/sathyam/media/media_files/2024/11/15/VQRw6X9AG4HHqE6oEZ9O.jpg)
കോട്ടയം: വേനല്‍ക്കാലത്തു വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാന്‍ ലക്ഷ്യമിടുന്ന മീനച്ചില്‍ നദീതട പദ്ധതി, പക്ഷേ, ആറിന്റെ ആഴം കൂട്ടാതെ എന്തു നടപ്പാക്കിയിട്ടെന്തെന്ന ചോദ്യവുമായി നാട്ടുകാര്‍.
2018 മഹാ പ്രളയത്തിലും തുടര്‍ന്നു വര്‍ഷാവര്‍ഷം ഉണ്ടാകുന്ന വെള്ളപ്പൊക്കവും കാരണം മീനച്ചിലാറിന്റെ ആഴം കുറഞ്ഞു. പലയിടങ്ങളിലും തിട്ടയിടിഞ്ഞും മണ്ണും ചെളിയും അടിഞ്ഞു കൂടി വേനലിനു മാസങ്ങള്‍ക്കു മുന്‍പു തന്നെ വെള്ളം വറ്റിയ നിലയിലാണ്.
നദികളില്‍ അടിഞ്ഞു കൂടിയ കല്ലും മണലും നീക്കി നദി വീണ്ടും തടസമില്ലാതെ ഒഴുകുക എന്ന ലക്ഷ്യത്തോടെയാണു പുനര്‍ജനി പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പദ്ധതി പൂര്‍ണമായി നടപ്പാക്കിയില്ലെന്നു മാത്രമല്ല നീക്കിയ മണ്ണും ചെളിയും കല്ലുമെല്ലാം ആറിന്റെ വശങ്ങിലേക്കാണ് ഇട്ടത്. അടുത്ത വെള്ളപ്പൊക്കത്തില്‍ ഇവ വീണ്ടും ഒഴുകി ആറ്റിലേക്കു തന്നെയെത്തി. ഇതോടെ വേനല്‍ക്കാലത്തു ജലക്ഷാമം രൂക്ഷമായി.
ഇപ്പോള്‍ മീനച്ചിലാറിനെ ജലസമൃദ്ധമാക്കാന്‍ ലക്ഷ്യമിടുന്ന മീനച്ചില്‍ നദീതട പദ്ധതിക്കു ഡി.പി.ആര്‍ തയ്യാറാക്കാനുള്ള നടപടിക്കു തുടക്കം കുറിച്ചിരിക്കുകയാണ്. ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിനു ശേഷമുള്ള അധികജലം മീനച്ചിലാറില്‍ എത്തിച്ചു കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണു പദ്ധതി.
അധിക ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ടു വര്‍ഷം മുഴുവനും സുസ്ഥിരമായ ഒഴുക്കു നിലനിര്‍ത്തും. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റില്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു.
മീനച്ചില്‍ തടത്തില്‍ 75 മീറ്റര്‍ ഉയരത്തില്‍ 228 ഹെക്ടര്‍ ജലസംഭരണി വിസ്തൃതിയുള്ള അണക്കെട്ടു നിര്‍മിക്കാനായിരുന്നു പ്രാഥമിക നിര്‍ദേശം.
എന്നാല്‍, കെ.എസ്.ഇ.ബി മീനച്ചില്‍ തടത്തില്‍ വഴിക്കടവില്‍ നിന്ന് ഇടുക്കി അണക്കെട്ടിലേക്കു തുരങ്കം നിര്‍മിച്ചു ഡൈവേര്‍ഷന്‍ വെയര്‍ വഴി വെള്ളം തിരിച്ചുവിടാന്‍ തുടങ്ങിയതോടെ പദ്ധതി തടസപ്പെട്ടു. മീനച്ചിലിലും അതിന്റെ മൂന്നു പ്രധാന കൈവഴികളിലും മിനി ഡാമുകള്‍ നിര്‍മ്മിക്കുന്നതിനും ബദല്‍ പദ്ധതി ശിപാര്‍ശ ചെയ്തു.
അറക്കുളം മൂന്നുങ്കവയലില്‍ ചെക്ഡാം പണിയുകയും ഇവിടെ നിന്ന് 500 മീറ്റര്‍ കനാലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ചു മൂന്നിലവ് പഞ്ചായത്തില്‍ എത്തിക്കും.
ഇവിടെ 200 മീറ്റര്‍ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കാനുമാണു ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതിനൊപ്പം വേമ്പനാട്ടുകായല്‍ വരെയുള്ള മീനച്ചിലാറിന്റെ ആഴം കൂട്ടണമെന്നും ജനം ആവശ്യപ്പെടുന്നു.