/sathyam/media/media_files/2rHgKCZ9gvsC0zufEgHP.jpg)
കോട്ടയം: വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാന്‍ കാരത്തിരിക്കുന്ന കെ.എസ്.ഇ.ബിക്ക് ഉല്‍പ്പാദനം വര്‍ധപ്പിക്കുന്നതില്‍ അത്ര താല്‍പര്യമില്ല.
സ്ഥാനത്ത് ആഭ്യന്തര ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിന്, ജലവൈദ്യുതി പദ്ധതികള്‍, സോളാര്‍, കാറ്റാടിപ്പാടങ്ങള്‍ തുടങ്ങിയ വിവിധ സാധ്യതകള്‍ കെ.എസ്.ഇ.ബി ആരായുന്നുണ്ട്. പക്ഷേ, ഇവ നടപ്പാക്കുന്നതില്‍ അത്ര വേഗമില്ലെന്നു മാത്രം.
2030ഓടു കൂടി 10000 മെഗാവാട്ടിന്റെ സ്ഥാപിതശേഷിയാണു കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്. പക്ഷേ, പല പദ്ധതികളും ചുവപ്പു നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ചിലതാകട്ടേ നടപ്പാക്കാന്‍ കെ.എസ്.ഇ.ബി അത്ര താല്‍പര്യം കാട്ടാറുമില്ല.
ഇപ്പോഴും സംസ്ഥാനത്ത് ആവശ്യമായതിന്റെ 30 ശതമാനത്തില്‍ താഴെയാണ് ആഭ്യന്തര ഉല്‍പാദനം. ശേഷിക്കുന്ന വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സങ്കീര്‍ണ സാഹചര്യം സര്‍ക്കാർ ഗൗരവത്തോടെ കാണുന്നില്ല.
ഉൽപ്പാദനം കൂട്ടാൻ സൗര പദ്ധതികൾക്കു കഴിയുമെങ്കിലും ഊര്‍ജ്ജ ആവശ്യകത കൂടിയ സമയം ഇവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ സാധിക്കില്ലെന്നതാണു പദ്ധതികളുടെ ന്യൂനതയായി കെ.എസ്.ഇ.ബി പറയുന്നത്.
ഇതിനായി സംസ്ഥാനത്തു സംഭരണ ശേഷിയുള്ള ജലവൈദ്യുത നിലയങ്ങളും പമ്പ്ഡ് സ്‌റ്റോറേജ് നിലയങ്ങളും ആവശ്യമാണ്. ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കുന്നതിനു സംസ്ഥാ സംസ്ഥാനത്ത് ബാറ്ററി സ്‌റ്റോറേജ് സംവിധാനങ്ങള്‍ നടപ്പിലാക്കാനും ലക്ഷ്യമിട്ടിരുന്നു പക്ഷേ, പദ്ധതി എങ്ങുമെത്തിയില്ലെന്നു മാത്രം.
അതേസമയം, അധികമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനു സൗര നിലയങ്ങള്‍, സോളാര്‍ പാര്‍ക്ക്, സ്വകാര്യ സംരംഭകര്‍, ഫ്‌ലോട്ടിങ് സോളാര്‍, കാറ്റാടി നിലയങ്ങള്‍ എന്നീ പദ്ധതികളും ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിവരുന്നുണ്ടെന്നാണു കെ.എസ്.ഇ.ബിയുടെ വാദം.
സംസ്ഥാനത്തു സെപ്റ്റംബര്‍ 30 വരെ ആകെ 170638 നിലയങ്ങള്‍ സ്ഥാപിച്ചത് വഴി 1215.68 മെഗാവാട്ട് സൗരോര്‍ജ്ജം സോളാര്‍ പദ്ധതിയുടെ ഭാഗമായി ഗ്രിഡിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കെ.എസ്.ഇ.ബി പറയുന്നു.
കൂടാതെ പമ്പ്ഡ് സ്‌റ്റോറേജ് ജല വൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നതു കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ട്. ഡാമുകളില്‍ നിന്നും പുറന്തള്ളുന്ന വെള്ളം വീണ്ടും പമ്പ് ചെയ്ത് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതാണ് പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികള്‍.
3330 മെഗാവാട്ട് ശേഷിയുള്ള 10 സൈറ്റുകള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ട് പദ്ധതികള്‍ നടപ്പിലാക്കുന്നതിനു സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതിയും ലഭ്യമായിട്ടുണ്ട്. കൂടാതെ വിവിധ പദ്ധതികളുടെ ഇന്‍വെസ്റ്റിഗേഷന്‍/ ഡി.പി.ആര്‍ തയ്യാറാക്കല്‍ പ്രവൃത്തികളും നടന്നുവരുന്നതായി കെ.എസ്.ഇ.ബി പറയുന്നു.
പക്ഷേ, ഇവ കാര്യക്ഷമവും വേഗത്തിലും നടപ്പാക്കാന്‍ ശ്രമിക്കാതെ നിരക്ക് വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. ഉയര്‍ന്ന വിലയ്ക്കു വൈദ്യുതി വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന തുടര്‍ച്ചയായ നിര്‍ദേശമാണു കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ നല്‍കാറുള്ളത്.
കമീഷന്റെ വിവിധ തെളിവെടുപ്പുകളില്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുന്നതിനു പുറമേ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട മിക്ക ഉത്തരവുകളിലും വിഷയം ഓര്‍മിപ്പിക്കാറുമുണ്ട്.
പദ്ധതികള്‍ വൈകുന്നതുമൂലമുള്ള നഷ്ടം വൈദ്യുതി താരിഫ് നിര്‍ണയത്തില്‍ പരിഗണിക്കില്ലെന്ന് കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയത് കഴിഞ്ഞ മാസമാണ്. ജല വൈദ്യുതി പദ്ധതികളടക്കം പൂര്‍ത്തിയാക്കുന്നതിലെ കെ.എസ്.ഇ.ബിയുടെ അനാവശ്യ കാലതാമസം നഷ്ടത്തിന്റെ കണക്കില്‍പെടുത്താനാവില്ലെന്നാണു കമ്മീഷന്‍ വ്യക്തമാക്കിയത്.
2027 വരെയുള്ള വൈദ്യുതോല്‍പാദന മേഖലയിലെ മൂലധന നിക്ഷേപപദ്ധതി അംഗീകരിച്ചുള്ള ഉത്തരവിലായിരുന്നു ഈ പരാമര്‍ശം.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനക്ക് മുഖ്യകാരണമാവുന്നത് ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തുന്നതിലെ മെല്ലെപ്പോക്കാണ്. മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികള്‍ പുനരാരംഭിക്കാനും നിര്‍മാണത്തിലുള്ളവ വേഗത്തിലാക്കാനും അടുത്തിടെ കെ.എസ്.ഇ.ബി ശ്രമം ആരംഭിച്ചിട്ടുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം.
വിലകുറഞ്ഞ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സാധ്യതകള്‍ ഏറെയുള്ള സംസ്ഥാനത്ത് അത് പ്രയോജനപ്പെടുത്തുന്നതിലെ വീഴ്ചയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടക്കണക്ക് കൂട്ടിയതും അതിന്റെ ബാധ്യത ഉപഭോക്താക്കളിലേക്ക് എത്തുന്നതിലേക്കും നയിച്ചത്.