കോട്ടയം: ശബരിമല സന്നിധാനം ശാന്തം സുന്ദരം, സംതൃപ്തിയോടെ അയ്യനെ കണ്ടു മടങ്ങി ഭക്തരും. ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും പുതിയ തന്ത്രങ്ങള്‍ ഫലം കണ്ടതോടെയാണ് ഇക്കുറി കഴിഞ്ഞ തവണത്തെ തിരക്ക് ഒഴിവായത്.
കഴിഞ്ഞ തവണ സീസണ്‍ ആരംഭിച്ചതു മുതല്‍ ഭക്തര്‍ക്കു മണിക്കൂറുകള്‍ കാത്തിരുന്നു നിന്നു തളര്‍ന്ന ശേഷമാണു ദര്‍ശനം സാധ്യമായിരുന്നത്. ഇക്കുറി പഴി കേള്‍ക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ ശ്രദ്ധചലുത്തിയിരുന്നു. ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ ഏകോപന മികവു കൂടിയായതോടെ കാര്യങ്ങള്‍ ഭക്തര്‍ക്ക് അനുകൂലമായി മാറി.
ഇക്കുറി നട തുറന്ന് ഒന്‍പതു ദിവസം പിന്നിട്ടപ്പോള്‍ തന്നെ ദര്‍ശനത്തിനായി എത്തിയവരുടെ എണ്ണം ഏഴു ലക്ഷത്തിനോടനുത്തു. 3,03,501 ഭക്തരാണു മുന്‍വര്‍ഷത്തേക്കാള്‍ അധികമായി ദര്‍ശനം നടത്തി മടങ്ങിയത്. വരുമാനത്തിലും ഇക്കുറി ആദ്യ ആഴ്ചയില്‍ 13 കോടിയുടെ അധിക വര്‍ധനവുണ്ടായി.
പ്രശ്‌നങ്ങളില്ലാതെ ശബരിമല ദര്‍ശനം സാധ്യമായതു ദര്‍ശന സമയം വര്‍ധിപ്പിച്ചതോടെയാണ്. ഇതോടൊപ്പം
പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഡ്യൂട്ടിസമയം കുറച്ചതും ഡ്യൂട്ടിയിലുള്ളവര്‍ക്കു കൂടുതല്‍ സൗകര്യമൊരുക്കിയതും കാരണം മിനിറ്റില്‍ ശരാശരി 85 പേരെ പതിനെട്ടാംപടി കയറ്റാന്‍ കഴിയുന്നുണ്ട്.
നട തുറന്ന് ആദ്യ ദിവസം ഒരു മിനിറ്റില്‍ 80 പേരാണു പതിനെട്ടാം പടി കയറിയത്. പോലീസ് ഉദ്യോഗസ്ഥര്‍ കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചതോടെ പടികയറുന്നവരുടെ എണ്ണം വീണ്ടും കൂട്ടാന്‍ സാധിച്ചു.
മുന്‍വര്‍ഷം ഇത് അറുപതില്‍ താഴെ മാത്രമായിരുന്നു. ഇതിനെചൊല്ലി ദേവസം ബോര്‍ഡ് പ്രസിഡന്റും അന്നു സുരക്ഷാ ചുമതലയുണ്ടായിരുന്ന എം.ആര്‍. അജിത്കുമാറും തമ്മില്‍ വാക്കേറ്റം വരെ നടന്നിരുന്നു.
ഇക്കുറി കഴിഞ്ഞ തവണത്തെ പരാതികളും പരിഭവങ്ങളും തീര്‍ക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസവും ദേവസ്വം ബോര്‍ഡിനുണ്ട്. കഴിഞ്ഞ പ്രാവശ്യം നടവരുമാനം കുറഞ്ഞതു ദേവസ്വം ബോര്‍ഡിനു കനത്ത തിരിച്ചടിയായിരുന്നു.
ഇക്കുറി എത്രപേര്‍ എത്തിയാലും സുഗമമായി ദര്‍ശനം നടത്താനുള്ള തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാള്‍ക്കു പോലും ദര്‍ശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകില്ല.
ദേവസ്വം ബോര്‍ഡിന്റെയും ഇരുപതിലേറെ സര്‍ക്കാര്‍ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണു നടക്കുന്നത്. പതിനാറായിരം ഭക്തര്‍ക്ക് ഒരേ സമയം വിരിവെക്കാനുള്ള സൗകര്യമാണു വിവിധയിടങ്ങളിലായി ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്.