Advertisment

അന്‍വറിന്‍റെ ലക്ഷ്യം പി ശശി തന്നെ. എഡിജിപി അജിത് കുമാര്‍ മാര്‍ഗം മാത്രം ! ഇന്നലെ മുഖ്യമന്ത്രിയെ കണ്ടശേഷം മയപ്പെട്ടെന്ന് കരുതിയ അന്‍വര്‍ ഇരുട്ടി വെളുത്തപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെ പിണറായിക്കെതിരെ തുറന്നടിച്ചത് പുതിയ കണ്ണൂര്‍ ലോബിയുടെ തണലില്‍ ! അന്വേഷണം ഒതുക്കാമെന്ന് കരുതേണ്ടെന്ന് പിണറായിക്കും മുന്നറിയിപ്പ് ? പിണറായി ആദ്യമായി ചോദ്യം ചെയ്യപ്പെടുമ്പോള്‍

അന്‍വറിന് പിന്നാലെ കൂട്ടാളി കെടി ജലീല്‍ കൂടി കടുത്ത മുന്നറിയിപ്പുമായി രംഗത്തുവന്നതോടെ പാര്‍ട്ടിയിലെ പ്രബലരുടെ പിന്തുണയോടെയാണ് അന്‍വറിന്‍റെ നീക്കങ്ങള്‍ എന്ന് വ്യക്തമായിരിക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
pv anvar pinarai vijayan p sasi mr ajith kumar-2

 

Advertisment

കോഴിക്കോട്: ആഭ്യന്തര വകുപ്പിനെ ലക്ഷ്യം വച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇറക്കിവിട്ട ആരോപണ പരമ്പരകളിലെ അന്വേഷണവും സര്‍ക്കാരിന് കടുകട്ടിയാകും. ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചയോടെ പിവി അന്‍വറിനെ ഒതുക്കിയെന്ന് വ്യാപകമായി നിരീക്ഷിക്കപ്പെട്ടെങ്കിലും നേരം ഇടുട്ടി വെളുത്തപ്പോള്‍ അന്‍വര്‍ വീണ്ടും നിലപാട് കടുപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.

അന്‍വറിന് പിന്നാലെ കൂട്ടാളി കെടി ജലീല്‍ കൂടി കടുത്ത മുന്നറിയിപ്പുമായി രംഗത്തുവന്നതോടെ പാര്‍ട്ടിയിലെ പ്രബലരുടെ പിന്തുണയോടെയാണ് അന്‍വറിന്‍റെ നീക്കങ്ങള്‍ എന്ന് വ്യക്തമായിരിക്കുകയാണ്.

അജിത്തിലൂടെ ശശിയിലേയ്ക്ക് !

അന്‍വര്‍ എയ്തുവിട്ട ഒളിയമ്പിലെ യഥാര്‍ഥ ലക്ഷ്യം എഡിജിപി എംആര്‍ അജിത് കുമാര്‍ അല്ലെന്നത് പകല്‍പോലെ വ്യക്തമാണ്. അജിത് ഒരു മാര്‍ഗം മാത്രമാണ്. ലക്ഷ്യം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി തന്നെയാണ്.


ഏറെ കാലത്തിനു ശേഷം സിപിഎമ്മിലെ കണ്ണൂര്‍ ലോബി വീണ്ടും ശക്തമായ പവര്‍ ഗ്രൂപ്പായി തിരിച്ചു വരുന്നതിന്‍റെ സൂചനകളാണ് നിലവിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നിലുള്ളത്.


മാത്രമല്ല, സിപിഎമ്മില്‍ കാലങ്ങളായി ശക്തമായ സമ്മര്‍ദ്ദ ഗ്രൂപ്പായിരുന്ന കണ്ണൂര്‍ ലോബിയില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം നേതൃ സമവാക്യങ്ങള്‍ മാറിമറിയുന്നതിന്‍റെ സൂചനകളും സംഭവ വികാസങ്ങളുടെ ഭാഗമാണ്.

സമവാക്യങ്ങള്‍ തിരുത്തി കണ്ണൂര്‍ ലോബി

മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച നേതാവ് കൊടിയേരി ബാലകൃ‍ഷ്ണനും ജയരാജന്മാരുമെല്ലാം അടക്കി വാണിരുന്ന കണ്ണൂര്‍ ലോബിയില്‍ പഴയ സമവാക്യങ്ങള്‍ പൊളിച്ചെഴുതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനും പിടിമുറുക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

p jayarajan1


പിണറായിയും ഇപി ജയരാജനും ഉള്‍പ്പെടെയുള്ള പഴയ കരുത്തര്‍ക്ക് ഇപ്പോള്‍ കണ്ണൂര്‍ ലോബിയില്‍ കാര്യമായ സ്വാധീനങ്ങളില്ലെന്നതും വ്യക്തം.


ചാവേറുകളാകാന്‍ ജലീലും അന്‍വറും

മേല്‍പ്പറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ അജിത് കുമാറിനെ പദവിയിലിരുത്തിതന്നെ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രിയുടെ നീക്കമെങ്കിലും റിപ്പോര്‍ട്ട് നിഷ്പക്ഷമായില്ലെങ്കില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് നിലവിലെ സൂചന.

kt jaleel


ഇന്ന് കെടി ജലീലിന്‍റെ പ്രസ്താവനയിലെ വരികള്‍ക്കിടയിലുള്ളതും ആ മുന്നറിയിപ്പു തന്നെയാണ്. ദൈവത്തിന്‍റെ കണ്ണുകള്‍ അന്വേഷണ സംഘത്തിനുമേല്‍ തുറന്നിരിപ്പുണ്ടെന്ന ജലീലിന്‍റെ വാക്കുകള്‍ മുഖ്യമന്ത്രിക്കും മുകളില്‍ ഇടപെടലുണ്ടാകും എന്ന മുന്നറിയിപ്പാണ്.


കള്ളനാണയങ്ങളെ തുറന്നുകാട്ടും എന്ന ജലീലിന്‍റെ പ്രസ്താവനയും വിട്ടുകൊടുക്കില്ലെന്ന സൂചന തന്നെയാണ്. അതല്ല, എല്ലാം ഒതുക്കാനാണ് നീക്കമെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി തങ്ങള്‍ ചാവേറുകളായി മാറുമെന്നാണ് ജലീലിന്‍റെ വാക്കുകള്‍. അത് തടയാനാകില്ലെന്ന വ്യക്തമായ സന്ദേശമാണിത്.

മുഖ്യമന്ത്രിക്കെതിരെയും ഇതാദ്യം

പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയത് അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നല്ലെന്നതും പാര്‍ട്ടിയാണ് അത് ചെയ്തതെന്നുമാണ് പിവി അന്‍വര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.


ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിറങ്ങിയ അന്‍വറല്ല ഇന്ന് മാധ്യമങ്ങളെ കണ്ടത്. വാക്കുകളിലും ശരീര ഭാഷയിലും കൂടുതല്‍ കാര്‍ക്കശ്യം. മുഖ്യമന്ത്രിക്കെതിരെ ആദ്യമാണ് ഇത്തരം ഒരു പ്രതികരണം സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകുന്നത്. അതിനു പിന്നില്‍ പാര്‍ട്ടിയുടെ ശക്തമായ കരങ്ങള്‍ ഉണ്ടാകും എന്ന് വ്യക്തം.


മുഖ്യമന്ത്രി ആരോപിതരെ സംരക്ഷിക്കാനിറങ്ങയാല്‍ അതുക്കും മുകളില്‍ കാര്യങ്ങള്‍ നീങ്ങുമെന്ന മുന്നറിയിപ്പാണ് അന്‍വര്‍ നല്‍കിയത്. നിലവില്‍ പാര്‍ട്ടിയില്‍ ദുര്‍ബലനായിക്കൊണ്ടിരിക്കുന്ന പിണറായിക്ക് ഈ പ്രതിസന്ധി സ്വന്തം വഴിയേ പരിഹരിക്കുക അസാധ്യമായിരിക്കും.

Advertisment