Advertisment

ലോക കേരള സഭ ഉദ്ഘാടനത്തിന് ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ച് ഗവർണർ; ഇത്രയും കാലമില്ലാത്ത കരുതൽ ഇപ്പോൾ എവിടെ നിന്ന് വന്നു, നടുറോഡിൽ കാർ ആക്രമിക്കപ്പെട്ടപ്പോൾ 9 മന്ത്രിമാർ കയ്യടിച്ചു, ധൂർത്ത് നടത്താനുള്ള ലോക കേരള സഭയിൽ താൻ വരില്ല, കേരളീയം അടക്കം ആഘോഷത്തിനൊന്നും തന്നെ വിളിച്ചില്ല ! വരില്ലെന്ന് മുഖ്യമന്ത്രിയോട് ചെന്ന് പറഞ്ഞേക്കൂ എന്ന് അറിയിച്ച് ചീഫ്സെക്രട്ടറിയെ തിരിച്ചുവിട്ട് ഗവർണർ

പ്രവാസി ക്ഷേമം ലാക്കാക്കി നടത്തുന്ന ലോകകേരള സഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളനങ്ങൾ കൊണ്ട് പ്രവാസികൾക്ക് എന്തൊക്കെ ഗുണങ്ങളുണ്ടായി എന്നതിൽ വാദപ്രതിവാദങ്ങൾ മുറുകുകയാണ്

New Update
arif muhammad khan-4

തിരുവനന്തപുരം: ആഗോള പ്രവാസികളുടെ ഉത്സവം എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന ലോക കേരളസഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ച് ഗവർണർ. ധൂർത്തിന്റെ മേളയ്ക്ക് താൻ വരില്ലെന്ന് അറിയിച്ച ഗവർണർ ഇതിനുള്ള കാരണം ചീഫ് സെക്രട്ടറിയോട് എണ്ണിപ്പറഞ്ഞു. തന്റെ കാര്യത്തിൽ ഇത്രയും കാലമില്ലാത്ത കരുതൽ എവിടെ നിന്ന് വന്നെന്ന് തുറന്നടിച്ച ഗവർണർ, കേരളീയം അടക്കം സർക്കാരിന്റെ സമീപകാലത്തെ ആഘോഷത്തിനൊപ്പം തന്നെ ക്ഷണിച്ചിട്ടില്ലല്ലോ എന്ന് ചോദിച്ചു.

Advertisment

പിന്നെ എന്തിനാണ് ഇപ്പോൾ വിളിക്കുന്നത്. ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കുന്നത് സർക്കാർ പതിവാക്കിയിരിക്കുകയാണ്. തന്നെ വിദ്യാർത്ഥി നേതാക്കൾ റോഡിൽ തടഞ്ഞ് ആക്രമിക്കുകയും കാർ തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അക്രമികൾക്ക് അനുകൂലമായിരുന്നു സർക്കാർ. തന്നെ ആക്രമിച്ച നേതാക്കളെ 9 മന്ത്രിമാരാണ് പിന്തുണച്ച് സംസാരിച്ചത്. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധം എന്നാണ് മന്ത്രിമാർ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ തന്നെ കാണാൻ വരുന്നതെന്തിനെന്നും ഗവര്‍ണര്‍ ചോദിച്ചു.

ലോക കേരള സഭയ്ക്ക് ക്ഷണിക്കാൻ സർക്കാരിന്റെ സന്ദേശവുമായി വന്ന മെസഞ്ചർ മാത്രമാണ് താൻ എന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. എന്നാൽ തന്റെ അതിശക്തമായ എതിർപ്പ് മുഖ്യമന്ത്രിയെ അറിയിക്കാൻ നിർദ്ദേശിച്ച് ഗവർണർ തിരിച്ചയച്ചു. ലോക കേരള സഭ ധൂർത്താണെന്നും എന്താണ് അതിന്റെ ചുമതലയെന്നും കെടുകാര്യസ്ഥയാണ് നടക്കുന്നതെന്നും ഗവർണർ തുറന്നടിച്ചു.  13മുതൽ 15വരെ തലസ്ഥാനത്താണ് നാലാം ലോകകേരള സഭ നടക്കുന്നത്.  നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് വേദി.


പ്രവാസി ക്ഷേമം ലാക്കാക്കി നടത്തുന്ന ലോകകേരള സഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളനങ്ങൾ കൊണ്ട് പ്രവാസികൾക്ക് എന്തൊക്കെ ഗുണങ്ങളുണ്ടായി എന്നതിൽ വാദപ്രതിവാദങ്ങൾ മുറുകുകയാണ്.


 രാഷ്ട്രീയവത്കരണം കാരണം ലോകകേരള സഭയുടെ സാംഗത്യം നഷ്ടമായെന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ പോലും അജ്ഞാതമാണെന്നും ആരോപണമുയരുന്നു. എന്നാൽ പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നു.

351 അംഗങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുക. ചെലവിന് മൂന്നുകോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം, പ്രസാധനത്തിനും അച്ചടിക്കുമായി 15 ലക്ഷം, പരസ്യത്തിന് 10 ലക്ഷം, പ്രവാസി വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടിക്ക് 20 ലക്ഷം, സാംസ്‌കാരിക, ടൂറിസം പരിപാടികളുടെ ഫോട്ടോയും വീഡിയോകളും ലോകത്തുടനീളം പ്രദർശിപ്പിക്കാൻ 30ലക്ഷം, ഭക്ഷണത്തിന് 10 ലക്ഷം, താമസത്തിന് 25 ലക്ഷം, വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, വിമാന ടിക്കറ്റിന് അഞ്ച്ലക്ഷം, മറ്റാവശ്യങ്ങൾക്ക് 20 ലക്ഷം ഇങ്ങനെ പോവുന്നു ചെലവുകൾ. ലോക കേരളസഭ സെക്രട്ടേറിയറ്റിന് മാത്രം 50 ലക്ഷം അനുവദിച്ചു. ഇതിൽ 19 ലക്ഷം ഓഫിസ് ചെലവുകൾക്കാണ്. സഭയിലെ ശുപാർശകൾ നടപ്പാക്കാൻ 50 ലക്ഷമാണ് നീക്കിവച്ചിട്ടുള്ളത്. ചെലവ് ഇതിലും കൂടിയാൽ ധനവകുപ്പ് കൂടുതൽ പണം അനുവദിക്കും.


തലസ്ഥാനത്തെ സമ്മേളനം കഴിഞ്ഞാൽ വിദേശത്ത് രണ്ട് മേഖലാ സമ്മേളനങ്ങളുണ്ടാവും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഇതിലും പങ്കെടുക്കും. ചുരുക്കത്തിൽ ഖജനാവിന് വൻ ബാദ്ധ്യതയുണ്ടാക്കുന്നതായി ലോക കേരള സഭ മാറിയിരിക്കുകയാണ്.


 ലോക കേരള സഭയുടെ നേട്ടങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക കേരള സഭയ്ക്ക് ബദലായി പ്രവാസി സംഗമം നടത്തുമെന്ന് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി ഇൻകാസും പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കം മുതൽ പ്രതിപക്ഷം ലോകകേരള സഭയുമായി സഹകരിക്കുന്നില്ല. ലോക കേരളസഭയിൽ പങ്കെടുത്തവരുടെ പശ്ചാത്തലം പോലും ആർക്കും അറിയില്ലെന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നുമാണ് ആക്ഷേപം.

കേരള സർക്കാരിന്റെ സമീപനം പാർലമെന്ററി സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം. സി.പി.എമ്മിന് പണം നൽകുന്നവരെ വിളിച്ചുവരുത്തിക്കൊണ്ട് വിരുന്ന് നൽകുന്ന പരിപാടിയാക്കി സർക്കാർ അതിനെ മാറ്റിയെന്നാണ് ബി.ജെ.പി വിമർശിക്കുന്നത്. ലോക കേരള സഭയ്ക്ക് രണ്ടുകോടി രൂപയാണ് ബജറ്റ് വിഹിതം. ഇതിന് പുറമെയാണ് ഒരു കോടി രൂപ അനുവദിച്ചത്.

Advertisment