/sathyam/media/media_files/2025/03/20/AAtMlbgpjoocwm6ZObDW.jpg)
കോട്ടയം:ഓണറേറിയവും ഇൻസന്റിവും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഴയും വെയിലും സഹിച്ച് സെക്രട്ടേറിയേറ്റ് നടയിൽ ഒരുമാസം പിന്നിട്ട സഹനസമരം നടത്തുന്ന ആശാ വർക്കർമാരെ അധിക്ഷേപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ.
സമരത്തിൽ പങ്കെടുക്കുന്നവർ യഥാർത്ഥ ആശാവർക്കർമാരല്ലെന്നാണ് സമര പോരാട്ടങ്ങളിലൂടെ ജനപിന്തുണയാർജിച്ച പാർട്ടിയായ സി.പി.എമ്മിന്റെ തലപ്പത്തിരിക്കുന്ന എ.വിജയരാഘവന്റെ അധിക്ഷേപം.
സമരം ചെയ്യാനിരിക്കുന്നവരെ പണം കൊടുത്ത് കൊണ്ടുവന്നിരുത്തിയിരിക്കുന്നവരാണെന്നാണ് വിജയരാഘവന്റെ ആക്ഷേപം. പത്തോ അഞ്ഞൂറോ പേരെ എവിടെ നിന്നെക്കൊയോ പിടിച്ചുകൊണ്ടുവന്ന് പണവും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്.
സർക്കാർ എന്തുചെയ്താലും അവർ പോവുകയൊന്നുമില്ല. ആറ് മാസത്തെ സമരമാണ് ലക്ഷ്യം. ആശാവർക്കർമാരുടെ സമരം കഴിഞ്ഞാൽ അംഗൻവാടി ജീവനക്കാരെ പിടിച്ചുകൊണ്ടുവന്നിരുത്തുമെന്നും എ.വിജയരാഘവൻ ആക്ഷേപിച്ചു.
മൂന്നാം തവണയും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നത് തടയുന്നതിന് വേണ്ടിയാണ് ആശാ വർക്കർമാരെ കൊണ്ടുവന്ന് ആസൂത്രിത സമരം നടത്തുന്നതെന്നാണ് വിജയരാഘവന്റെ ആരോപണം.
ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ആശാ വർക്കർമാർ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയരാഘവൻ സമരത്തെ അധിക്ഷേപിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സമരങ്ങളിലൂടെ നേതാവായ ആളിൽ നിന്നാണ് ഈ അധിക്ഷേപം എന്നതും ഏറെ ശ്രദ്ധേയമാണ് .ആശാ വർക്കർമാർ സെക്രട്ടേറിയേറ്റ് പടിക്കൽ സമരം തുടങ്ങിയത് മുതൽ നിരവധി അധിക്ഷേപങ്ങളാണ് അവർക്ക് നേരെ സി.പി.എം നേതാക്കളും മന്ത്രിമാരും ഉയർത്തിയത്.
അരാജക - അരാഷ്ട്രീയ വാദികൾ അണിനിരന്നിരിക്കുന്ന സമരമെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സി.ഐ.ടി.യു ജനറൽ സെക്രട്ടറിയുമായ എളമരം കരീമിന്റെ ആക്ഷേപം.എളമരത്തിന്റെ ആക്ഷേപം പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എറ്റെടുത്തു.
അരാജക വാദികളും അരാഷ്ട്രീയവാദകളും അണി നിരക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ ജമാ അത്തേ ഇസ്ളാമിയും എസ്.ഡി.പി.ഐയും ആണെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചത്.
സമരത്തെ ഇകഴ്ത്തിയും അധിക്ഷേപിച്ചും മറ്റ് നേതാക്കളും രംഗത്ത് വന്നിരുന്നു.സമരക്കാരെ ചർച്ചക്കുവിളിക്കുന്നതിന് പകരം പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നാണ് സി.പി.ഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
സമരം തന്നെ ശരിയല്ലെന്ന സമീപനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും സി.പി.ഐ നേതാക്കൾ വിമർശിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ സി.പി.എം നേതാക്കൾ ആശാ സമരത്തിനെതിരായ അധിക്ഷേപ വർഷം തുടരുകയാണ്.
സമരക്കാരെ ചർച്ചക്ക് വിളിക്കണമെന്ന് ഭരണമുന്നണിയിൽ നിന്നുതന്നെ ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ആശാ വർക്കർമാരെ കാണാൻ കൂട്ടാക്കിയത്.
പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയെ കണ്ട് സമരം ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും ആരോഗ്യ മന്ത്രി തയ്യാറായില്ലെന്നാണ് സമരക്കാർ പറയുന്നത്.
മൂന്നിരട്ടി ശമ്പള വർധനവെന്ന ആവശ്യം ജനാധിപത്യപരമല്ലന്ന് ആവർത്തിച്ച് ഉപദേശിക്കുകയാണ് മന്ത്രി ചെയ്തതെന്നും സമരക്കാർ പറഞ്ഞു.
ദേശിയ ആരോഗ്യമിഷൻ ഡയറക്ടർ ഡോക്ടർ വിനയ് ഗോയലാണ് ആശാ വർക്കർമാരുടെ നേതാക്കളുമായി ആദ്യം ചർച്ച നടത്തിയത്.
ശമ്പളം കൂട്ടില്ല എന്നത് സംസ്ഥാന സർക്കാരിന്റെ നിലപാടല്ലെന്നും വേതന പരിഷ്കരണം ആവശ്യപ്പെട്ട് അടുത്തയാഴ്ച തന്നെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് മന്ത്രിതല ചർച്ചയിൽ സമരക്കാരെ അറിയിച്ചത്.
സന്നദ്ധ പ്രവർത്തകർ എന്ന നിർവചനമടക്കം മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ആരോഗ്യ മന്ത്രി സമര സംഘടനയുടെ നേതാക്കളെ അറിയിച്ചു.
രണ്ടു ചർച്ചകളും പരാജയപ്പെട്ടതോടെയാണ് ആശാ വർക്കർമാർ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. കഴിഞ്ഞ മാസം 10നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയേറ്റ് നടയിൽ രാപ്പകൽ സമരം തുടങ്ങിയത്.