കോഴിക്കോട്: സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗം നടക്കാനിരിക്കെ തനിയ്ക്ക് എതിരെ ഉയർന്നേക്കാവുന്ന വിമർശനങ്ങൾക്ക് മുൻകൂട്ടി മറുപടി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
തൻ്റ പ്രവർത്തനത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണം എന്നും അധ്യക്ഷ സ്ഥാനത്ത് ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു വെച്ചത് പാർട്ടിയിൽ താൻ ഒറ്റപ്പെടുന്നു എന്ന ബോധ്യത്തിൽ.
"സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാളാണ് ഞാൻ. പരാജയമുണ്ടായാൽ എപ്പോഴും പഴി പ്രസിഡന്റിന് വരും". പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണെന്ന് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ കെ സുരേന്ദ്രൻ വ്യക്തമാക്കിയത് തികഞ്ഞ ഉദ്ദേശത്തോടു കൂടിയാണ് എന്ന് വ്യക്തം.
വി മുരളീധരൻ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. അന്ന് രാജിവെക്കാൻ ആരും ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത് എന്ന് പറയാതെ പറയുകയായിരുന്നു കെ സുരേന്ദ്രൻ.
വിമർശനങ്ങൾ പലഭാഗത്തുനിന്ന് ഉയരുമ്പോഴും താൻ അധ്യക്ഷ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ് എന്നുകൂടി കെ സുരേന്ദ്രൻ പറഞ്ഞുവെച്ചു.
ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളത്തിൻറെ പ്രഭാരി കൂടിയായ പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയതിന് തൊട്ടു പിറകെ നടത്തിയ വാർത്ത സമ്മേളനത്തിൽ കേന്ദ്ര നേതൃത്വം തനിക്കൊപ്പം ഉണ്ട് എന്ന ആത്മവിശ്വാസം കൂടി സുരേന്ദ്രൻ പങ്കുവെച്ചു.
പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം വലിയ വീഴ്ച സംഭവിച്ചതായി പാർട്ടിയിൽ ഒരു വിഭാഗം വിമർശനം ശക്തമാക്കുമ്പോഴാണ് അധ്യക്ഷന്റെ ഈ നിലപാട്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർത്ഥി നിർണയത്തിന്റെ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളാണ് പാലക്കാട് സ്ഥാനാർത്ഥിയായത്.
മൂന്ന് പേരുകൾ ചർച്ചയിൽ വന്നിരുന്നു. ഇതിൽ രണ്ട് പേർ മൽസരിക്കാൻ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. എന്നാൽ മലമ്പുഴയിൽ മൂവായിരം വോട്ടുകൾ അമ്പതിനായിരം ആക്കിയ സ്ഥാനാർഥിയാണ് കൃഷ്ണകുമാർ.
കാര്യങ്ങൾ വിശദമാക്കുമ്പോൾ അത് കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥത്തെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയായിട്ടാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്. തീർന്നില്ല, പാലക്കാട് പരാജയത്തിന്റെ പേരിൽ പരസ്യപ്രസ്താവനകൾ നടത്തിയവർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും എന്ന് കൂടി പരോക്ഷമായി കെ സുരേന്ദ്രൻ പറയുമ്പോൾ, പാർട്ടി ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് എന്നതാണ് യഥാർത്ഥ്യം.