരം നടക്കുന്ന വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്.
ഉപതിരഞ്ഞെടുപ്പ് വർത്താ കാലമായിട്ടും റേറ്റിംഗ് പോയിൻ്റ് കാര്യമായി വർദ്ധിപ്പിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞിട്ടില്ല. തൊട്ടു മുൻപത്തെ ആഴ്ചയിൽ നിന്ന് 0.7 പോയിൻ്റ് മാത്രമാണ് ഏഷ്യാനെറ്റിന് നേടാനായത്.
രണ്ടാം സ്ഥാനത്തിലും ഒന്നര മാസമായി കാണുന്ന പ്രവണത തന്നെയാണ് തുടരുന്നത്. റിപോർട്ടർ ടി.വി തന്നെയാണ് രണ്ടാമതുള്ളത്. 45-ാം ആഴ്ചയിൽ 77.5 പോയിന്റ് കരസ്ഥമാക്കിയാണ് റിപോർട്ടർ ടി.വി രണ്ടാം സ്ഥാനം നിലനിർത്തിയത്.
രണ്ടാം സ്ഥാനത്ത് തുടരാൻ സാധിച്ചെങ്കിലും മുൻ ആഴ്ചയിൽ നിന്ന് പോയിൻ്റ് കുറഞ്ഞിട്ടുണ്ട്. 44-ാം ആഴ്ചയിൽ 77.9 പോയിൻ്റ് ലഭിച്ച റിപ്പോർട്ടറിന് 45-ാം ആഴ്ചയിൽ കിട്ടിയത് 77.5 പോയിൻ്ററാണ്. 0.4 പോയിൻ്റ് മാത്രമേ കുറഞ്ഞിട്ടുള്ളു എങ്കിലും ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ വെമ്പുന്ന റിപ്പോർട്ടറിന് ആശാവഹമായ കണക്കുകൾ അല്ല ഇപ്പോൾ പുറത്തുവരുന്നത്.
61.3 പോയിൻറുമായി ട്വന്റി ഫോർ ന്യൂസാണ് മൂന്നാം സ്ഥാനത്ത്. ട്വന്റി ഫോറും പോയിൻ്റ് നിലയിൽ താഴോട്ടാണ്. 44-ാം ആഴ്ചയിൽ 62.9 പോയിൻ്റ് നേടിയ ട്വൻ്റി ഫോറിന് 1.6 പോയിൻ്റ് കുറഞ്ഞിട്ടുണ്ട്.
വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ കുതിപ്പില്ല എന്നതാണ് 45-ാം ആഴ്ചയിലെ റേറ്റിങ്ങിലും കാണുന്ന പൊതു പ്രവണത. ഏഷ്യനെറ്റ് ന്യൂസ്, ജനം ടിവി, കൈരളി ന്യൂസ് ഒഴികെയുള്ള എല്ലാ മുൻനിര ചാനലുകൾക്കും തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ പോയിന്റ് കുറഞ്ഞിട്ടുണ്ട്.
പോയിൻ്റ് കൂടിയ ഏഷ്യാനെറ്റ് ന്യൂസിന് 0.7 പോയിൻ്റും ജനം ടി.വിക്ക് 1.7 പോയിൻറും കൈരളിക്ക് 1.1 പോയിന്റും മാത്രമാണ് കൂടിയത്.
വാർത്താ ചാനൽ കണ്ടൻ്റിൽ പ്രേക്ഷക താൽപര്യം കുറയുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് റേറ്റിങ്ങ് പോയിൻ്റിലെ ഇടിവ്. 45 -ാം ആഴ്ചയിലും മലയാള മനോരമ കുടുംബത്തിൻ്റെ ചാനലായ മനോരമ ന്യൂസ് തന്നെയാണ് നാലാം സ്ഥാനത്ത്.
നാലാം സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ലെങ്കിലും മനോരമ ന്യൂസിന് പോയിൻ്റ് കുറഞ്ഞിട്ടുണ്ട്. 3 പോയിന്റ് ആണ് ഒറ്റയടിക്ക് ഇടിഞ്ഞത്.
നാലാം സ്ഥാനത്ത് വെല്ലുവിളികൾ ഇല്ലാതെ തുടരുകയാണെങ്കിലും ഈ തരത്തിൽ പോയിൻ്റിൽ കുറവ് വരുന്നത് മനോരമക്ക് ഭീഷണിയാണ്. 44-ാം ആഴ്ചയിൽ 48.33 പോയിന്റ് നേടിയ മനോരമ ന്യൂസിന് 45-ാം ആഴ്ചയിൽ 45.3 പോയിൻ്റ് ആണ് കിട്ടിയത്.
മാസങ്ങളായി അഞ്ചാം സ്ഥാനത്തുളള മാതൃഭൂമി ന്യൂസ് ഇന്ന് പുറത്തുവന്ന റേറ്റിങ്ങിലും അതേ സ്ഥാനം നിലനിർത്തി. പോയിൻ്റ് നഷ്ടം ഇല്ല എന്നത് മാതൃഭൂമിക്ക് ആശ്വാസകരമാണ്.
44-ാം ആഴ്ചയിൽ 35.1 പോയിൻ്റ് തന്നെയാണ് മാതൃഭൂമിക്ക് 45-ാം ആഴ്ചയും ലഭിച്ചത്. സംഘപരിവാർ ചാനലായ ജനം ടിവിയാണ് റേറ്റിങ്ങിൽ ആറാം സ്ഥാനത്ത്. 23.3 പോയിന്റാണ് ജനം ടിവി പോയവാരം നേടിയത്.
തൊട്ടുമുൻപുളള ആഴ്ചയിൽ 21.3 പോയിൻറ് ഉണ്ടായിരുന്ന ജനം ടി.വിക്ക് 1.7 പോയിൻ്റ് വർദ്ധിപ്പിക്കാനായിട്ടുണ്ട്. ഏഴാം സ്ഥാനത്തുള്ള കൈരളി ന്യൂസിനും പോയിൻ്റ് കൂട്ടാനായി.
1.1 പോയിൻ്റാണ് കൈരളി ന്യൂസ് അധികമായി നേടിയത്. 44-ാം ആഴ്ചയിൽ 20.4 പോയിന്റ് ഉണ്ടായിരുന്ന കൈരളി 45-ാം ആഴ്ചയിൽ 21.5 പോയിൻ്റ് കരസ്ഥമാക്കി. 13 പോയിന്റുമായി ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തുണ്ട്.
0.3 പോയിൻ്റ് കുറഞ്ഞാണ് ന്യൂസ് 18 കേരളം എട്ടാം സ്ഥാനം നിലനിർത്തിയത്. 10.5 പോയിന്റുമായി മീഡിയാ വൺ ചാനലാണ് വാർത്താ ചാനൽ റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ.
45 മത് ആഴ്ചയിലും പോയിന്റ് നിലയിൽ കയറിക്കൂടാൻ പുതിയ ചാനലായ ന്യൂസ് മലയാളത്തിന് കഴിഞ്ഞില്ല. ഇതോടെ ചാനലിന്റെ വാർത്താ വിഭാഗം ചുമതലയിൽ നിന്നും ന്യൂസ് ഡയറക്റ്റർ ആയ എംബി ബഷീർ തെറിക്കും എന്നാണ് റിപ്പോർട്ടുകൾ.