/sathyam/media/media_files/2024/11/22/xDyY2YzWJQ2FEW0XW5qi.jpg)
കോട്ടയം: നിങ്ങളുടെ ചുറ്റുവട്ടം കാടുമൂടി കിടക്കുകയാണോ ?.. എങ്കില്‍ പാമ്പുകള്‍ എത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. വെറും പാമ്പുകള്‍ അല്ല, വിഷ പാമ്പുകള്‍..
അണലി, മൂര്‍ഖന്‍, ശംഖുവരയന്‍, രാജവെമ്പാല തുടങ്ങിയ വിഷപ്പാമ്പുകളുടെയെല്ലാം ഇണചേരല്‍ കാലമാണിത്. കൂടാതെ ഉഗ്രവിഷമുള്ള അണലികള്‍ പൊതുവെ ഈ സമയത്ത് പകലും പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ പാമ്പുകടിയേറ്റു മരിച്ചതു പത്തിലധികം പേര്‍ക്കാണ്. ഒട്ടേറെപ്പേര്‍ക്കു പാമ്പുകടിയേറ്റു ചികിത്സ തേടി.
ഇണചേരല്‍ കാലമായതിനാല്‍ പാമ്പുകള്‍ക്കു പൊതുവെ അക്രമ സ്വഭാവം കൂടുതലായിരിക്കും. പെണ്‍പാമ്പുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരായി ആണ്‍പാമ്പുകള്‍ അവയെ തേടിയിറങ്ങും. പൊത്തുകളിലും മാളങ്ങളിലും ഒളിച്ചിരിക്കുന്ന പാമ്പുകളെ തേടി ആണ്‍പാമ്പുകള്‍ എത്തും. കൂടാതെ ഒരു പാമ്പിനെ കാണുന്ന സ്ഥലങ്ങളില്‍ ഒന്നിലധികം പാമ്പുകളെ കാണാനും സാധ്യതയുണ്ട്.
രാജവെമ്പാലകള്‍ ഒരു വനപ്രദേശത്തു നിന്ന് ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരവും ഈ സമയത്താണു നടക്കുക. ഒരു ദിവസം രാജവെമ്പാല 12 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും.
ഡിസംബർ വരെയാണ് പ്രജനന കാലം. അതിനു ശേഷം പാമ്പിന്‍ കുഞ്ഞുങ്ങള്‍ ജനിച്ചു കുറച്ചുനാള്‍ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാന്‍ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതല്‍ തുടങ്ങി ഇടവപ്പാതി കാലത്തുമൊക്കെ ഇങ്ങനെ പാമ്പിന്‍ കുഞ്ഞുങ്ങളെ കാണാറുണ്ട്.
പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം ജന്മസിദ്ധമാണ്. വിഷമുള്ളതോ ഇല്ലാത്തതോ ആയ ഏതു പാമ്പിനെ കണ്ടാലും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാകാറുണ്ട്. എന്നാല്‍ ഭൂരിപക്ഷം പാമ്പിനങ്ങളും അപകടകാരികളല്ല എന്നതാണു സത്യം.
കേരളത്തില്‍ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. കേരളത്തില്‍ കാണപ്പെടുന്നവയില്‍ പത്തില്‍ താഴെ ഇനങ്ങള്‍ക്ക് മാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തില്‍ ഉഗ്രവിഷമുള്ളൂ.
മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍ (മോതിരവളയന്‍), അണലി (ചേനത്തണ്ടന്‍), രക്തയണലി, രാജവെമ്പാല മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാമ്പുകള്‍. അതില്‍ തന്നെ മൂര്‍ഖന്‍, ചേനത്തണ്ടന്‍, അണലി എന്നിവ മൂലമാണു ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും കേരളത്തില്‍ സംഭവിച്ചിട്ടുള്ളത്.
പൊതുവെ മനുഷ്യരുടെ മുന്നില്‍ പെടാതെ തന്നെ ജനവാസ മേഖലകളില്‍ സുരക്ഷിതരായി ജീവിക്കുന്ന പാമ്പുകള്‍, ഇണചേരല്‍ കാലത്തു കൂടുതലായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അതിനാല്‍ അവയെ കാണുന്നതിനും അവയുടെ കടിയേല്‍ക്കുന്നതിനും സാധ്യതയേറെയാണ്.
പാമ്പുകള്‍ എത്തുന്നത് ഒഴിവാക്കാന്‍ വീടിന്റെയും മറ്റു കെട്ടിടങ്ങളുടെയും ഉള്‍ഭാഗങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസരത്തുള്ള ചവറുകള്‍ പരമാവധി കത്തിച്ചുകളയുക.
കെട്ടിടങ്ങങ്ങളോടും മതിലുകളോടും ചേര്‍ന്നുവരുന്ന ഭാഗങ്ങളില്‍ ഇഷ്ടിക, വിറക്, കല്ലുകള്‍, പാഴ് വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി കൂട്ടിയിടാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള വിറകും മറ്റും വെളിച്ചമുള്ള സമയത്ത് ആവശ്യാനുസരണം മാത്രം എടുത്ത് ഉപയോഗിക്കുക. കെട്ടിടങ്ങള്‍ക്കു മുകളിലായി വളര്‍ന്നു കിടക്കുന്ന വൃക്ഷങ്ങള്‍ പരമാവധി വെട്ടിക്കളയുക.
വീടിനു മുകളിലേക്കു പടര്‍ത്തിയ വള്ളിച്ചെടികള്‍ ഉണ്ടെങ്കില്‍ വെട്ടിമാറ്റുക. ജനല്‍, എയര്‍ഹോള്‍ എന്നിവ പരമാവധി ചെറിയ നെറ്റുകള്‍ ഉപയോഗിച്ചു മൂടൂക. ഡ്രെയ്‌നേജ് പൈപ്പുകള്‍ മൂടി സംരക്ഷിക്കണം കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
കെട്ടിടത്തിന്റെ മുന്‍, പിന്‍ വാതിലുകളുടെ താഴെ വിടവില്ലാത്ത തരത്തിലുള്ള പാളിവരാതെ സൂക്ഷിക്കണം. ഉറങ്ങുന്നതിനു മുന്‍പു ചെറുതായൊന്നു പരിശോധന നടത്തുന്നതു നല്ലതാണ്. വീടിനുപുറത്തു വെയ്ക്കറുള്ള ഷൂ, ഹെല്‍മറ്റ് എന്നിവ ധരിക്കുമ്പോള്‍ സൂക്ഷിക്കുക. വീട്ടിലെ ചെടിച്ചട്ടികള്‍ വരെ കൃത്യമായി പരിശോധിക്കുക.