/sathyam/media/media_files/VJJGH5jMpqhcq8HZGDJw.jpg)
കോട്ടയം: കൈപ്പുഴമുട്ടിൽ കാർ വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ മരിച്ചത് മഹാരാഷ്ട്രയിൽ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിയും വനിതാ സുഹൃത്തും. കൊട്ടാരക്കര സ്വദേശിയും മഹാരാഷ്ട്ര താനേയിൽ സ്ഥിര താമസക്കാരനുമായ ജെയിംസ് ജോർജ് (48) , സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സർജിയു(27)മാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളത്തെ കണക്ടിങ് ക്യാബിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. തുടർന്ന്, കുമരകത്ത് ഹൗസ് ബോട്ടിൽ സർവീസ് നടത്തുന്നതിനാണ് ഇവർ എത്തിയിരുന്നത്.
ഇവിടെ എത്തിയ ശേഷം ഹൗസ് ബോട്ടിൽ പോകുന്നതിനായി കാർ ആറ്റിറമ്പിലേയ്ക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കാറിനുള്ളിൽ ഒരു കുട്ടി കൂടി ഉണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്താണ് രണ്ടു പേരെയും പുറത്ത് എടുത്തത്. അതുകൊണ്ടു തന്നെ കാറിനുള്ളിൽ മറ്റാരും ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്.
ദിശയറിയാതെ കാര്‍ ഓടിച്ച് വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. മഹാരാഷ്ട്രയിലെ താനയിൽ നിന്നും അവധി ആഘോഷിക്കാനും കുമരകം കാണാനുമാണ് ഇരുവരും എത്തിയത്. രണ്ടു പേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻ്റെ ഇടതുവശത്തെ സർവീസ് റോഡ് വഴിയാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറയുന്നു.
കാറിൻ്റെ ഉള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടെത്.
ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കാർ ഉയർത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്.