കോഴിക്കോട്: മന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ള മന്ത്രി എകെ ശശീന്ദ്രന്‍റെ വാദങ്ങളും നീക്കങ്ങളും ദുര്‍ബലമാകുന്നു. ഇതോടെ മൂന്നാം തീയതിയിലെ മുഖ്യമന്ത്രി - പിസി ചാക്കോ കൂടിക്കാഴ്ചയോടെ ശശീന്ദ്രന് മന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്നുറപ്പായി. തുടരാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ അതിനുമുമ്പായി ശശീന്ദ്രന്‍ രാജിവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം ശശീന്ദ്രനുമായി ആശയവിനിമയം നടത്തുകയും രാജിവയ്ക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് മന്ത്രിസ്ഥാനം വീതംവയ്ക്കാന്‍ പാര്‍ട്ടിയില്‍ ധാരണ ഉണ്ടായിരുന്നെന്ന കാര്യം താന്‍ അറിയുന്നതെന്നാണ് ഇന്ന് ശശീന്ദ്രന്‍ പറഞ്ഞത്.
ശശീന്ദ്രന്‍ അനുനയത്തിന് വഴങ്ങിയാലും ഇല്ലെങ്കിലും ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് മൂന്നാം തീയതിയിലെ കൂടിക്കാഴ്ചയില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ശരത് പവാറിന്‍റെ കത്തും ചാക്കോ മുഖ്യമന്ത്രിക്ക് കൈമാറും. തോമസ് കെ തോമസ് എംഎല്‍എയും ഒപ്പമുണ്ടാകും. മന്ത്രി ശശീന്ദ്രനോടും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പിസി ചാക്കോ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ശശീന്ദ്രന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
ശശീന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശരത് പവാറിന്‍റെ കത്തും കൂടി ലഭിച്ചാല്‍ മുഖ്യമന്ത്രിയ്ക്കും പിന്നെ ശശീന്ദ്രനെ സഹായിക്കാനാകില്ല. അങ്ങനെയെങ്കില്‍ ശശീന്ദ്രന്‍ വഴങ്ങിയില്ലെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടേക്കാം.