കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ കാര്യമായി പ്രചാരണത്തിനെത്തിയില്ല, കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ബി.ജെ.പിയില്‍ കടുത്ത അതൃപ്തി. സുരേഷ് ഗോപിയുടെ പല പ്രവര്‍ത്തികളും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ടാക്കുന്നതായിരുന്നു.
ഇതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റത്തെക്കുറിച്ചും നിരവധി പരാതികളാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ഉപതെരഞ്ഞെടുപ്പ് എത്തിയത്.
ഉപതെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തിനു കത്തയച്ചിരുന്നു. മണ്ഡലത്തില്‍ ശോഭയ്ക്കു വിജയസാധ്യത ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സുരേഷ് ഗോപി കത്തയച്ചത്.
സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണു പാലക്കാട്. ഇവിടെ കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്ത് എത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞിരുന്നു. സി.പി.എമ്മിനെ വീഴ്ത്തി രണ്ടാം സ്ഥാനം പിടിച്ചെടുത്തതും ശോഭ സുരേന്ദ്രനായിരുന്നു.
2016 ല്‍ പാലക്കാട് നടന്ന പോരാട്ടത്തില്‍ 28 ശതമാനത്തോളം വോട്ടു നേടിയാണു സി.പി.എമ്മിനെ ശോഭ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയത്. ഇതെല്ലാം പരിഗണിച്ചാണു സുരേഷ് ഗോപി കേന്ദ്രത്തിനു കത്തയച്ചത്.
പക്ഷേ, സുരേഷ് ഗോപിയുടെ ആവശ്യം തള്ളി കെ. സുരേന്ദ്രന്‍ പക്ഷക്കാരനായ സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കി. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ സുരേഷ് ഗോപിക്കു കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ഇപ്പോള്‍ തോല്‍വിയില്‍ കെ. സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നതു സുരേഷ് ഗോപിയുടെ അസാന്നിധ്യമാണ്. വലിയ ജനപിന്തുണയുള്ള സുരേഷ് ഗോപി മാറി നിന്നതു സ്ഥാനാര്‍ഥിക്കു ദോഷകരമായി മാറി എന്ന വിലയിരുത്തലാണുള്ളത്.
ബി.ജെ.പിയുടെ കോട്ടയായിരുന്ന നഗരസഭയില്‍ എഴായിരം വോട്ടുകളുടെ കുറവാണു ബി.ജെ.പിക്കുണ്ടായത്. നഗരസഭയില്‍ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും പതിനായിരത്തിലേറെ വോട്ടുകള്‍ക്കു പിന്നാക്കം പോയ എല്‍.ഡി.എഫ് ഇക്കുറി സരിനിലൂടെ ബി.ജെപിക്കൊപ്പം എത്തുകയും ചെയ്തു.
ബി.ജെ.പി സംസ്ഥാന നേതൃത്വവും സുരേഷ് ഗോപിയും തുടക്കം മുതല്‍ അത്ര യോജിപ്പിലായിരുന്നില്ല പോകുന്നത്. സുരേന്ദ്ര പക്ഷക്കാരയ നേതാക്കള്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്ന അവസ്ഥപോലും ഉണ്ടായിരുന്നു.
സംസ്ഥാന നേതൃത്വത്തിനു വഴങ്ങാതെ ഒറ്റക്കുള്ള പ്രവര്‍ത്തനമാണു സുരേഷ് ഗോപി നടത്തുന്നതെന്നാണ് നേതാക്കളുടെ പരാതി. സംസ്ഥാന നേതൃത്വത്തിന്റെ പരാതി കേന്ദ്രത്തെ അറിയിക്കുമെന്ന സൂചനയാണു ബി.ജെ.പിക്കുള്ളില്‍ നിന്നു പുറത്തു വരുന്നത്.