കോഴിക്കോട്: മലബാറില്‍ മുസ്ലിം ലീഗിനോട് കൈകോര്‍ത്ത സമസ്ത വീണ്ടും ഇടയുന്നു എന്നത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ സമസ്ത - ലീഗ് ഏറ്റുമുട്ടല്‍ ലീഗ് നേതൃത്വത്തിനും യുഡിഎഫിനും തലവേദനയാണ്.
തുടക്കം മുതല്‍ തന്നെ ലീഗ് കൂട്ടുകെട്ടിനോട് താല്‍പര്യമില്ലാതിരുന്ന സമസ്ത സെക്രട്ടറിയും മുശവറ അംഗവും കൂടിയായ ഉമര്‍ ഫൈസി മുക്കമാണ് ഇത്തവണയും വിമര്‍ശനത്തിന്‍റെ നേതൃസ്ഥാനത്ത്.
ലീഗ് അധ്യക്ഷന്‍ കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഉമര്‍ ഫൈസിയുടെ നീക്കം. സാദിഖലിയെ വിവരമില്ലാത്തവന്‍ എന്നിവരെ പറഞ്ഞുകൊണ്ടാണ് ഉമ്മന്‍ ഫൈസി രംഗത്ത് വന്നത്. ഇതോടെ സമസ്തയിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്.
കിതാബ് നോക്കിവായിക്കാന്‍ പോലും വിവരമില്ലാത്ത രാഷ്ട്രീയക്കാരാണ് ഇപ്പോള്‍ ഖാസി ആകാന്‍ ശ്രമിക്കുന്നതെന്ന ഉമര്‍ ഫൈസിയുടെ വിമര്‍ശനം സാദിഖലിയെ ലക്ഷ്യം വച്ചാണ്.
മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാരാണ് എന്നും എന്നാൽ ചില രാഷ്ട്രീയക്കാർ സ്ഥാനം ഏറ്റെടുത്ത് പണ്ഡിതനാണ് എന്ന് തെളിയിക്കാനാണ് ശ്രമമെന്നും ഉമർ ഫൈസി മുക്കം ആക്ഷേപിച്ചു.
സാദ്ദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടായിരുന്നു സമസ്ത മുശവറ അംഗം കൂടിയായ ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം. ഇരു സംഘടനകളും വീണ്ടും ഭിന്നിപ്പിൻ്റെ പാതയിലാകുന്നു എന്ന സൂചന ഇതിലൂടെ വീണ്ടും പുറത്തുവന്നു.
ചൊടിപ്പിച്ചത് ഖാസി ഫൗണ്ടേഷന്‍
ലീഗ് അധ്യക്ഷൻ പാണാക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയാണ് ഇപ്പോള്‍ ഉമര്‍ ഫൈസി രംഗത്തുവന്നത്. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാസി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തതിലാണ് വിമർശനം.
മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും സമസ്ത നേതാവ് ഉമർ ഫെെസി മുക്കം വിമർശിച്ചു.
സമസ്തയുടെ ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്ത് ഉമർ ഫൈസി മുക്കത്തി ൻ്റെ വിമർശനം.
കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇപ്പോൾ ഇതിൽ താല്‍പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട് വിമർശനം ഇങ്ങനെ നീണ്ടു.
സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തി. കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജ് വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നവർ കരുതിയിരിക്കുന്നത് നല്ലതാണെന്നും അവരെ എതിർക്കാനുള്ള ആയുധം സമസ്തയുടെ കൈയ്യിലുണ്ടെന്നും ഉമർ ഫൈസി മുക്കം ഓർമപ്പെടുത്തി.
മുൻപ് പല വിഷയത്തിലും സമസ്ത ലീഗ് ഭിന്നിപ്പ് മറ നീക്കി പുറത്തുവന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടക്കം അത് പ്രതിഫലിക്കും എന്ന ഘട്ടത്തിൽ സമസ്ത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഐക്യ സന്ദേശം നൽകാനായിരുന്നു ലീഗ് നേതൃത്വം ശ്രമിച്ചത്.
ഇടതുപക്ഷ പാർട്ടികളോട് അനുഭാവം പുലർത്തുന്ന ചിലർ സമസ്ത നേതൃത്വത്തിലുണ്ടെന്ന ആക്ഷേപമായിരുന്നു ഉമ്മർ ഫൈസി മുക്കം അടക്കമുള്ളവരെ ലക്ഷ്യമിട്ട് ലീഗ് നേതൃത്വം അന്ന് വ്യക്തമാക്കിയത്.
ഇപ്പോൾ ഭിന്നത വീണ്ടും പരസ്യമാവുമ്പോൾ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടുള്ള വിമർശനത്തെ മുസ്ലിം ലീഗ് നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് അറിയേണ്ടത്. ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ലീഗ് കൂടുതല്‍ പ്രതികരണത്തിന് മുതിരാന്‍ സാധ്യത.