/sathyam/media/media_files/2025/04/04/7NIWKfHyScs8xvlHxXdc.jpg)
കോട്ടയം: കേന്ദ്രം കൊണ്ടു വന്ന വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റും രാജ്യസഭയും പാസാക്കിയതിന്റെ ഗുണം ബി.ജെ.പിക്കു കിട്ടുമോ?.. നിലമ്പൂരില്‍ ഏതു നിമിഷവും ഉപതെരഞ്ഞെടുപ്പ പ്രഖ്യാപനം പ്രതീക്ഷയിക്കുന്നുണ്ട്.
ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന ആദ്യ തെരഞ്ഞടുപ്പാണു നിലമ്പൂരിലേത്. വഖഫ് ഭേദഗതിക്കു പ്രതിഫലമായി ക്രൈസ്തവ സമൂഹം തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്കുണ്ട്.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണു ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇതിനായി മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളുകളെയും പരിഗണിക്കുന്നുണ്ട്.
ദേശീയ നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷം മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകൂ.
ബി.ജെ.പി ഈസ്റ്റ് ജില്ലാ കമ്മറ്റി അംഗം പി.ആർ രശ്മില്‍ നാഥ്, മേഖലാ വൈസ് പ്രസിഡന്റ് അശോക് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
എന്നാല്‍, വര്‍ധിച്ചു വരുന്ന ക്രൈസ്തവ ആക്രമണങ്ങള്‍ ബി.ജെ.പിക്കു തിരിച്ചടിയാണ്.
മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവ വിശ്വാസി സംഘത്തെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. സംഘ്പരിവാറിന്റെ ഇരട്ടത്താപ്പാണ് കേരളത്തിലെ ക്രൈസ്തവരെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും കേരളത്തിന് പുറത്ത് ആക്രമണത്തിന് ഇരയാക്കുന്നത്.
2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ പ്രകോപിതരായി കയ്യേറ്റം ചെയ്യുകയായിരിന്നു.
ഇതു ഒറ്റപ്പെട്ട സംഭവമല്ല രാജ്യത്ത് ക്രൈസ്തവ പീഡനങ്ങള്‍ ഭയാനകമാം വിധം വര്‍ധിക്കുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (യു.സി.എഫ്) കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ല്‍ നടന്നതിനേക്കാള്‍ 100 അക്രമസംഭവങ്ങള്‍ കൂടി 2024ല്‍ സംഭവിച്ചു.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മുതല്‍ ഹിന്ദുത്വ ശക്തികള്‍ ക്രൈസ്തവ വേട്ട തുടരുകയാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുകയും കത്തിച്ചു കളയുന്നതും പതിവ് സംഭവമായി മാറുന്നു.
മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പതിവാണ്. കുറ്റവാളികള്‍ക്കെതിരെ പരാതിപ്പെട്ടാലും പോലീസ് നടപടി എടുക്കാറില്ല.
യു.സി.എഫിന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം രണ്ടു ക്രൈസ്തവര്‍ രാജ്യത്തു മതത്തിന്റെ പേരില്‍ അക്രമിക്കപ്പെടുന്നുണ്ട്.
ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യു.സി.എഫ് 2014 മുതല്‍ 2024 വരെയുള്ള 10 വര്‍ഷം സംഭവിച്ച അക്രമങ്ങളുടെ കണക്കുകളും പുറത്ത് വിട്ടിരുന്നു.
ഓരോ വര്‍ഷവും അക്രമസംഭവങ്ങള്‍ കുത്തനെ കൂടുന്നതായാണു കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ക്രൈസ്തവര്‍ക്ക് നേരെ 4316 അക്രമസംഭവങ്ങള്‍ നടന്നതായാണ് യുസിഎഫ് പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
പാലക്കാട് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനെ പോലും സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതു ക്രൈസ്തവ സമൂഹത്തിനെ ആശങ്കയിലാക്കിയിട്ടുണ്ട്. അക്രമങ്ങള്‍ വര്‍ധിച്ചതു കേരളാ ബി.ജെ.പിക്കു തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്.