അങ്കമാലി - എരുമേലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാകുമോ?. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതിയുമായി വേഗത്തില്‍ മുന്നോട്ടുനീങ്ങാന്‍ ധാരണ. വിദഗ്ധ സംഘം ജൂലൈയില്‍ കേരളത്തിലെത്തും. മുന്‍പു നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതുപോലെ ഇതും പരാജയപ്പെടാതിരിക്കാന്‍ നടപടി വേണം

റെയില്‍വേ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിന്റെ മലയോര മേഖലകളില്‍ 14 റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് അങ്കമാലി-എരുമേലി പാത.

author-image
വീണ
New Update
Angamali sabari railway

കോട്ടയം: ഏറെനാളായി മുടങ്ങിക്കിടന്ന അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാകാന്‍ വഴിയൊരുങ്ങുന്നു എന്ന വിവരമാണു സംസ്ഥാനാ സര്‍ക്കാര്‍ പങ്കുവെക്കുന്നത്.

Advertisment

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതിയുമായി വേഗത്തില്‍ മുന്നോട്ടുനീങ്ങാന്‍ ധാരണയായി.

ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ വിദഗ്ധ സംഘം ജൂലൈയില്‍ കേരളത്തിലെത്തുമെന്നു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത സംസ്ഥാന റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചത്.

പ്രതിസന്ധിയിലായ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണ് മന്ത്രി പറയുന്നത്.

ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

എത്രയും പെട്ടെന്നു റെയില്‍പ്പാത പൂര്‍ത്തീകരിക്കാനാണു സര്‍ക്കാര്‍ ശ്രമന്നു പറയുമ്പോഴും പദ്ധതിക്കു മുന്നില്‍ പ്രതിസന്ധിയേറെയാണ്. 

ശബരി പാതക്കായി ഇതിനകം 264 കോടി രൂപ റെയില്‍വേ ചെലവാക്കിയിട്ടുണ്ട്. കാലടി വരെ ഏഴു കിലോമീറ്റര്‍ പാതയും പെരിയാറിനു കുറുകെ പാലവും നിര്‍മിച്ചു.

 കാലടി മുതല്‍ എരുമേലി വരെ 104 കിലോമീറ്റര്‍ പാത നിര്‍മാണമാണു ബാക്കിയുള്ളത്.

രണ്ടു ബജറ്റുകളിൽ 200 കോടി രൂപ കേന്ദ്രം നീക്കിവച്ചെങ്കിലും എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാല്‍ പണം ചെലവാക്കാന്‍ സാധിച്ചിരുന്നില്ല.

പ്രഖ്യാപിക്കുമ്പോള്‍ 550 കോടിയെന്നു കണക്കാക്കിയ ചെലവ് ഏറ്റവുമൊടുവില്‍ എസ്റ്റിമേറ്റ് പുതുക്കിയപ്പോള്‍ 3800 കോടിയായി.

ഇതിന്റെ പകുതി, 1900 കോടി രൂപയാണു കേരളം നല്‍കേണ്ടത്. 

റെയില്‍വേ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിന്റെ മലയോര മേഖലകളില്‍ 14 റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് അങ്കമാലി-എരുമേലി പാത.

വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ ഓടിക്കാന്‍ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തില്‍ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റാണ് ഇപ്പോള്‍ ശബരി പാതയ്ക്കുള്ളത്. 

 ഇതോടൊപ്പം എരുമേലിയിലെ വിമാനത്താവളംകൂടി യാഥാര്‍ഥ്യമായാല്‍, ദൂരദേശങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകര്‍ക്കും കേരളത്തിനാകെത്തന്നെയും അത് ഏറെ പ്രയോജനകരമാവും.

എന്നാൽ, ഏറ്റവുമൊടുവിൽ മഹാരാഷ്ട്ര മോഡലാണു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

എന്നാല്‍, കേരളം ഇതിനു സമ്മതിച്ചിരുന്നില്ല. ചര്‍ച്ചകള്‍ പരാജയപ്പെടുകയും ചെയ്തു. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്.

ശബരി റെയില്‍പാത ഇനിയെങ്കലും തടസങ്ങളില്ലാതെ പൂര്‍ത്തിയാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

 ഇനിയുള്ള കടമ്പകള്‍ എത്രയുംവേഗം മറികടന്ന്, സമയബന്ധിതമായി മുന്നോട്ടുനീങ്ങണം. അതിനായി റെയില്‍വേയോടൊപ്പം സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ചു നില്‍ക്കുകയും വേണം.