കോട്ടയം: ഇ.പി ജയരാജൻ്റെ വിവാദ ആത്മകഥ പുറത്ത് വന്നതിൽ തുടർ അന്വേഷണത്തിൻ്റെ സാധ്യതകൾ ആരായാൻ സർക്കാർ. നിയമ വിദഗ്ദ്ധരുടെ ഉപദേശ പ്രകാരം ആത്മകഥാ വിവാദത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും.
കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തുടർ അന്വേഷണത്തിന് ഒരുങ്ങുന്നത്.
ഡി.സി ബുക്സ് ഉടമ രവി ഡിസി, പരാതിക്കാരനായ ഇ.പി ജയരാജൻ, ഡിസി ബുക്സിലെ ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
പുസ്തകം പ്രസിദ്ധീകരിക്കാൻ പരസ്പരം ധാാരണയായിരുന്നതല്ലാതെ കരാറിൽ ഒപ്പിട്ടിരുന്നില്ലെന്നാണ് പുസ്തക പ്രസാധക സ്ഥാപനം പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മിക്കവാറും പുസ്തക പ്രസിദ്ധീകരണത്തിലും ഇതേ രീതിയാണ് പിന്തുടരുന്നത്. അവസാന ഘട്ടത്തിൽ മാത്രമാണ് കരാർ ഒപ്പിടാറുള്ളത്.
രാഷ്ട്രീയ രംഗത്ത് പതിറ്റാണ്ടുകളായി പ്രസിദ്ധീകരിക്കുന്ന നേതാവിന്റെ ആത്മകഥ എന്ന നിലയിലാണ് വിശ്വാസപൂർവം കരാർ ഒപ്പിടാൻ തിടുക്കം കാട്ടാതിരുന്നതെന്നും ഡീസി ബുക്സ് അധികൃതർ
പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്.
പുസ്തകം തയാറാക്കിയ മാധ്യമ പ്രവർത്തകനാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്ത് സ്ഥാപനത്തെ സമീപിച്ചത്. എന്നാൽ പുസ്തകത്തിന് കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം എന്ന തലക്കെട്ട് നൽകിയത് പ്രസാധക കമ്പനി അധികൃതരാണ്.
പുസ്തക പ്രസാധനത്തിൽ സാധാരണ സ്വീകരിക്കുന്ന വിപണന തന്ത്രത്തിൻ്റെ ഭാഗമായാണ് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തതും ഇലക്ഷൻ കാലത്ത് പ്രകാശനം ചെയ്യുന്നതിനും ശ്രമിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് എടുത്തു ചാട്ടം ഉണ്ടായി എന്നാണ് സ്ഥാപനത്തിൻ്റെ തന്നെ വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുസ്തക പ്രസാധനത്തിൻ്റെ ചുമതല വഹിക്കുന്ന ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്.
ആത്മകഥാ വിവാദം ആസൂത്രിതമാണെന്നാണ് ഇ.പി ജയരാജൻ ആവർത്തിക്കുന്നത്. പാർട്ടിക്ക് അകത്തും പുറത്തും തന്നെ വ്യക്തിപരമായി തകർക്കാനുള്ള ഗൂഢാലോചന എന്നാണ് ജയരാജൻെറ പ്രതികരണം.
പുസ്തകം പ്രസിദ്ധീകരിക്കാൻ കരാർ ഇല്ലെന്ന പ്രസിദ്ധീകരണ ശാലയുടെ മൊഴിയുടെ ബലത്തിലാണ് ഇ.പിയുടെ പ്രതികരണങ്ങൾ.
സ്ഥാപനത്തെ പ്രതിരോധത്തിലാക്കുന്നതാണ് ഇ.പി. ജയരാജൻ്റെ ഈ പ്രതികരണങ്ങളെങ്കിലും കൂടുതൽ വിശദീകരണങ്ങൾ നടത്തി വിവാദം മൂർച്ഛിപ്പിക്കേണ്ട എന്നാണ് പ്രസാധക കമ്പനിയുടെ നിലപാട്.
സി.പി.എമ്മുമായും സർക്കാരുമായും കലഹത്തിന് പോകേണ്ടന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഡി.സി ബുക്സ് എല്ലാ വർഷവും നടത്തി വരുന്ന കേരള ലിറ്റററി ഫെസ്റ്റിവലിന് സർക്കാർ സഹായം ഉണ്ട്. ഏറ്റുമുട്ടലിലേക്ക് പോയാൽ ഇതെല്ലാം നഷ്ടമാകുമെന്ന് ആശങ്കയുണ്ട്.