Advertisment

വടകര കളരിയിൽ പതിനെട്ട് അടവും പയറ്റി ശൈലജയും ഷാഫിയും; പ്രചാരണത്തിലും വോട്ടിലും മുന്നണികൾ ബലാബലം; പ്രവാസി വോട്ടു തേടി വിമാനം കയറി ഷാഫി; സ്ത്രീ വോട്ടുകളിൽ കണ്ണുവച്ച് ശൈലജ; ടി.പി വധം വീണ്ടും ചർച്ചാവിഷയമാവുന്നത് ഇടതിന് ആശങ്ക ! മുസ്ലീം വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ച് യു.ഡി.എഫ്; പരമാവധി വോട്ട് പെട്ടിയിലാക്കാൻ ബി.ജെ.പി; അടിയൊഴുക്കുകൾ വിധി നിർണയിക്കുന്ന വടകരയിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം

കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിലും പ്രവചനാതീതം തന്നെ വടകര. അടിയൊഴുക്കുകൾ വിധി നിർണയിക്കുന്ന മണ്ഡലത്തിൽ വിജയം ആർക്കൊപ്പം എന്നത് പ്രവചനാതീതമായി മാറുന്നു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kk shailaja shafi parambil praful krishna

കോഴിക്കോട്: കടത്തനാടൻ കളരിയായ വടകരയിൽ പ്രചാരണം മുതൽ ഇഞ്ചോടിഞ്ച് പോരാണ് നടക്കുന്നത്. ഒരിഞ്ചും വിട്ടുകൊടുക്കാതെ, അടവുകൾ മാറിമാറി പയറ്റിയുള്ള അങ്കം. പാലക്കാട്ടു നിന്നെത്തിയ ഷാഫി പറമ്പിലും കണ്ണൂരിൽ നിന്നുള്ള ശൈലജ ടീച്ചറും നേർക്കുനേർ ഏറ്റുമുട്ടുന്നു. രണ്ട് എം.എൽ.എമാരുടെ പോര് കൂടിയാണ് വടകരയിൽ കാണാനാവുക. കേരളത്തിൽ അതിശക്തമായ രാഷ്ട്രീയ പോര് നടക്കുന്ന മണ്ഡലം കൂടിയാണ് വടകര. ഇടതുകോട്ടയായ വടകര തിരികെപിടിക്കാനാണ് ശൈലജ ടീച്ചറെ ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. വിജയം തുടരാനുറച്ചാണ് ഷാഫിയെ യു.ഡി.എഫും ഇറക്കിയത്. പ്രഭുൽ കൃഷ്ണനിലൂടെ പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

Advertisment

ടി.പി ചന്ദ്രശേഖരൻ വധത്തിനു പിന്നാലെ 2009 മുതൽ ഇടതിന് കൈമോശം വന്നതാണ് തങ്ങളുടെ ചെങ്കോട്ടയായ വടകരയെ. പിന്നീടിന്നുവരെ നിലംതൊടാൻ കഴിഞ്ഞിട്ടില്ല. വികസനത്തിനും വിവാദങ്ങൾക്കുമപ്പുറം ഏറ്റവും ശക്തമായി രാഷ്ട്രീയം ചർച്ച ചെയ്യുന്ന മണ്ഡലം കൂടിയാണ് വടകര. മണ്ഡലത്തിന്റെ ഈ രാഷ്ട്രീയ ബോധം മുതലെടുത്താണ് യു.ഡി.എഫ് അവിടെ ടി.പി വധത്തിനു ശേഷം തുടർച്ചയായി ജയിച്ചു കയറിയത്.


 വടകരയിൽ രണ്ടാമൂഴം പ്രതീക്ഷിച്ച് കെ. മുരളീധരനായി ചുവരെഴുത്തും ബാനറുകളുമെല്ലാം തയ്യാറായിരിക്കെയാണ് അപ്രതീക്ഷിതമായി പദ്മജയുടെ ബിജെപി പ്രവേശനമുണ്ടായതും മുരളി തൃശൂരിലേക്ക് മണ്ഡലം മാറിയതും.


 അതോടെ ജനകീയനും ഊർജ്ജ്വസ്വലനുമായ ഷാഫി പറമ്പിലിന് പാലക്കാട്ടു നിന്ന് വടകരയിലെത്തി മത്സരിക്കാനുള്ള നിയോഗമായി. ഇതോടെ വടകരയുടെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ ശൈലജ ടീച്ചർക്ക് ഒത്ത എതിരാളിയായി ഷാഫി മാറി.

ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും ഇടുതുപക്ഷത്ത് ഭദ്രമായിരുന്നിട്ടും കഴിഞ്ഞ മൂന്നു ടേമായി 15 വർഷം ഇടതുപക്ഷത്തിനെതിരായ വിധിയെഴുത്താണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിൽ കാണുന്നത്. തീരദേശവും മലയോരവുമെല്ലാം ഉൾപ്പെടുന്ന മണ്ഡലം.

തലശേരി, കൂത്തുപറമ്പ്, നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളാണിതിലുള്ളത്. വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളൊഴികെയുള്ളവയിലെല്ലാം രാഷ്ട്രീയ ചായ്‌വ്‌ പ്രകടമാണ്. എന്നാൽ ഈ മൂന്നു മണ്ഡലങ്ങളിലെ വോട്ടുകളും അടിയൊഴുക്കുകളുമാണ് വിധി നിർണയിക്കുന്നത്. 2009ലും 2014ലും മുല്ലപ്പള്ളി രാമചന്ദ്രനും 2019ൽ കെ. മുരളീധരനും ജയിച്ചു കയറാൻ വഴിയൊരുക്കിയത് ഈ മൂന്നു മണ്ഡലങ്ങളിലെയും വോട്ടുകളായിരുന്നു. എങ്ങോട്ടു തിരിയുമെന്ന് പ്രവചിക്കാനാവാത്ത ഈ മൂന്ന് മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥികളുടെയെല്ലാം പ്രചാരണം.

മുസ്ലീം വോട്ടുകൾ കൂടുതലുള്ള കുറ്റ്യാടിയും നാദാപുരവും തലശേരിയും തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറുമെന്നുറപ്പ്. പാലക്കാട്ടു നിന്ന് ഷാഫി പറമ്പിലിനെ വടകരയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതു തന്നെ ന്യൂനപക്ഷ വോട്ടുകൾ മനസിൽ കണ്ടാണെന്നുറപ്പ്. സ്പീക്കർ എ.എൻ ഷംസീറും മുതിർന്ന നേതാവ് പി. ജയരാജനും തോറ്റുമടങ്ങിയ മണ്ഡലത്തിൽ കെ.കെ. ശൈലജയെക്കാൾ മികച്ചൊരു സ്ഥാനാർഥിയെ ഇടതിന് കിട്ടാനില്ല.


ആർ.എം.പിയുടെ അതിശക്തമായ സ്വാധീനമാണ് വടകരയിലെ ഫലം പ്രവചനാതീതമാക്കുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ അടുത്തിടെ പ്രതികൾക്ക് കൂടുതൽ ശിക്ഷ കിട്ടിയതും കീഴ്‌ക്കോടതികൾ വെറുതേവിട്ട പ്രതികൾക്കും തടവുശിക്ഷ കിട്ടിയതുമെല്ലാം വടകരയിൽ ചർച്ചയാവുമെന്നുറപ്പ്. 


ജീവിച്ചിരുന്ന ടി.പിയേക്കാൾ മരണപ്പെട്ട ടി.പിയാണ് അവിടെ കരുത്തൻ എന്ന വിലയിരുത്തൽ ശരിവയ്ക്കുന്നതാണ് അവിടത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം. ടി.പി വധം ചർച്ചയായ 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.പിയുടെ വിധവ കെ.കെ. രമ വടകരയിൽ ജയിച്ച് നിയമസഭയിലെത്തി. നിയമസഭയിൽ യു.ഡി.എഫ് പോരാട്ടങ്ങളുടെ കുന്തമുനയാണ് രമ ഇപ്പോൾ. ഇത്തവണയും ഷാഫിയുടെ പ്രചാരണ രംഗത്ത് നായികയായി രമ ഉണ്ട്. അതോടെ ടി.പി വധം വീണ്ടും ചർച്ചവിഷയമാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ഏറെ നിർണായകമായി മാറുന്ന വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലാണ് ടി.പി വധം ചർച്ചാവിഷയമാവുന്നത്. അതുതന്നെയാണ് എൽ.ഡി.എഫിന്റെ ആശങ്കയും.

സതീദേവിയിൽ നിന്ന് 2009ല്‍ മണ്ഡലം പിടിച്ചെടുത്ത മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി രണ്ട് ടേമുകളിൽ വിജയിച്ചു. രാഹുൽ ഗാന്ധി കാറ്റ് വീശിയ 2019ൽ പി. ജയരാജൻ ഉയർത്തിയ വെല്ലുവിളി അനായാസം മറികടന്ന് കെ.മുരളീധരൻ മണ്ഡലം നിലനിർത്തി. 2004ൽ പി.സതീദേവി 1,30,589 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എംടി പത്മയെ തോൽപ്പിച്ചാണ് ഇടത് കോട്ട കാത്തത്. 2009ൽ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ ഇറക്കി യു.ഡി.എഫ് കളംപിടിച്ചു. സി.പി.എം വിട്ട് കുലം കുത്തിയായി ടി.പി.ചന്ദ്രശേഖരൻ ഇരുമുന്നണികൾക്കുമെതിരെ മത്സരിച്ച് 21,833 വോട്ടു നേടിയത് അന്ന് സി.പി.എമ്മിന്റെ പരാജയത്തിൽ വലിയ പ്രഹരമാണുണ്ടാക്കിയത്.

2014ൽ മുല്ലപ്പള്ളി രണ്ടാമൂഴത്തിനെത്തിയപ്പോൾ കൂടുതൽ ജാഗ്രതയോടെയാണ് സി.പി.എം സ്ഥാനാർത്ഥിയെ ഇറക്കിയത്. ഈ നീക്കം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. നിലവിലെ സ്പീക്കർ എ.എൻ.ഷംസീറായിരുന്നു സ്ഥാനാർഥി. കേവലം 3306 വോട്ടുകളിലേക്ക് ഭൂരിപക്ഷം കുറക്കാനായി. അത്തവണയും ആർ.എം.പി സ്വതന്ത്രമായി മത്സരിച്ച് പിടിച്ച 17,229 വോട്ടുകൾ സി.പി.എമ്മിന്റെ ഉറച്ച വോട്ടുകളായിരുന്നു എന്നത് ആ പരാജയത്തിനും കാരണമായി.

2019ൽ കെ മുരളീധരന് വേണ്ടി മുസ്ലിം ലീഗ് നടത്തിയ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഇത്തവണ ഷാഫിയുടേയും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ലീഗാണ്. പരമാവധി മുസ്ലീം വോട്ടുകൾ കേന്ദ്രീകരിക്കുകതന്നെ ലക്ഷ്യം.  പ്രവാസികളുടെ വോട്ട് തേടി നാലുദിവസം ഷാഫി വിമാനം കയറിയതും അടിയൊഴുക്കുകളാണ് സൂചിപ്പിക്കുന്നത്.

വടകര ലോകസഭാമണ്ഡലത്തിലെ മൊത്തം വോട്ടർമാരിൽ 50 ശതമാനത്തിനുമുകളിൽ സ്ത്രീ വോട്ടർമാർ. അതിലാണ് പ്രധാനമായും കെ.കെ.ശൈലജയുടെ കണ്ണും. മുസ്ലീം വോട്ട് 30 ശതമാനം. ക്രിസ്ത്യൻ വോട്ടുകൾ നാല് ശതമാനം. ബാക്കി ഹിന്ദുവോട്ടുകൾ. അതിൽ തന്നെ പ്രധാന വിഭാഗമായ തിയ്യ വിഭാഗത്തിന് 40 ശതമാനം. നായർവോട്ട് 18 ശതമാനം. എസ്.സി.എസ്ടി എട്ട് ശതമാനം. തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ ശൈലജയ്ക്ക് സ്വാധീനമേറെയാണെങ്കിലും നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റിയാടി മേഖലകളിലെ മുസ്ലീം വോട്ടുകൾ ഭൂരിപക്ഷവും ഷാഫിയുടെ പെട്ടിയിൽ വീഴാനാണ് സാധ്യത.

 കെ.മുരളീധരൻ മത്സരിച്ചപ്പോൾ ഭൂരിപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്കായിരുന്നു.  കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി 80,128 വോട്ട് നേടിയതിൽ നിന്നും കൂടുലാണ് ഇത്തവണ മുന്നണി പ്രതീക്ഷിക്കുന്നത്.  കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിലും പ്രവചനാതീതം തന്നെ വടകര. അടിയൊഴുക്കുകൾ വിധി നിർണയിക്കുന്ന മണ്ഡലത്തിൽ വിജയം ആർക്കൊപ്പം എന്നത് പ്രവചനാതീതമായി മാറുന്നു.

Advertisment