/sathyam/media/media_files/2024/12/03/RfIRJaBSIjx1mnroB8dt.jpg)
പാലാ: രണ്ട് ദിവസം മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പ്രതിഷേധം അറിയിച്ച് പരിപാടി ബഹിഷ്കരിച്ച യുഡിഎഫിന്‍റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ തിങ്കളാഴ്ച പ്രസിഡന്‍റിന്‍റെ യാത്രയയപ്പ് സമ്മേളനത്തിലെത്തി പ്രസിഡന്‍റിനെ വാനോളം പുകഴ്ത്തി സംസാരിച്ചത് വിവാദമായിരിക്കുന്നത്.
മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച നടന്ന പ്രസിഡന്‍റ് സാജോ പൂവത്താനിയുടെ യാത്രയയപ്പ് സമ്മേളനത്തിലാണ് സംഭവം.
കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആരാണെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ സാജോ പൂവത്താനിയുടെ പേര് പറയുമെന്നായിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ പ്രസംഗിച്ചത്.
ജോസ്മോന്‍ മുണ്ടയ്ക്കല്‍ പാലായില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ നേതാവും സാജോ പൂവത്താനി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവുമാണെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ 17 മാസക്കാലം മീനച്ചില്‍ പഞ്ചായത്തില്‍ പ്രസിഡന്‍റായിരുന്ന സാജോ പൂവത്താനി സമാനതകളില്ലാത്ത വിധം പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചതെന്ന് ജോസ്മോന്‍ പറഞ്ഞു.
സാജോ പ്രസിഡന്‍റായിരുന്ന 17 മാസം കണ്ണടച്ചു തുടക്കുന്നതുപോലാണ് കടന്നുപോയത്. 23 -ാമത് വയസില്‍ പഞ്ചായത്ത് മെമ്പറായി പൊതുജീവിതം തുടങ്ങിയ സാജോ സ്വന്തം മേഖലയില്‍ വികസനം എത്തിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലാണ്.
അതിന്‍റെ ഫലമായാണ് പഞ്ചായത്തിലെ വീടില്ലാത്ത 159 പാവപ്പെട്ട കുടുംബങ്ങളുടെ ദൈന്യത കണ്ട് അവര്‍ക്കുവേണ്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ ലൈഫ് പദ്ധതി കേരളത്തിലാദ്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്ന് ജോസ്മോന്‍ പറഞ്ഞു.
ഇതോടെ ലൈഫ് ഭവന പദ്ധതി പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന യുഡിഎഫ് പഞ്ചായത്ത് തല കമ്മറ്റിയുടെ അവകാശവാദം ജോസ്മോന്‍ പൂര്‍ണമായും തള്ളുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് (30 ന്) പഞ്ചായത്തില്‍ നടന്ന ലൈഫ് ഭവന പദ്ധതി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ യുഡിഎഫ് കണ്ടെത്തിയ കാരണമായിരുന്നു ഇത്. ആ നിലപാടാണ് ജോസ്മോന്‍ തള്ളിയത്.
മാത്രമല്ല, ആ ചടങ്ങില്‍ സംബന്ധിക്കണമെന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ മുന്നണി സംവിധാനത്തെ അനുസരിക്കാന്‍ നിര്‍ബന്ധിതനായാണ് താന്‍ ചടങ്ങില്‍ സംബന്ധിക്കാതിരുന്നതെന്നും കൂടി ജോസ്മോന്‍ പറഞ്ഞതോടെ യുഡിഎഫിന്‍റെ അവകാശവാദം ജോസ്മോനും തള്ളി.
അതേസമയം ലൈഫ് പദ്ധതി ഉദ്ഘാടന സപ്ലിമെന്‍റില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലിയുടെ ഫോട്ടോ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്‍റെ യഥാര്‍ത്ഥത്തിലുള്ള സ്പോണ്‍സേര്‍ഡ് പരിപാടി ബഹിഷ്കരണം എന്നും ആരോപണം ഉയര്‍ന്നിരുന്നു.
പാലാ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളില്‍ ഏറ്റവും ശ്രദ്ധേയനായ രണ്ട് യുവ നേതാക്കളാണ് ജോസ്മോന്‍ മുണ്ടയ്ക്കലും സാജോ പൂവത്താനിയും. പാലായില്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന ഭവനനിര്‍മ്മാണ പദ്ധതിയില്‍ നൂറുകണക്കിന് വീടുകളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്.