Advertisment

പണം തിന്നുന്ന പ്രതിനിധി. യാത്രപ്പടിയും ഓണറേറിയവും ലക്ഷങ്ങൾ. സംസ്ഥാനത്തിന്റെ വിഹിതത്തിന് വാദിക്കാൻ കേന്ദ്ര ധനമന്ത്രിക്ക് മുന്നിലെത്തിയ കെ.വി തോമസിന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമില്ല. ചോദ്യങ്ങൾക്ക് മുമ്പിൽ ക്ഷുഭിതനായി തോമസ്

നിലവിൽ കെ.വി.തോമസിന്റെ യാത്രാബത്ത ഉയർത്താൻ നിർദേശമുണ്ട്. പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ.

New Update
kv thomas new

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന പരാതിയുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കാണാൻ പോയ സംസ്ഥാന സർക്കാരിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസിന് പല ചോദ്യങ്ങൾക്കും മറുപടിയില്ല. 

Advertisment

ആശവർക്കറുമാരുടെ സമരത്തെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ അദ്ദേഹം പ്രകോപിതനായി. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്നായിരുന്നു തോമസിന്റെ മറുപടി.


കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ.വി തോമസ് പറഞ്ഞു. 


കൃത്യമായ കണക്കുകളില്ലാതെയാണ് കെ.വി തോമസ് സംസ്ഥാനത്തിന്റെ വിഹിതം സംബന്ധിച്ച പരാതിയുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ കാണാൻ പോയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സംസ്ഥാനത്തിന് കേന്ദ്രവിഹിതം കിട്ടാനുണ്ടെന്ന വാദം രേഖകൾ സഹിതം വ്യക്തമാക്കാനാണ് ധനമന്ത്രി ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

ആശാ വർക്കർമാർക്ക് കേന്ദ്രം പണം നൽകാനുണ്ടെന്ന കെ.വി തോമസിന്റെ അവകാശവാദവും ധനമന്ത്രി തള്ളിയതായാണ് സൂചനകൾ പുറത്ത് വരുന്നത്.  


മാർച്ച് 12ന് ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ കണക്കുകൾ കൈമാറണമെന്ന ആവശ്യവും ധനമന്ത്രി മുമന്നാട്ടുവെച്ചുവെന്നാണ് സൂചന. 


കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ 2023 ജനുവരി 19നാണ് കാബിനറ്റ് പദവിയോടെ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

കേരളത്തിന്റെ താൽപര്യങ്ങൾ ദേശീയ തലത്തിൽ സംരക്ഷിക്കു ന്നതിനും കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തി പ്രധാന വിഷയങ്ങളിൽ ഇടപെടുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്. ഇതേ ജോലികൾക്കായി കേരളത്തിന്റെ രണ്ട് പ്രതിനിധികൾ ഡൽഹിയിലുള്ളപ്പോഴായിരുന്നു തോമസിന്റെ നിയമനം.

കേരള ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തക്കുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് പുറമേ  മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വേണു രാജാമണിയെയും അന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. പിന്നീട് വേണു രാജാമണി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.


പ്രത്യേക പ്രതിനിധിയുടെ ഓണറേറിയം, പഴ്‌സനൽ സ്റ്റാഫിന്റെ വേതനം, വിമാനയാത്രാക്കൂലി, വാഹനത്തിനുള്ള ഇന്ധനച്ചെലവ് എന്നിവയ്ക്കായി പ്രതിവർഷം 30 ലക്ഷത്തോളം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. 


അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലുള്ളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ എന്നിങ്ങനെയാണ് നിയമനം.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ട്രഷറി നിയന്ത്രണത്തിൽ ഇളവുവരുത്തി മുമ്പ് 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നൽകിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു.


നിലവിൽ കെ.വി.തോമസിന്റെ യാത്രാബത്ത ഉയർത്താൻ നിർദേശമുണ്ട്. പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ.


അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റിൽ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം 6.31 ലക്ഷം രൂപ ചിലവായതിനാൽ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗം ശുപാർശ ചെയ്യുകയായിരുന്നു.

ഓണറേറിയം ഇനത്തിൽ പ്രതിവർഷം ലക്ഷങ്ങൾ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിർദേശം.

Advertisment