കോഴിക്കോട്: ഇതുവരെ നയം വ്യക്തമാക്കാതെയുള്ള പിവി അന്‍വറിന്‍റെ രാഷ്ട്രീയ നീക്കം ജാഗ്രതയോടെ നിരീക്ഷിച്ച് ഇടത് - വലത് മുന്നണികള്‍. ദിവസങ്ങള്‍ കഴിയും തോറും യുഡിഎഫിന്‍റെ കാര്യത്തില്‍ അന്‍വറും, അന്‍വറിന്‍റെ കാര്യത്തില്‍ യുഡിഎഫും നിലപാട് മയപ്പെടുത്തുന്നതാണ് ശ്രദ്ധേയം.
വരട്ടെ കാത്തിരുന്നു കാണാം... എന്ന നിലപാട് പറയുന്തോറും അന്‍വറിനെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ മുസ്ലിം ലീഗിനോ കോണ്‍ഗ്രസിനോ രണ്ടഭിപ്രായമില്ല. ആദ്യം അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളെ പിന്തുണച്ച യുഡിഎഫ് ഇനി അന്‍വറിനേയും പിന്തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്.
രണ്ട് മുസ്ലിം പാര്‍ട്ടികള്‍
പക്ഷേ അന്‍വറിനെ ഏത് രൂപത്തില്‍ സ്വീകരിക്കണം എന്ന കാര്യത്തിലാണ് സന്ദേഹം. അന്‍വര്‍ ഒരു പാര്‍ട്ടിയായി വന്നാല്‍ അതിനെ യുഡിഎഫിന്‍റെ ഘടകകക്ഷി ആക്കാന്‍ പറ്റുമോ എന്നതാണ് പ്രധാന വിഷയം. അങ്ങനെ വന്നാല്‍ യുഡിഎഫില്‍ മുസ്ലിം പാര്‍ട്ടികളുടെ എണ്ണം രണ്ടാകും. അത് യുഡിഎഫിന് ചില അധിക രാഷ്ട്രീയ ബാധ്യതകള്‍ സൃഷ്ടക്കും.
അതേസമയം നെഹ്റു കുടുംബവുമായി പോലും ബന്ധമുള്ള മുന്‍ കോണ്‍ഗ്രസുകാരനായ പിവി അന്‍വര്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങി വരാനാണ് തീരുമാനമെങ്കില്‍ പാര്‍ട്ടി ഇരുകൈയ്യും നീട്ടി സ്വീകരിക്കും. പക്ഷേ അന്‍വര്‍ കോണ്‍ഗ്രസിന്‍റെ കുട്ടയില്‍ ഒതുങ്ങുമോ എന്ന ചോദ്യം അപ്പോഴും ബാക്കിയുണ്ട്.
ലക്ഷ്യം പാര്‍ട്ടിയോ
എന്നാല്‍ അന്‍വറിന്‍റെ ലക്ഷ്യങ്ങള്‍ അതുക്കും മീതെയാണ് എന്നാണ് വിലയിരുത്തല്‍. ഒരു പാര്‍ട്ടിയിലും ചേരാതെ ഒരു പാര്‍ട്ടിയായി മാറുക എന്നതാണ് ലക്ഷ്യം. പക്ഷേ അതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അന്‍വറിനും ചില ധാരണകളുണ്ട്. കാരണം അന്‍വറിനൊപ്പം കെടി ജലീല്‍, പിടിഎ റഹിം ഉള്‍പ്പെടെയുള്ള മറ്റു നേതാക്കളേയും കൂടെ കൂട്ടാനുണ്ട്.
പക്ഷേ അവര്‍ക്കൊന്നും കോണ്‍ഗ്രസിനോട് എത്രത്തോളം താല്‍പര്യമുണ്ട് എന്നതാണ് പ്രധാന തടസം. അതിനാലാണ് ആ നീക്കം ധൃതിയിട്ട് വേണ്ടെന്ന നിലപാടിലേയ്ക്ക് അന്‍വര്‍ നീങ്ങിയത്. ഭാവി നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ രൂപപ്പെട്ടു വരും.