കോഴിക്കോട്: സിപിഎമ്മിനെ വെല്ലുവിളിച്ച് പുറത്തിറങ്ങിയ പിവി അന്‍വര്‍ എംഎല്‍എയുടെ രാഷ്ട്രീയ നീക്കങ്ങള്‍ സിപിഎമ്മിനും ഇടതു മുന്നണിയ്ക്കും മാത്രമല്ല, യുഡിഎഫിനും തലവേദനയാകും ? അന്‍വറും കൂട്ടാളികളും ഇനി നടത്താനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ യുഡിഎഫിന്‍റെ കുട്ടയില്‍ ഒതുങ്ങുന്നതല്ലെന്നാണ് സൂചന.
പുതിയൊരു ന്യൂനപക്ഷ പാര്‍ട്ടിക്കാണ് അന്‍വറിന്‍റെ പടയൊരുക്കം. മുമ്പ് ലീഗിനെ വെല്ലുവിളിച്ച് പുറത്തുപോയ തവനൂര്‍ എംഎല്‍എ കെടി ജലീല്‍, കുന്നമംഗലം എംഎല്‍എ പിടിഎ റഹീം എന്നിവരൊക്കെയാകും അന്‍വറിന്‍റെ പാര്‍ട്ടിയില്‍ ഒപ്പമുണ്ടായിരിക്കുക എന്നതാണ് സൂചനകള്‍.
മാത്രമല്ല, മുസ്ലിം ലീഗില്‍ നിന്നടക്കം ചില നേതാക്കള്‍ അന്‍വര്‍ ടീമിനൊപ്പം ചേരുമോയെന്നും സന്ദേഹമുണ്ട്. ഇവിടെയാണ് യുഡിഎഫിന്‍റെ യഥാര്‍ഥ പ്രസിസന്ധി.
തള്ളാനും കൊള്ളാനുമാകാതെ യുഡിഎഫ് !
നിലവില്‍ അന്‍വറിനെയല്ല, അന്‍വര്‍ ഉന്നയിക്കുന്ന വിഷയങ്ങളെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്. അത് തന്ത്രപരമായ നീക്കവുമാണ്. കാരണം, മേല്‍ സൂചിപ്പിച്ചതു പോലെയാണ് അന്‍വറിന്‍റെ പാര്‍ട്ടിയെങ്കില്‍ അത് അതേ തട്ടകത്തിലുള്ള മുസ്ലിം ലീഗിന് വെല്ലുവിളിയാകും.
ലീഗിനേക്കാള്‍ ഒരു പടികൂടി കടന്ന് തീവ്രമുസ്ലിം നിലപാടുള്ള പാര്‍ട്ടി എന്നതാണ് അന്‍വറിന്‍റെ നീക്കം. അങ്ങനൊരു മുസ്ലിം പാര്‍ട്ടിയെകൂടി യുഡിഎഫില്‍ കക്ഷിയായി സ്വീകരിച്ചാല്‍ മുന്നണിയുടെ സാമുദായിക സന്തുലിതാവസ്ഥ ആകെ താളം തെറ്റും.
ഭൂരിപക്ഷ സമുദായങ്ങള്‍ മുന്നണിയെ കൈവിടും. ക്രൈസ്തവ വിഭാഗങ്ങളും മുന്നണിയെ അകലത്തില്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാകും. അതിനെല്ലാം പുറമെ അകത്ത് മുസ്ലിം ലീഗും പുതിയ പാര്‍ട്ടിയും തമ്മിലുള്ള ബലാബലങ്ങളും തലവേദനയാകും.
ഇനി അന്‍വറിന്‍റെ പാര്‍ട്ടിയേകൂടി ഉള്‍ക്കൊള്ളാന്‍ യുഡിഎഫ് തീരുമാനിച്ചാല്‍ അത് ബാലന്‍സ് ചെയ്യണമെങ്കില്‍ ഏതു വിധേനയും ക്രൈസ്തവ പ്രാതിനിധ്യത്തിനായി കേരള കോണ്‍ഗ്രസ് - എമ്മിനേകൂടി മുന്നണിയിലെത്തിക്കണം.
ടീം അന്‍വര്‍ പ്രായോഗികമോ ?
പിവി അന്‍വറും ഒപ്പമുള്ള നേതാക്കളും കോണ്‍ഗ്രസിലോ മുസ്ലിം ലീഗിലോ ചേരുകയാണെങ്കില്‍ യുഡിഎഫിന്‍റെ എല്ലാ തലവേദനകളും മാറും, കാര്യങ്ങള്‍ സുഗമമാകും. മലബാറില്‍ ഇടതുപക്ഷ തേരോട്ടത്തെ കെട്ടുകെട്ടിക്കാന്‍ പോന്ന സംഘബലമായി അത് മാറും.
എന്നാല്‍ അന്‍വറിന്‍റെ നീക്കങ്ങള്‍ കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ് ഈ ഘട്ടത്തിലെങ്കിലും മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാണ്. തീവ്ര മുസ്ലിം നിലപാടുകളുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതുതന്നെയാണ് ലക്ഷ്യം. ഡോ. കെടി ജലീല്‍ ആയിരിക്കും ആ പാര്‍ട്ടിയെ നയിക്കുകയെന്നതും വിലയിരുത്തപ്പെടുന്നു.
ജലീല്‍ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന് പാണക്കാട് തങ്ങള്‍മാരെപ്പോലെ പാര്‍ട്ടി നയിക്കും. പകരം പിവി അന്‍വര്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയേയും നയിക്കും. അതാകും ഫോര്‍മുല എന്നതാണ് സൂചനകള്‍.
ഇപ്പോള്‍ ഈ വിവാദങ്ങളിലൊന്നും അകപ്പെടാതെ മാറി നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍നിന്നുള്ള ഇടതുപക്ഷത്തെ മറ്റൊരു ഉന്നതനും തെരഞ്ഞെടുപ്പിന് മുമ്പായി ഈ ചേരിയിലെത്തുമെന്നും പറയപ്പെടുന്നു. ലീഗില്‍ നിന്നും ശക്തരായ അസംതൃപ്തര്‍ തന്നെ ഇവര്‍ക്കൊപ്പം കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.