/sathyam/media/media_files/2025/02/18/xkzyfpTxN0VzjIr92K6f.webp)
തിരുവനന്തപുരം: ബ്രൂവറി അനുമതിയും കിഫ്ബി റോഡുകളിൽ നിന്ന് യൂസർ ഫീ പിരിവും അടക്കമുളള വിവാദ വിഷയങ്ങൾക്കിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം നാളെ ചേരും. സിപിഐ ആസ്ഥാനത്ത് വെച്ചാണ് ഇത്തവണ യോഗം ചേരുന്നത്.
മദ്യനിർമാണശാലക്ക് നൽകിയ പ്രാരംഭാനുമതി പിൻവലിക്കണമെന്ന് സി.പി.ഐയും ആർ.ജെ.ഡിയും നിലപാട് എടുത്തിരിക്കെ മുന്നണി യോഗം എന്ത് തീരുമാനം കൈക്കൊളളുമെന്നതാണ് യോഗത്തെ ശ്രദ്ധേയമാക്കുന്നത്.
ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ച് ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകാൻ സി.പി.എം തയാറാകുമോ എന്നതാണ് ചോദ്യം.
വിവാദങ്ങളെ ഭയന്ന് 600 കോടി മുതൽ മുടക്കുളള പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല എന്നാതാണ് എക്സൈസ് വകുപ്പിൻെറയും സി.പി.എമ്മിൻെറയും ഇതുവരെയുളള സമീപനം.
നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണെങ്കിൽ പദ്ധതി വരുന്നതിനെ എന്തിന് എതിർക്കണെമന്നാണ് എക്സൈസ് മന്ത്രി എം.ബി.രാജേഷിൻെറ ചോദ്യം.
ജലക്ഷാമം ഇല്ലെന്നും വൻതോതിൽ മഴവെളള സംഭരണം നടക്കുന്ന പ്രദേശമാണ് കഞ്ചിക്കോട് മേഖലയെന്നും തെളിയിക്കുന്നതിനായി കഴിഞ്ഞ ദിവസം സ്വകാര്യ സ്ഥാപനത്തിൻെറ മഴവെളള സംഭരണിയിൽ മാധ്യമ പ്രവർത്തകരുമായി സന്ദർശനം നടത്തിയിരുന്നു.
മഴക്കൊയ്ത്തിലൂടെ സംഭരിക്കുന്ന വെളളത്തിൻെറ നാലിലൊന്ന് പോലും മദ്യനിർമാണശാലക്ക് ആവശ്യമായി വരില്ലെന്നാണ് മന്ത്രി എം.ബി.രാജേഷ് അവകാശപ്പെട്ടത്.
ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തീരുമാനം അനുകൂലമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് മന്ത്രിയും എക്സൈസ് വകുപ്പും.
കുടിവെളളത്തിനും കൃഷിക്ക് ആവശ്യമായ വെളളത്തിനും ക്ഷാമം ഉണ്ടാക്കുന്നതാണ് വൻകിട ബ്രൂവറിയെ എതിർക്കുന്നതിന് കാരണം.
കൃഷിഭൂമി പരിവർത്തനം ചെയ്ത് മദ്യ നിർമാണശാല സ്ഥാപിക്കുന്നതിനോടും സി.പി.ഐക്ക് യോജിപ്പില്ല. ജലദൌർലഭ്യം സൃഷ്ടിക്കുന്ന പദ്ധതിയെ എതിർക്കണമെന്ന പാലക്കാട് ജില്ലാ കൌൺസിലിൻെറ തീരുമാനത്തെ പിന്തുണച്ചാണ് പാർട്ടി സംസ്ഥാന നേതൃത്വം ബ്രൂവറിക്ക് എതിരായ സമീപനം സ്വീകരിച്ചത്.
ജനുവരി 27ന് ആലപ്പുഴയിൽ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവാണ് പദ്ധതിയെ എതിർക്കാൻ തീരുമാനിച്ചത്. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവ് നിലപാടിൽ ഉറച്ച് നിൽക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ പാർട്ടി മന്ത്രിമാർക്ക് ഈ നിലപാടിനോട് അത്രകണ്ട് യോജിപ്പില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ അനുമതിയോടെ മന്ത്രിസഭാ യോഗത്തിൽ പദ്ധതിയെ അനുകൂലിച്ചശേഷം പിന്നീട് മാറ്റിപറയുന്നത് തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്നമാണെന്നാണ് മന്ത്രിമാരുടെ പ്രശ്നം.
നിലവിലുളള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തിയാൽ പിന്നെ പദ്ധതിയെ എതിർക്കേണ്ട കാര്യമുണ്ടോ എന്നും സി.പി.ഐ മന്ത്രിമാർ ചോദിക്കുന്നുണ്ട്.
മുന്നണിയിൽ ചർച്ച ചെയ്യാത്ത മദ്യനയം അടിസ്ഥാനമാക്കിയാണ് ഡിസ്റ്റിലറി ആരംഭിക്കാൻ അനുമതി നൽകിയത് എന്നതാണ് ആർ.ജെ.ഡി ഉന്നയിക്കുന്ന വാദം.
2022-23ലെ മദ്യനയത്തിലാണ് ഡിസ്റ്റിലറിക്ക് അനുമതി നൽകാൻ വ്യവസ്ഥയുളളത്. എന്നാൽ ഈ നയം ചർച്ചക്ക് വന്നിട്ടില്ലെന്നാണ് ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഡോ.വറുഗീസ് ജോർജ് പറയുന്നത്.
മദ്യനയത്തെപ്പറ്റി വിശദമായ ചർച്ച വേണമെന്നും സർക്കാർ തീരുമാനം എടുക്കുന്നതിന് മുൻപ് മുന്നണിയിൽ ചർച്ച കൂടിയേ തീരു എന്നാണ് ആർ.ജെ.ഡിയുടെ ആവശ്യം.
എന്നാൽ ഒരു എം.എൽ.എ മാത്രമുളള മുന്നണിയിലെ ചെറിയ പാർട്ടിയായ ആർ.ജെ.ഡിയുടെ വിമർശനങ്ങളെ സി.പി.എം കാര്യമായെടുക്കുന്നില്ല.
മുന്നണി യോഗത്തിലും മാധ്യമങ്ങൾക്ക് മുന്നിലും എതിർപ്പ് പ്രകടിപ്പിക്കാമെന്നല്ലാതെ അതിനപ്പുറം കടന്നുളള തീരുമാനങ്ങളിലേക്ക് പോകാൻ ആർ.ജെ.ഡിക്കും ആവതില്ല.
എന്നാൽ സി.പി.ഐ നിലപാടിൽ ഉറച്ച് നിന്നാൽ ബ്രൂവറിയുമായി മുന്നോട്ട് പോകാൻ സി.പി.എം അറയ്ക്കും. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുന്നണിയിൽ തർക്കമാണെന്ന പ്രതീതി സൃഷ്ടിക്കാൻ സി.പി.എം ആഗ്രഹിച്ചേക്കില്ല.
കോൺഗ്രസിലെ തമ്മിലടിയിൽ പ്രതീക്ഷവെച്ചും അതിനെ പ്രചരണ വിഷയമാക്കിയും മുന്നോട്ട് പോകുമ്പോൾ സ്വന്തം പാളയത്തിൽ പടയൊരുക്കം നടക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് സി.പി.എമ്മിന് ബോധ്യമുണ്ട്.
കിഫ്ബി യൂസർ ഫീ അനിവാര്യമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും ഇപ്പോഴത്തെ പരിതസ്ഥിതിയിൽ ഉടൻ തീരുമാനം വന്നേക്കില്ല.