/sathyam/media/media_files/2025/01/14/kYoDRH91cNFEAqFM8a3E.jpg)
കോഴിക്കോട്: മുസ്ളീം ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് വിരുദ്ധരും തമ്മിൽ ഉണ്ടാക്കിയ അനുരഞ്ജനം വീണ്ടും പൊളിഞ്ഞു.
സമവായത്തിനായി നടത്തിയ ഇടപെടൽ തകർന്നുവെന്ന് മാത്രമല്ല വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലുമായി.
സമസ്ത നേതൃത്വത്തിൻെറ നിർദേശപ്രകാരം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് വന്നുകണ്ട് സംസാരിക്കാനെത്തിയവർ മുൻധാരണ പ്രകാരം പരസ്യമായി ഖേദ പ്രകടനം നടത്താത്തതാണ് അനുരഞ്ജന നീക്കങ്ങളെ തകിടം മറിച്ചത്.
താനുമായി ചർച്ചയ്ക്ക് എത്തിയ നേതാക്കളുടെ പ്രതികരണം നീതി പുലർത്തിയില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ തുറന്നടിച്ചതോടെയാണ് സമവായ നീക്കം പാളം തെറ്റിയവിവരം പുറത്തായത്.
തനിക്കെതിരെ നടത്തിയ പ്രതികരണങ്ങൾ പരസ്യമായി മാധ്യമങ്ങളിലൂടെ പറഞ്ഞതായത് കൊണ്ട് നേരിട്ട് നടത്തിയ ഖേദപ്രകടനം പരസ്യമായി നടത്തണമെന്ന് സാദിഖലി തങ്ങൾ ചർച്ചക്കെത്തിയ സമസ്ത നേതാക്കളോട് നിഷ്കഷിച്ചിരുന്നു.
എന്നാൽ സമസ്ത നേതാക്കൾ അതിന് കൂട്ടാക്കിയില്ല. തങ്ങളോട് നടത്തിയ ഖേദം പ്രകടനം മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ചത് ചർച്ചയുടെ അന്തസത്തക്ക് നിരക്കുന്നതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
സമവായം ഉണ്ടാക്കാൻ സമസ്ത മുൻകൈ എടുത്ത് നടത്തി ചർച്ചയിൽ നേതാക്കൾ മര്യാദ പുലർത്താത്തതിലുളള പ്രതിഷേധം ലീഗ് നേതൃത്വം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ടറിയിച്ചിട്ടുണ്ട്.
ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. "വീട്ടിൽ എത്തി ഖേദം പ്രകടപ്പിച്ചവർ അത് പുറത്തു പറയണമെന്നായിരുന്നു ധാരണ.എന്നാൽ ഖേദ പ്രകടനം മറച്ചു വച്ചു.
ഇക്കാര്യത്തിലുള്ള പ്രതിഷേധം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അറിയിച്ചിട്ടുണ്ട്" സാദിഖലി തങ്ങൾ പറഞ്ഞു. സമസ്ത നേതാക്കൾ സാദിഖലി തങ്ങളെ കണ്ടതിന് ശേഷം ഈ മാസം 23ന് വീണ്ടും ഒരുമിച്ചിരുന്ന് ചർച്ച നടത്താൻ ധാരണയുണ്ടായിരുന്നു.
സമവായ നീക്കം പൊളിഞ്ഞ സാഹചര്യത്തിൽ 23ലെ ചർച്ചക്ക് പോകുന്നത് ആലോചിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു.ലീഗ് അധ്യക്ഷനെ കണ്ട് ഖേദ പ്രകടനം നടത്തിയെന്ന വിവരം ചർച്ചക്ക് പോയ സമസ്ത നേതാക്കളിൽ ഒരാളായ ഉമർ ഫൈസി മുക്കം നിഷേധിച്ചു.
"മാപ്പു പറയുക ദൈവത്തിനോട് മാത്രം.ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തു എന്നത് വാസ്തവമാണ്. തെറ്റിദ്ധരിപ്പിക്കാൻ പലരും ഉണ്ടായി. പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല '' ഉമർ ഫൈസി മുക്കം പ്രതികരിച്ചു.
എന്നാൽ ലീഗ് അധ്യക്ഷനെ വന്നുകണ്ട സമസ്ത നേതാക്കൾ ഖേദം പ്രകടിപ്പിച്ചുവെന്ന് പാർട്ടി നേതാക്കൾ ആവർത്തിച്ചു. '' ഹമീദ് ഫൈസി അടക്കം സമസ്തയിലെ നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു.
തങ്ങള്‍ക്കെതിരായ പ്രസ്താവനകളില്‍ മനോവിഷമുണ്ടായെന്ന് അവർ പറഞ്ഞു.ഖേദം പ്രകടിപ്പിച്ചത് മാധ്യമങ്ങളെ അറിയിക്കണമെന്നായിരുന്നു തങ്ങള്‍ നിർദേശിച്ചത്'' പി.കെ.കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
അനുരഞ്ജന ചർച്ചയും വിവാദമായതോടെ സമസ്ത -ലീഗ് പോരിന് സമീപകാലത്തൊന്നും പരിഹാരം കാണാനാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഇന്നലെയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കൊപ്പം സംഘടനയിലെ ലീഗ് വിരുദ്ധരായ ഉമർ ഫൈസി മുക്കവും ഹമീദ് ഫൈസി അമ്പലക്കടവും പാണക്കാട് എത്തി സാദിഖലി ശിഹാഹ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
ചർച്ചക്ക് ശേഷം മലപ്പുറം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഖേദ പ്രകടനത്തിൻെറ കാര്യം മാത്രം സമസ്ത നേതാക്കൾ മറച്ച് വെച്ചു. ഇതാണ് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അടക്കമുളളവരെ പ്രകോപിപ്പിച്ചത്.
സാധാരണ പ്രതികരണങ്ങളിൽ വളരെ മിതത്വം പാലിക്കാറുളള സാദിഖലി തങ്ങൾ ഇന്ന് കടുപ്പിച്ചാണ് മറുപടി പറഞ്ഞത്. എന്നാൽ ലീഗിൻെറ സമ്മർദ്ദത്തിനോ ഭീഷണിക്കോ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സമസ്തയിലെ ലീഗ് വിരുദ്ധർ.
അതാണ് മാപ്പ് പറയുന്നത് അളളാനോട് മാത്രമെന്ന ഉമർ ഫൈസി മുക്കത്തിൻെറ പ്രതികരണങ്ങളിൽ നിന്ന് വായിച്ചെടുക്കാനാവുന്നത്.