കോട്ടയം: പെരിയാര്‍ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിന്റെഭാഗമായുള്ള സ്ഥല പരിശോധനക്കുള്ള വിദഗ്ദ്ധ സമിതിയംഗമായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണനെ സർക്കാർ നാമനിര്‍ദേശം ചെയ്തു. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ചാണു സര്‍ക്കാര്‍ നടപടി.
ഒക്ടോബര്‍ അഞ്ചിനു പ്രത്യേകം വിളിച്ചു ചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണു ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വന്യജീവി ബോര്‍ഡിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനം എടുത്തത്.
ഈ വിഷയം കേന്ദ്ര വന്യജീവി ബോര്‍ഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണു സ്ഥലം പരിശോധിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിങ് കമ്മിറ്റി യോഗം വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.
ഡിസംബര്‍ 19, 20, 21 തീയതികളിലാണു വിദഗ്ദ്ധ സംഘം പ്രദേശങ്ങളില്‍ പരിശോധന നടത്തുക. ദേശീയ വന്യജീവി ബോര്‍ഡിന്റ സ്റ്റാന്റിങ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാര്‍, ദേശീയ വന്യജീവി വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നിവരാണു വിദഗ്ദ്ധ സമിതിയിലെ പ്രധാനപ്പെട്ട മറ്റ് അംഗങ്ങള്‍. കൂടാതെ ടൈഗര്‍ റിസര്‍വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കും.