തിരുവനന്തപുരം: കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിൽ ഉണ്ടായ കൈയ്യാങ്കളിക്കിടെ സ്പീക്കറുടെ കസേര തളളിത്താഴെയിട്ടതിൽ പരസ്യമായി തെറ്റ് സമ്മതിച്ച് ഡോ. കെ.ടി.ജലീൽ എം.എൽ.എ. സ്പീക്കറുടെ ചെയർ തള്ളിത്താഴെയിട്ടത് അബദ്ധമായിപ്പോയെന്ന് ഡോ. കെ.ടി ജലീലിൽ എം എൽ എ ഫേസ് ബുക്കിൽ കമന്റിൽ കുറിച്ചു.
ഗുരുവര്യന്മാർക്ക് അധ്യാപകദിന ആശംസകൾ നേർന്നുകൊണ്ട് ജലീല്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന കമന്റിലാണ് ജലീല്‍ തെറ്റ് സമ്മതിച്ചത്. ഇ.പി.ജയരാജൻെറ കൂടെചേർന്ന് സ്പീക്കറുടെ കസേര തളളിത്താഴെയിട്ടത് ശരിയായോ എന്നായിരുന്നു കമന്റ് ചെയ്തയാളുടെ ചോദ്യം.
''എന്നാലും അസംബ്ലിയിൽ ഇ പി ജയരാജൻ്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയ്യർ വലിച്ചിട്ടത് ശരിയായില്ല താങ്കൾ അസംബ്ലിയിൽ പോയിരുന്നില്ലെങ്കിൽ പിഎസ്എംഒ കോളേജില്‍ പ്രിന്‍സിപ്പല്‍ ആകേണ്ട ആളായിരുന്നു. കോളേജിൽ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാലും താങ്കൾ വരുമ്പോൾ വിദ്യാത്ഥികൾ താങ്കളുടെ ചെയ്യർ വലിച്ചെറിഞ്ഞാൽ എന്തായിരിക്കും താങ്കളുടെ നിലപാട് ? '' ഇതായിരുന്ന ഫസൽ ഷൂക്കൂർ എന്നയാൾ ഡോ.കെ.ടി ജലീലിൻെറ പോസ്റ്റിന് താഴെയിട്ട കമന്റ്. ഇതിനോട് പ്രതികരിച്ച ഡോ. കെ.ടി.ജലീൽ നിയമസഭാ കൈയ്യാങ്കളിയിലെ തെറ്റ് ഏറ്റുപറയുകയായിരുന്നു.
''ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ'' ഇതായിരുന്നു ഡോ.കെ.ടി ജലീലിൻെറ മറുപടി.
2015 മാർച്ച് 13നാണ് നിയമസഭയിൽ യു.ഡി.എഫ് സർക്കാരിന് വേണ്ടിയുളള ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫ് എം.എൽ.എമാർ നിയമസഭയിൽ കൈയ്യാങ്കളി നടത്തിയത്.
സ്പീക്കറുടെ കസേര വലിച്ച് താഴെയിട്ടും ചെയറിന് മുന്നിലെ കംപ്യൂട്ടറുകളും ഉപകരണങ്ങളും നശിപ്പിച്ചും സഭയിലെ ഇരിപ്പിടങ്ങൾക്ക് മുകളിലൂടെ ഓടിനടന്നുമാണ് ഇടതുപക്ഷ എം.എൽ.എമാർ നിയമസഭ അലങ്കോലമാക്കിയത്. സഭക്കും കേരളത്തിനും ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൻെറ പേരിലുളള കേസിൽ ഇനിയും അന്തിമ വിധിയുണ്ടായിട്ടില്ല.
നിയമസഭാ കൈയ്യാങ്കളിയെ തളളിപ്പറഞ്ഞ് ഡോ.കെ.ടി.ജലീലിൻെറ രംഗപ്രവേശത്തെ പരിഹസിച്ച് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളും കമന്റുകളും വരുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ടി. ബൽറാമിൻേറതാണ്. തെറ്റ് ഏറ്റുപറഞ്ഞ ഡോ.കെ.ടി.ജലീലിൻെറ നടപടിയെ സ്വാഗതം ചെയ്യുന്നു എന്നാണ് വി.ടി.ബൽറാമിൻെറ ആദ്യ പ്രതികരണം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്നും ബൽറാം പ്രതികരിച്ചു.
" നിയമസഭയ്ക്കകത്ത് അഴിഞ്ഞാട്ടം നടത്തിയതും സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടതും തെറ്റായിപ്പോയി എന്ന് കെ.ടി.ജലീൽ എംഎൽഎ തുറന്നുപറയുന്നതിനെ സ്വാഗതം ചെയ്യുന്നു. അബദ്ധമെന്നും വികാരത്തള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴ എന്നുമാണ് ജലീൽ ഈ പ്രവൃത്തിയേക്കുറിച്ച് ഏറ്റുപറയുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ട്. സമാനമായ തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവർക്കും തോന്നിയാൽ അതെത്ര നന്നായേനെ ! ഏതായാലും ശിവൻകുട്ടിയിൽ നിന്നും ജയരാജനിൽ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാൻ തയ്യാറാവുമോ എന്നാണ് അറിയേണ്ടത്.'' ബൽറാം ഫേസ് ബുക്കിൽ കുറിച്ചു.
പി.വി.അൻവറിനൊപ്പം പൊലീസ് ഭരണത്തെ വിമർശിച്ച് ശക്തമായി രംഗത്തുളള കെ.ടി. ജലീലിൻെറ ഇപ്പോഴത്തെ മനംമാറ്റത്തിന് മറ്റ് രാഷ്ട്രീയ കാരണങ്ങളെന്തെങ്കിലും ഉണ്ടോ എന്നാണ് ഇനി അറിയാനുളളത്.