പി.വി അന്‍വറിനു പിന്നാലെ മുന്‍ എംഎല്‍എ കാരാട്ട് റസാഖും സിപിഎം ബന്ധം ഉപേക്ഷിക്കുമെന്നുറപ്പായി. പുറത്തുപോകും മുമ്പ് പിണറായിയുടെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ പ്രതികരണം ഉണ്ടാകും. അനുനയ നീക്കങ്ങള്‍ക്ക് പിടികൊടുക്കാത്തത് മുസ്ലിം സമുദായത്തിലെ സിപിഎം വിരോധം കാരണമെന്നും വിലയിരുത്തല്‍

എംഎൽഎ ആയിരിക്കെ കൊടുവള്ളി മണ്ഡലത്തിൽ  കൊണ്ടുവന്ന പല പദ്ധതികളും മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ അട്ടിമറിച്ചുവെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.

New Update
pv anvar karatt rasaq muhammad riyaz
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: പി.വി അൻവറിന് പിന്നാലെ സിപിഎം ബന്ധം ഉപേക്ഷിക്കാൻ മുൻ സ്വതന്ത്ര  എംഎൽഎ കാരാട്ട് റസാഖും. ഉന്നയിച്ച പ്രശ്നങ്ങളിൽ ഒരാഴ്ച്ചക്കകം പരിഹാരം കണ്ടില്ലെങ്കിൽ പാർട്ടി ബന്ധം ഉപേക്ഷിക്കുമെന്നാണ് കാരാട്ട് റസാഖിൻ്റെ മുന്നറിയിപ്പ്.

Advertisment

സിപിഎം ബന്ധം ഉപേക്ഷിക്കുന്നതിന് മുൻപ് പി.വി അൻവർ നടത്തിയത് പോലെ കാരാട്ട് റസാഖും മുഖ്യമന്ത്രിയുടെ മരുമകനും മരാമത്ത് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ചു.


എംഎൽഎ ആയിരിക്കെ കൊടുവള്ളി മണ്ഡലത്തിൽ  കൊണ്ടുവന്ന പല പദ്ധതികളും മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ അട്ടിമറിച്ചുവെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.

karatt rasaq press meet

മന്ത്രിയെന്ന നിലയിൽ റിയാസിൻ്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും പരാതി ഉന്നയിച്ചിട്ടും മന്ത്രി തൻ്റെ ആവശ്യങ്ങൾ തള്ളി കളഞ്ഞെന്നും റസാഖ് കുറ്റപ്പെടുത്തി. മന്ത്രി പി.എ മുഹമ്മദ് റിയാസ് ബോധപൂർവ്വം പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്. ലീഗ് എംഎൽഎ മുനീറിനെയും അദ്ദേഹത്തിൻ്റെ പാർട്ടിയേയും സഹായിക്കുന്നതിനായിട്ടാണ് മന്ത്രി റിയാസ് പദ്ധതികൾ അട്ടിമറിക്കുന്നത്.

സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെ ലീഗിന് അനുകൂല നിലപാട് എടുക്കുന്നതായും കാരാട്ട് റസാഖ് ആരോപിച്ചു. ഒരാഴ്ചക്കുള്ളിൽ തീരുമാനം ഉണ്ടായിട്ടില്ലെങ്കിൽ ഇടത് ബന്ധം  ഉപേക്ഷിക്കുമെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.


കഴിഞ്ഞദിവസം ചേലക്കരയിൽ അൻവറിന്റെ സംഘടനയുടെ പരിപാടിയിൽ കാരാട്ട് റസാഖ് പങ്കെടുത്തിരുന്നു. ഇതോടെ റസാഖ് പുറത്തേയ്ക്കു തന്നെ എന്ന് ഏതാണ്ട് വ്യക്തമാണ്. അതിന് പിന്നാലെയാണ് ഇപ്പോൾ സിപിഎം നേതൃത്വത്തിന് മുന്നറിയിപ്പ് എന്ന നിലയിൽ നിലപാട്  വ്യക്തമാക്കിയിരിക്കുന്നത്.


നേരത്തെ കാരാട്ട് റസാഖ് പരസ്യ പ്രതികരണം നടത്തിയപ്പോൾ അദ്ദേഹത്തെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനാണ് കാരാട്ടിനെ വിളിച്ച് സംസാരിച്ചത്. അപ്പോഴും പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കിയിരുന്നു.

pv anvar karatt rasaq

ഒരാഴ്ച സമയമാണ് ഇപ്പോൾ പാർട്ടിക്ക് നൽകിയിരിക്കുന്നത്. അതിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പുറത്തേക്ക് നീങ്ങുമെന്നാണ് കാരാട്ട് റസാഖ് നൽകുന്ന സൂചന.


മുസ്ലീം ലീഗിലേക്ക് തിരിച്ചു പോകില്ലെന്ന് ഉറപ്പിച്ച് പറയുന്ന റസാഖ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നത് ഉൾപ്പടെയുളള മാർഗങ്ങളും ആലോചിക്കുന്നുണ്ട്. എന്നാൽ പി.വി .അൻവറിനൊപ്പമാണ് കാരാട്ട് റസാഖ് എന്നാണ് സൂചന. 


പി.വി അൻവറിൽ നിന്ന് സംഘടനയിലേക്ക് ക്ഷണം ഉണ്ടെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. കുറച്ചു കാത്തിരിക്കാൻ അൻവറിനോട് പറഞ്ഞിട്ടുണ്ടെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു. ഇടതുപക്ഷ സഹയാത്രികൻ ആയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അൻവറുമായി സഹകരിക്കുമോ എന്നത് ഇപ്പോൾ പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ചേലക്കരയിൽ പി.വി അൻവറിനെ കണ്ടത്  സ്വകാര്യ സന്ദർശനം മാത്രമാണ്. സഹയാത്രികരെ കൂടെ നിർത്താൻ പാർട്ടിക്ക്  കഴിയേണ്ടതുണ്ട്. പി.വി അൻവറിനെ കൂടെ നിർത്താൻ കഴിഞ്ഞില്ല.


സഹയാത്രികർക്ക് പാർട്ടിയോട്  വിശ്വാസം ഉണ്ടാകുന്ന രീതിയിൽ നയം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ അൻവറിനെ പോലെ കടുത്ത തീരുമാനത്തിലേക്ക് തനിക്കും പോകേണ്ടിവരുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.


കൊടുവള്ളിയിലെ പാർട്ടി പ്രാദേശിക നേതൃത്വത്തിൽ നിന്നും സർക്കാരിൽ നിന്നും നേരിടുന്ന പ്രശ്നങ്ങളും പല തവണ ശ്രദ്ധയിൽപെടുത്തിയിട്ടും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല എന്നാണ് കാരാട്ട് റസാഖ് ഉന്നയിക്കുന്ന പ്രധാന പരാതി.

മുഖ്യമന്ത്രിയെയും പാർട്ടി നേതൃത്വത്തെയും കണ്ട് പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് കാരാട്ട് റസാഖ് പറയുന്നത്. പരാതി ഉന്നയിച്ച തന്നെ തെറ്റുകാരനാക്കുന്ന സമീപനമാണ് പ്രാദേശിക നേതൃത്വം സ്വീകരിക്കുന്നത്.

karatt rasaq-2

തിരഞ്ഞെടുപ്പ് സമയത്തെ അടിയൊഴുക്കുകളെ കുറിച്ച് പരാതി നൽകിയിരുന്നു. ഇതുവരെ മറുപടി ലഭിച്ചില്ല. ഈ രണ്ടു കാര്യത്തിൽ തീരുമാനമില്ലെങ്കിൽ  മറിച്ച് ചിന്തിക്കേണ്ടിവരുമെന്നാണ് കാരാട്ട് റസാഖിൻ്റെ മുന്നറിയിപ്പ്.


പി.വി അൻവറിനെപ്പോലെ  മുഖ്യമന്ത്രിയുടെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസിനെതിരെ
ആരോപണമുന്നയിച്ച് പുറത്ത് പോകാനാണ് കാരാട്ട് റസാഖും ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.


രക്തസാക്ഷി പരിവേഷത്തോടെ പുറത്തേക്ക് നീങ്ങിയാൽ കൂടുതൽ ശ്രദ്ധ ലഭിക്കും എന്നും കരുതുന്നുണ്ട്. മുസ്ലിം സമുദായത്തിൽ ഇടത് സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും നുരയുന്ന എതിർ വികാരത്തിന്റെ പ്രതിഫലനമാണ് അൻവറിലൂടെയും കാരാട്ട് റസാഖിലൂടെയും പുറത്തുവരുന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.


സമുദായത്തിനകത്ത് ഉയരുന്ന എതിർപ്പ് മനസ്സിലാക്കി സ്വതന്ത്രർ സ്വന്തം തടി കാക്കുന്നുവെന്നും ആശങ്കയുണ്ട്. അൻവറിന് പിന്നാലെ മറ്റൊരു സ്വതന്ത്രനായ റസാഖും പാർട്ടി ബന്ധം ഉപേക്ഷിക്കുന്നത് സിപിഎമ്മിനെ ബുദ്ധിമുട്ടിലാക്കും.


ന്യൂനപക്ഷ സംരക്ഷകരായി അവകാശപ്പെടുന്ന പാർട്ടിക്ക് സ്വന്തം കൂടാരത്തിലുള്ള സ്വതന്ത്ര നേതാക്കളെ പോലും കൂടെ നിർത്താൻ കഴിയുന്നില്ല എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.

Advertisment