കോഴിക്കോട്: ഒന്നുകില്‍ മുസ്ലിം ലീഗിനെ കൂടെ കൂട്ടുക, അല്ലെങ്കില്‍ മുസ്ലിം സമുദായത്തെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്തുക; കഴിഞ്ഞ 10 വര്‍ഷമായി സിപിഎം പയറ്റിപ്പോന്ന രാഷ്ട്രീയ തന്ത്രങ്ങളില്‍ ഒന്നാമത്തേത് ഇതായിരുന്നു. രണ്ടു പരിശ്രമങ്ങളും പാതി വഴിയിലെത്തിയ അവസ്ഥയിലുമായിരുന്നു.
ആ പരീക്ഷണങ്ങളിലെ ആദ്യ നേട്ടങ്ങളായിരുന്നു ഡോ. കെടി ജലീല്‍, പിവി അന്‍വര്‍, വി അബ്ദുറഹ്മാന്‍, കാരാട്ട് റസാഖ്, പിടിഎ റഹിം എന്നീ നേതാക്കള്‍ ഇടതു സ്വതന്ത്രരായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേയ്ക്ക് ഉജ്വല വിജയം നേടിയത്.
ലക്ഷ്യം തെറ്റിയ പ്രീണനം
മദ്രസാ അധ്യാപകര്‍ക്ക് പ്രതിമാസ സ്റ്റൈഫന്‍റ് ഉള്‍പ്പെടെ നിരവധിയായ ന്യൂനപക്ഷ കേന്ദ്രീകൃത പദ്ധതികളിലൂടെ മുസ്ലിം സമുദായം സിപിഎമ്മിനോട് അടുക്കുകയായിരുന്നു. ഒപ്പം തന്നെ മുസ്ലിം ലീഗിനെ പ്രീണിപ്പിച്ച് ഒപ്പം കൂട്ടാനുള്ള തന്ത്രവും പാതിവഴിയിലായിരുന്നു.
ആ പ്രണയവും തകര്‍ന്നു
എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റശേഷമുള്ള ആദ്യത്തെ ശ്രദ്ധേയമായ പ്രസ്താവന ലീഗിനെ വെള്ളപൂശിക്കൊണ്ടുള്ളതായിരുന്നു. ലീഗ് ഒരു വര്‍ഗീയ കക്ഷിയല്ല, മതേതര പാര്‍ട്ടി ആണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.
ഇതോടെ ലീഗിലെ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഒരുവേള ഇടതുമുന്നണിയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഒരു പിണറായി വിരുദ്ധ പ്രസ്താവന ലഭിക്കുകയെന്നാല്‍ ശ്രമകരമായ ദൗത്യമായിരുന്നു.
യുഡിഎഫ് നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഏറെ ആശങ്കയുമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ചില നയപരമായ ഇടപെടലുകളാണ് ഒരു പരിധിവരെ ലീഗിനെ യുഡിഎഫില്‍ പിടിച്ചു നിര്‍ത്തിയത്.
അന്‍വര്‍ ഒരു ബൂമറാങ്ങ് !
പക്ഷേ ഇപ്പോള്‍ ഇതെല്ലാം തകര്‍ന്ന അവസ്ഥയിലാണ് സിപിഎം. എല്ലാം തകര്‍ത്തത് പിവി അന്‍വര്‍ എംഎല്‍എയുടെ നീക്കങ്ങളും. ഒപ്പം സിപിഎമ്മിന്‍റെ മുസ്ലിം പരീക്ഷണ ശാലകളിലെ ആദ്യ വിജയങ്ങളായ കെടി ജലീലും കാരാട്ട് റസാഖും പിടിഎ റഹിമും പോലും അസംതൃപ്തരാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
ആ വാര്‍ത്തകള്‍ നിഷേധിക്കാന്‍ അവര്‍ തയ്യാറുമല്ല. മന്ത്രി വി അബ്ദുറഹ്മാന്‍ പോലും അത്ര തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലപ്പുറത്തുകാരെ കൊള്ളക്കാരാക്കരുതേ...
അന്‍വറിനെ പ്രതിരോധിക്കാന്‍ എംവി ഗോവിന്ദന്‍ മുതല്‍ നിലമ്പൂരിലെ ഏരിയാ സെക്രട്ടറിമാര്‍ വരെ രംഗത്തുണ്ട്. പക്ഷേ അതൊന്നും ഏശുന്നില്ല. മാത്രമല്ല, മലപ്പുറത്തുകാരെ കള്ളക്കടത്തുകാരും രാജ്യദ്രോഹികളുമാക്കിയെന്ന ആരോപണമാണ് സിപിഎം നേരിടുന്നത്.
ആര്‍എസ്എസ് പ്രീണനം മലപ്പുറത്തിന്‍റെ ചിലവില്‍ വേണ്ടെന്നാണ് ഇന്ന് പ്രതിപക്ഷം സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സിപിഎം നടത്തുന്ന ഓരോ നീക്കങ്ങളും പാളുകയാണ്.
അന്‍വറിന്‍റെ യോഗത്തില്‍ പങ്കെടുത്ത ജുമാ അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ലീഗ് അണികളാണെന്ന് സിപിഎം ആരോപിച്ചത് അവരുടെ ആശങ്ക വെളിവാക്കുന്നു.
ചുരുക്കത്തില്‍ ഭരണരംഗത്തെ ചില പാളിപ്പോയ തന്ത്രങ്ങളാണ് സിപിഎമ്മിനെ ഈ പടുകുഴിയില്‍ അകപ്പെടുത്തിയത്.