തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടയുളള സംസ്ഥാനങ്ങളിലെ നാമനിർദ്ദേശ പത്രികാ സമർപ്പണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക നൽകാനാവില്ല. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്‌സ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ച ദിവസങ്ങളായത് കൊണ്ടാണ് ഈ ദിവസങ്ങളിൽ പത്രിക സ്വീകരിക്കാത്തത്. ഇതോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് 5 ദിവസങ്ങൾ മാത്രമേ ലഭിക്കൂ.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഏപ്രിൽ നാലാണ്. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. മുൻകാലങ്ങളിലെ പോലെ പത്രികാ സമർപ്പണം യഥേഷ്ടം ചിത്രീകരിക്കുന്നതിന് ഇത്തവണ മാധ്യമ പ്രവർത്തകർക്ക് വിലക്കുണ്ട്. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനായി സ്ഥാനാർത്ഥികൾ റിട്ടേണിംഗ് ഓഫീസറുടെ ക്യാബിനിലേക്ക് പ്രവേശിക്കുമ്പോൾ ഓഫീസറുടെ അനുമതിയോടെ മാത്രമേ മാധ്യമപ്രവർത്തകർക്ക് അകത്ത് പ്രവേശിച്ച് ചിത്രം, വീഡിയോ എന്നിവ എടുക്കാനാവൂ.
നാമനിർദ്ദേശപത്രിക സമർപ്പണം ഏറെ നീളുന്ന പ്രക്രിയയായതിനാൽ തുടക്കത്തിൽ നാമനിർദ്ദേശപത്രിക സ്വീകരിക്കുന്നതിന്റെ ചിത്രമോ വീഡിയോ എടുത്തതിനുശേഷം മാധ്യമപ്രവർത്തകർ റിട്ടേണിംഗ് ഓഫീസറുടെ മുറിക്ക് പുറത്ത് പോകണമെന്നും നിർദ്ദേശമുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ ക്യാബിന് തൊട്ടടുത്തുവെച്ച് സ്ഥാനാർത്ഥികളുടെ പ്രതികരണം ടെലിവിഷൻ ചാനലുകള്‍ എടുക്കുന്നത് തുടങ്ങിയുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് കമ്മീഷനിൽ നിന്ന് അംഗീകാരം വാങ്ങണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയിൽ നിന്നാണ് പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങേണ്‌ത്.
ജില്ലാതലത്തിൽ സ്ഥാനാർത്ഥികളും വ്യക്തികളും നൽകുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്. നിർദിഷ്ട ഫോമിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ആയിരിക്കും ജില്ലാതല കമ്മിറ്റിയുടെ അധ്യക്ഷൻ. ഇതു സംബന്ധിച്ച അപ്പീലുകൾ പരിശോധിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിംഗ് സെല്ലും ചീഫ് ഇലക്ടറൽ ഓഫീസിൽ പ്രവർത്തിക്കുന്നു. വ്യാജ വാർത്തകൾ, പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസുകൾ എന്നിവ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.