Advertisment

കോൺഗ്രസിന്റെ ഉറച്ച കോട്ടയായ ചാലക്കുടിയിൽ വികസനം ചർച്ചയാക്കി രണ്ടാം ജയം തേടി ബെന്നി ബെഹനാൻ; നവ ചാലക്കുടി എന്ന ആശയവുമായി പ്രൊഫ. രവീന്ദ്രനാഥ്; വോട്ടുവിഹിതം കൂട്ടാൻ എൻ.ഡി.എ; ഇരു മുന്നണികൾക്കും ഭീഷണിയായി ട്വന്റി-20 ! വിജയത്തിൽ നിർണായകമാവുക  ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ; ചാലക്കുടി പിടിക്കാൻ ഇത്തവണ പൊരിഞ്ഞ അങ്കം

 തൃശൂരിലെ കയ്പമംഗലം, കൊടുങ്ങല്ലൂ‌ർ, ചാലക്കുടി, എറണാകുളത്തെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ചാലക്കുടി. കയ്പമംഗലം ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം കോൺഗ്രസിന് മുൻതൂക്കമുണ്ട്. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
Benny Behanan C. Raveendranath KA Unnikrishnan  Charly Paul

ചാലക്കുടി: പുറമെ ശാന്തമാണെങ്കിലും അടിയൊഴുക്കുകളേറെയുള്ളതും ചങ്കിടിപ്പേറ്റുന്നതുമായ പോരാട്ടമാണ് ചാലക്കുടിയിൽ നടക്കുന്നത്. പൊതുവെ വലതുപക്ഷത്തിനോട് ചാലക്കുടി പുലർത്തുന്ന കൂറിലാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസവും പ്രതീക്ഷയും.  രാഷ്ട്രീയ, സമുദായികമാറ്റങ്ങളും സ്ഥാനാർത്ഥിയുടെ ബന്ധങ്ങളും ജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവവും പിന്നാക്ക സമുദായങ്ങളുടെ പിന്തുണയും വോട്ടു കൂട്ടുമെന്ന് ബി.ജെ.പിയും പ്രതീക്ഷിക്കുന്നു. ട്വന്റി 20യുടെ സ്വാധീനവും മണ്ഡലത്തിൽ നിർണായകമാണ്.

Advertisment

കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണിത്. 2004ലാണ് മുകുന്ദപുരം മാറി ചാലക്കുടി രൂപപ്പെട്ടത്. 1952 മുതലിങ്ങോട്ട് നടന്ന 17 തിരഞ്ഞെടുപ്പുകളിലും 12ലും ജയിച്ചത് കോൺഗ്രസാണ്. രണ്ടു വട്ടം ഇടതും ഒരുവട്ടം കേരളാ കോൺഗ്രസും 2 വട്ടം ഇടത് സ്വതന്ത്രരും വിജയിച്ചു.


 തൃശൂരിലെ കയ്പമംഗലം, കൊടുങ്ങല്ലൂ‌ർ, ചാലക്കുടി, എറണാകുളത്തെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ചാലക്കുടി. കയ്പമംഗലം ഒഴികെയുള്ള മണ്ഡലങ്ങളിലെല്ലാം കോൺഗ്രസിന് മുൻതൂക്കമുണ്ട്. 


2014ൽ ഇടത് സ്വതന്ത്രനായി ഇന്നസെന്റ് വിജയിച്ചിരുന്നു. 2019ൽ ബെന്നി ബഹനാൻ ഇന്നസെന്റിനെ 1.32 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. എൻ.ഡി.എ, ട്വന്റി 20 പാർട്ടി മുന്നണികൾക്ക് എങ്ങനെ ഭീഷണിയാകുമെന്ന ആശങ്കയും കൗതുകവും മത്സരത്തിന് കൊഴുപ്പ് കൂട്ടുന്നുണ്ട്.

സിറ്റിംഗ് സീറ്റിൽ രണ്ടാമങ്കത്തിനിറങ്ങിയ ബെന്നി ബഹനാനും യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജനങ്ങൾ ഒപ്പം നിൽക്കുമെന്ന വിശ്വാസം ഇതുവരെയുള്ള പ്രചാരണത്തിൽ വ്യക്തമാണെന്ന് നേതാക്കൾ പറയുന്നു. മുന്നണിയിലും കോൺഗ്രസിലും അസ്വാരസ്യങ്ങൾ ഇല്ലെന്നതും പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നുണ്ട്. ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിന് അനുകൂലമാണെന്ന് മുന്നണി വിലയിരുത്തുന്നു.

എം.പിയെന്ന നിലയിലെ ബെന്നി ബഹനാന്റെ പ്രവർത്തനം സഹായമാകും. എം.പി എന്ന നിലയിൽ നടത്തിയ ഇടപെടലുകളും നടപ്പാക്കിയതും നേടിയെടുത്തതുമായ വികസന പദ്ധതികളുടെ ലഘുലേഖ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്.  മണ്ഡലത്തിന്റെ വികസനാവശ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത് വോട്ടർമാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ബെന്നിയുടെ വ്യക്തിബന്ധങ്ങളും വോട്ട് നേടാൻ വഴിതെളിക്കും.

ക്രൈസ്തവസമൂഹം കോൺഗ്രസ് അനുകൂല നിലപാട് ഇക്കുറിയും ആവർത്തിക്കുമെന്നാണ് മറ്റൊരു പ്രതീക്ഷ. യാക്കോബായ, കത്തോലിക്കാ വിഭാഗങ്ങൾക്ക് സ്വാധീനമുള്ളതാണ് മണ്ഡലം. ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും സഭകളുമായും സമവായസമീപനമാണ് ബെന്നി സ്വീകരിച്ചത്. ഇരുവിഭാഗത്തിനും സ്വീകാര്യനാണ് അദ്ദേഹം. സഭാമേധാവികളുമായും വിശ്വാസി സംഘടനകളുമായും ബെന്നി ബഹനാൻ വ്യക്തിപരമായ അടുപ്പവും പുലർത്തുന്നുണ്ട്. ക്രൈസ്തവവിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും സഹായകമാകുമെന്നാണ് പ്രതീക്ഷ.

പ്രചാരണത്തിൽ കൈവരിച്ച മുൻ തൂക്കവും താഴേത്തട്ടിൽ നടത്തിയ ഒരുക്കങ്ങളുമാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ലോനപ്പൻ നമ്പാടനും ഇന്നസെന്റും കൈവരിച്ച അട്ടിമറിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. രാഷ്ട്രീയത്തിനൊപ്പം സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ വ്യക്തിപ്രഭാവവും ജനപിന്തുണ നൽകുമെന്ന ഉറപ്പിലാണ് നേതാക്കൾ. രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തൽ. യുവജനങ്ങളിൽ നിന്ന് പതിവിലുമേറെ പിന്തുണ സി. രവീന്ദ്രനാഥിന് ലഭിക്കുന്നുണ്ട്.

സ്കൂളുകൾ, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രവീന്ദ്രനാഥ് പര്യടനങ്ങളും വിദ്യാർത്ഥികളുമായുള്ള സംവാദങ്ങളും നടത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി എന്നനിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെ മുൻനിറുത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇവയ്‌ക്ക് ലഭിച്ച പ്രതികരണങ്ങൾ യുവാക്കളുടെ വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന സൂചനയായാണ് എൽ.ഡി.എഫ് വിലയിരുത്തുന്നത്.  നവ ചാലക്കുടി എന്ന ആശയം മുന്നിൽവച്ചാണ് എൽ.ഡി.എഫ് യോഗങ്ങൾ സംഘടിപ്പിച്ചത്. ഇവയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ സ്ഥാനാർത്ഥിക്ക് രാഷ്ട്രീയത്തിനതീതമായി ലഭിക്കുന്ന സ്വീകാര്യതയായാണ് സി.പി.എം വിലയിരുത്തുന്നത്. ഇന്നസെന്റിനും ലോനപ്പൻ നമ്പാടനും ലഭിച്ച പിന്തുണ രവീന്ദ്രനാഥിനും ലഭിക്കുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്.

മുൻ തിരഞ്ഞെടുപ്പിലേക്കാൾ മുന്നേറ്റം കുറിക്കാൻ കഴിയുമെന്ന ഉറപ്പിലാണ് എൻ.ഡി.എയും ബി.ജെ.പിയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15.6 ശതമാനം വോട്ടാണ് നേടിയത്. ഇക്കുറി വലിയ വർദ്ധനവാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും മുഖ്യവിഷയമാക്കിയാണ് എൻ.ഡി.എ പ്രചാരണം നടത്തുന്നത്. തൊട്ടടുത്ത തൃശൂരിൽ സുരേഷ് ഗോപിയുടെ മത്സരത്തിന്റെ ചൂട് ചാലക്കുടിയിലും സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബി.ഡി.ജെ.എസ് സംസ്ഥാന കെ.എ. ഉണ്ണികൃഷ്ണനാണ് സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി, കുന്നത്തുനാട് യൂണിയൻ കൺവീനർ എന്നീ പദവികളും വഹിക്കുന്നുണ്ട്. കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ, ചാലക്കുടി, കയ്പമംഗലം മേഖലകളിൽ ഈഴവ, പിന്നാക്ക സമുദായങ്ങളുടെ വോട്ട് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കിഴക്കമ്പലം ഉൾപ്പെടെ നാലു പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി 20 പാർട്ടി ചാലക്കുടിയിൽ മത്സരിക്കുന്നത് ആർക്കാകും ദോഷവും സഹായവുമാകുകയെന്ന കൗതുകത്തിലാണ് രാഷ്ട്രീയനിരീക്ഷകർ. എല്ലാ മുന്നണികൾക്കും എതിരാണ് തങ്ങളുടെ മത്സരമെന്നാണ് ട്വന്റി 20 പ്രഖ്യാപനം. എൽ.ഡി.എഫിനെ, പ്രത്യേകിച്ച് സി.പി.എമ്മിനെ ശക്തമായ എതിർക്കുന്നതാണ് ട്വന്റി 20 യുടെ നിലപാട്.

യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാനും ട്വന്റി 20യുടെയും പ്രസിഡന്റ് സാബു എം. ജേക്കബിന്റെയും ഹിറ്റ് ലിസ്റ്റിലുണ്ട്. കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ ട്വന്റി 20ക്ക് കഴിയും. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റാലികളിൽ വൻജനപങ്കാളിത്തമാണ് ലഭിച്ചത്. ട്വന്റി 20 നേടുന്ന വോട്ടുകൾ തങ്ങൾക്ക് ദോഷമാകുമെന്ന ആശങ്ക മൂന്നു മുന്നണികൾക്കുമുണ്ട്.

Advertisment