തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിക്കും എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും ഏറെ നിർണായകം; ഫലം എതിരായാൽ പാർട്ടിയിലെയും സർക്കാരിലെയും പിണറായിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടും; ഭരണ വിരുദ്ധ തരംഗം ഉണ്ടായാൽ സർക്കാരിൻെറ പ്രവർത്തന വൈകല്യങ്ങൾക്കെതിരെയും വിമർശനമുയരും ! സംസ്ഥാന സെക്രട്ടറി പദത്തിലെ ആദ്യ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന എം.വി.ഗോവിന്ദനും ഫലം അനുകൂലമല്ലെങ്കിൽ പ്രതിസന്ധി; തിരഞ്ഞെടുപ്പ് കാലത്തെ വിവാദനായകനായി മാറിയ ഇ.പിക്കും പ്രശ്നം തന്നെ

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും നിർണായകമാകും. തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിച്ചവർ എന്ന നിലയിലാണ് ഈ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ഫലം നിർണായകമാകുന്നത്

New Update
ep jayarajan pinarai vijayan mv govindan

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും നിർണായകമാകും. തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിച്ചവർ എന്ന നിലയിലാണ് ഈ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ഫലം നിർണായകമാകുന്നത്. ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും അതിൻെറ ആസൂത്രണത്തിലും നേതൃത്വം കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് ഫലം ഏറ്റവും നിർണായകമാകാൻ പോകുന്നത്. തിരഞ്ഞടുപ്പ് ഫലം 2019ലേത് പോലെ തിരിച്ചടിയായാൽ പിണറായി വിജയനെതിരെ സി.പി.എമ്മിൽ നിന്ന് തന്നെ വിമർശനം ഉയരും എന്ന് ഉറപ്പാണ്.

Advertisment

സംസ്ഥാന സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നു. പൗരത്വ നിയമഭേദഗതി, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ ആളിക്കത്തിച്ച് ഭരണവിരുദ്ധ വികാരത്തെ ലഘൂകരിക്കാനായിരുന്നു ഇടത് മുന്നണി ശ്രമിച്ചത്. ആഗ്രഹിക്കുന്ന സംഖ്യയിലേക്ക് തിരഞ്ഞെടുപ്പ് ഫലം ഉയർന്നില്ലെങ്കിൽ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ചുവെന്ന് വിലയിരുത്തലുണ്ടാകും. അതിൻെറ ഉത്തരവാദിത്തം സർക്കാരിനെ നയിക്കുന്നയാൾ എന്ന നിലയിൽ മുഖ്യമന്ത്രിയിലായിരിക്കും വന്ന് ചേരുക.


 അപ്പോൾ സർക്കാരിൻെറ പ്രവർത്തനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെടും. ഇതിനെല്ലാം ഉത്തരം പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാകുകയും ചെയ്യും. സർക്കാരിനെയും  പാർട്ടിയേയും അടക്കി ഭരിക്കുന്ന നേതാവ് എന്ന നിലയിൽ നിന്ന് ഭരണരംഗത്തെ വീഴ്ചകൾക്കും തിരഞ്ഞെടുപ്പ് തിരിച്ചടിക്കും ഉത്തരം പറയുന്ന നിലയിലേക്കുളള മാറ്റം അദ്ദേഹത്തിൻെറ രാഷ്ട്രീയ ഗ്രാഫിലെ ഇറക്കത്തിൻെറ തുടക്കമായി മാറാനും സാധ്യതയുണ്ട്.


തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിൽ ഭരണവിരുദ്ധ വികാരത്തിനൊപ്പം തിരഞ്ഞെടുപ്പിലെ പ്രചരണതന്ത്രങ്ങളും വിമർശന വിധേയമാകും. പൗരത്വ നിയമ ഭേദഗതിയിലും  ഏകസിവിൽ കോഡിലും കേന്ദ്രീകരിച്ചായിരുന്നു ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. പ്രചാരണത്തിന് ഔപചാരിക തുടക്കം ആകുന്നതിന് മുൻപ് 5 ജില്ലകളിൽ പലസ്തീൻ ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചിരുന്നു. ഇതെല്ലാ മുസ്ലിം ന്യൂനപക്ഷത്തിൻെറ വോട്ടുകൾ നേടി എടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മുസ്ലിം  ന്യൂനപക്ഷത്തെ കേന്ദ്രീകരിച്ചുളള പ്രചരണം ഇതര മത-സമുദായങ്ങളിൽ അപ്രീതിയുണ്ടാക്കിയോ എന്ന സംശയം ഇപ്പോൾ തന്നെ ചില നേതാക്കൾ രഹസ്യമായെങ്കിലും പങ്കുവെയ്ക്കുന്നുണ്ട്.

ഫലം എതിരാണെങ്കിൽ ഈ ആക്ഷേപം ശക്തമായി ഉയരും. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പൗരത്വ വിഷയവും ഏകസിവിൽ കോഡും ആവർത്തിച്ച് ആവർത്തിച്ച് ഉന്നയിച്ച് മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുളള പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. അതുകൊണ്ടുതന്നെ ഫലം എതിരായാൽ മുഖ്യമന്ത്രി ആവിഷ്കരിച്ച് നടപ്പാക്കിയ പ്രചരണ തന്ത്രങ്ങൾക്കെതിരെയും വിമർശനം ഉയരും. ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടുന്ന തരത്തിൽ മുഖ്യമന്ത്രിയേയും കുടുംബത്തെയും ചുറ്റിപ്പറ്റി ഉയർന്ന മാസപ്പടി വിവാദം അടക്കമുളള കാര്യങ്ങളും പ്രവർത്തിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിൽ നിരങ്ങി നീങ്ങുന്ന സർക്കാരിനെ വിവാദത്തിൽ തന്നെ നിർത്തിയത് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്ന വിമർശനങ്ങളും ഫലം എതിരായാൽ പാർട്ടി ഫോറങ്ങളിൽ ഉയരും. സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റി തുടങ്ങിയ യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇതൊന്നും ഉന്നയിക്കാൻ ആരും ധൈര്യം കാണിച്ചില്ലെന്ന് വരാം. എന്നാൽ ജില്ലാ കമ്മിറ്റികൾ മുതൽ താഴോട്ടുളള സമിതികളിൽ വിമർശനങ്ങൾ ഉയരുക തന്നെ ചെയ്യും.


 കോടിയേരി ബാലകൃഷ്ണൻെറ പിൻഗാമിയായി സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിൽ എത്തിയ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം നേരിട്ട പ്രധാന രാഷ്ട്രീയ വെല്ലുവിളിയാണ് ലോകസഭാ തിരഞ്ഞെടുപ്പ്.


 കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നിന്ന് കരകയറി, മികച്ച നേട്ടം ഉണ്ടാക്കാനായില്ലെങ്കിൽ സംസ്ഥാന സെക്രട്ടറിയെന്ന നിലയിലുളള എം.വി.ഗോവിന്ദൻെറ ആധികാരികത ചോദ്യം ചെയ്യപ്പെടും. പാർട്ടിയിലെ സീനിയർ നേതാക്കളെ മറികടന്ന് സംസ്ഥാന സെക്രട്ടറി ആയതിനാൽ, സംസ്ഥാന സെക്രട്ടേറിയേറ്റിലെ മുതിർന്ന നേതാക്കൾക്ക് ഗോവിന്ദനോട് മാനസിക ഇഴയടുപ്പമില്ല. സെക്രട്ടേറിയേറ്റിലെ ജൂനിയർ നേതാക്കളെ ആശ്രയിച്ച് സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന എം.വി.ഗോവിന്ദനെതിരെ വിമർശനങ്ങൾ ഉയരുമെന്ന് ഉറപ്പാണ്.

കൊല്ലം അടക്കമുളള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകളും വിമർശന വിധേയമാകാനിടയുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ സംഘടനാപരമായ ഐക്യം ഇല്ലായിരുന്നു എന്ന ആക്ഷേപങ്ങളുമുണ്ട്. ഇതും എം.വി.ഗോവിന്ദനെതിരെ തിരിച്ചു വിടാനാണ് സാധ്യത.

മുന്നണി കൺവീനർ പദവിയിലുളള ഇ.പി.ജയരാജനും തിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകം തന്നെ. തിരഞ്ഞെടുപ്പ് പ്രചരണ കാലത്തെ ആദ്യത്തെയും അവസാനത്തേയും വിവാദങ്ങളുടെ കേന്ദ്രബിന്ദു എന്ന നിലയിൽ ഫലം അനകൂലമല്ലെങ്കിൽ ഇ.പി ജയരാജനെതിരെയും മുറവിളി ഉയരാം. അഞ്ച് മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതാണെന്നും കേരളത്തിലെ മത്സരം ഇടത് മുന്നണിയും ബി.ജെ.പിയും തമ്മിലാണെന്നുമുളള ഇ.പിയുടെ പ്രതികരണങ്ങളാണ് ആദ്യത്തെ വിവാദത്തിന് തുടക്കമിട്ടത്.

മുസ്ലിം ന്യൂനപക്ഷത്തിൻെറ വോട്ട് ലക്ഷ്യമിട്ടുളള പ്രചരണ തന്ത്രങ്ങൾക്കിടെ മുന്നണിയുടെ കൺവീനർ തന്നെ ബി.ജെ.പിയ്ക്ക് വലിയ പ്രാമുഖ്യം കൽപ്പിച്ച് കൊടുത്തത് തിരിച്ചടി ആയിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രി പിണറായി വിജയനും ജയരാജനെ പരസ്യമായി തിരുത്തുകയും ചെയ്തിരുന്നു. പ്രചാരണത്തിൻെറ അവസാനത്തെ വിവാദത്തിലും മുഖ്യപങ്ക് വഹിച്ചതും ജയരാജനായിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിനെപ്പറ്റിയുളള വിവാദം കൊഴുക്കുന്നതിനിടെ വോട്ടെടുപ്പ് ദിവസം തന്നെ പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചക്ക് സ്ഥിരീകരണം നൽകിയ ജയരാജൻെറ നടപടി പാർട്ടിയിലും മുന്നണിയിലും ഏറെ വിമർശിക്കപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഫലം ജയരാജന് ഏറെ നിർണായകമാണ്.                                                             

Advertisment