എത്ര തപ്പിയിട്ടും സിപിഎമ്മിന് സ്വതന്ത്രനെ കിട്ടിയില്ല. കോൺഗ്രസുകാരെ ചാക്കിട്ട് പിടിക്കാനുള്ള അറ്റകൈ പ്രയോ​ഗവും വിഫലമായതോടെ നിലമ്പൂരിൽ എം സ്വരാജിനെ ഉറപ്പിച്ചു. താത്പര്യമില്ലെങ്കിലും സ്വരാജ് മത്സരത്തിനിറങ്ങുന്നത് മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ. സിപിഎം പാർട്ടി ചിഹ്നത്തിൽ 2006 ന് ശേഷം ഒരാൾ മത്സരിക്കുന്നത് ഇതാദ്യം. മണ്ഡലം നിലനിർത്താൻ സർവ തന്ത്രങ്ങളും പയറ്റാൻ സിപിഎം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
m swaraj puthuppally.

മലപ്പുറം: പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാർഥിക്ക് വേണ്ടി നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് സിപിഎം എം സ്വരാജിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 

Advertisment

ലോകസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിച്ചു തോറ്റ കെ.എസ് ഹംസ, മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൾ വഹാബിൻ്റെ സഹോദരൻ അലി അക്ബർ അടക്കമുള്ളവരെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമിച്ചിരുന്നു.


കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും അടർത്തി എടുത്ത് സ്ഥാനാർഥിയാക്കാനുള്ള സാധ്യതകളും ആരാഞ്ഞിരുന്നു. എന്നാൽ ഈ ശ്രമങ്ങൾ ഒന്നും ഫലം കാണാതെ വന്നതോടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും കൂടിയായ എം.സ്വരാജിനെ മത്സരിപ്പിക്കാൻ നിശ്ചയിച്ചത്.


എം.സ്വരാജിനെ മത്സരിപ്പിച്ചാൽ മത്സരം രാഷ്ട്രീയ പോരാട്ടമായി മാറുമെന്നും വിജയിക്കാൻ നല്ല  സാധ്യതയുണ്ടെന്നുമുള്ള  മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉറച്ച നിലപാടും സ്വരാജിനെസ്ഥാനാർത്ഥിയാക്കുള്ള സിപിഎം തീരുമാനത്തെ സ്വാധീനിച്ചു.

m swaraj aryadan shoukath

പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ചവെയ്ക്കാം എന്നതും സ്വരാജിലേക്ക് എത്താനുള്ള  അനുകൂല ഘടകമായി മാറി. 2006 ന് ശേഷം ഇതാദ്യമായാണ് നിലമ്പൂരിൽ സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ഒരാൾ മത്സരിക്കുന്നത്. 


പി.ശ്രീരാമകൃഷ്ണൻ ആണ് ഒടുവിൽ പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ വോട്ട് തേടിയത്. അതിന് ശേഷം പിന്നെ 2021 വരെ സ്വതന്ത്ര സ്ഥാനാർഥികളെ അണി നിരത്തിയുള്ള പരീക്ഷണങ്ങളായിരുന്നു.


2016 ൽ പി.വി അൻവറിലൂടെയാണ് നിലമ്പൂരിലെ സ്വതന്ത്ര പരീക്ഷണം വിജയിച്ചത്. 2021 ലും വിജയം ആവർത്തിച്ച അൻവർ കലാപം ഉയർത്തി പാർട്ടി വിടുകയും ചെയ്തു.

പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ച് പോയ അൻവറിൻ്റെ അനുഭവവും സ്വതന്ത്ര പരീക്ഷണം നിർത്താൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചു.

മുന്നണിയുടെ വോട്ടുകൾ കൊണ്ട് മാത്രം ജയിക്കാൻ കഴിയില്ലെന്ന് ഉറപ്പായ മണ്ഡലങ്ങളിൽ പൊതു സ്വീകാര്യത ഉള്ളവരെ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പണ്ട് മുതൽക്കേയുള രീതിയാണ്.


1957ലെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ വിജയവും പരാജയവുമായി മാറിയ നിരവധി സ്വതന്ത്ര പരീക്ഷണങ്ങൾ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും സി.പി.എമ്മും നടത്തിയിട്ടുണ്ട്. പാർട്ടിക്ക് സ്വാധീനം കുറവായ മലപ്പുറം ജില്ലയിൽ ഇത്തരത്തിൽ നിരവധി പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. 


മലപ്പുറത്ത് പയറ്റിയ സ്വതന്ത്ര പരീക്ഷണത്തിൻ്റെ ഉൽപ്പന്നമാണ് നിലമ്പൂരിൽ 2016 ലും 2021 ലും  അൻവറിലൂടെ നേടിയ വിജയങ്ങൾ. ഈ തന്ത്രം പയറ്റാറുണ്ട്. 

m swaraj aryadan shoukath pv anvar

പി.വി അൻവർ വഴി പിരിഞ്ഞു പോയതിനെ തുടർന്നുള്ള തിരഞ്ഞെടുപ്പിലും സ്വതന്ത്രന് വേണ്ടിയായിരുന്നു സിപിഎമ്മിന്റെ ആദ്യ അന്വേഷണം. എന്നാൽ വിജയസാധ്യതയും പൊതു സമ്മതിയുമുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. 

അൻവർ യുഡിഎഫിൽ ഉണ്ടാക്കിയിട്ടുള്ള കുഴപ്പങ്ങൾ മുതലെടുക്കാൻ പാർട്ടി ചിഹ്നത്തിൽ ശക്തനായ സ്ഥാനാർത്ഥി വേണം എന്ന ആവശ്യം മലപ്പുറം ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചു. 

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നിലമ്പൂരിൽ എത്തിയ സംസ്ഥാന നേതാക്കളും സമാനമായ നിലപാട് നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് സിപിഎം എം.സ്വരാജിനെ മത്സരിപ്പിക്കാൻ ഉറച്ചത്.


മത്സരിക്കാൻ തീരെ താൽപര്യം പ്രകടിപ്പിക്കാതിരുന്ന സ്വരാജ്, മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശം കിട്ടിയതോടെയാണ് ജന്മനാട്ടിൽ പോരാട്ടത്തിനിറങ്ങാൻ സന്നദ്ധനായത്.


പി.വി അൻവർ യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചാലും താഴെത്തട്ടിൽ ചേർച്ച ഉണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്.

മുസ്ലിം ന്യൂന പക്ഷങ്ങളുടെ വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന സ്വരാജിന് രാഷ്ട്രീയ വോട്ടുകൾക്ക് അപ്പുറം അവിടെ നിന്നുള്ള സഹായം കിട്ടുമെന്നും പാർട്ടിക്ക് പ്രതീക്ഷയുണ്ട്. 

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം ഉന്നത നേതൃത്വം നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് മണ്ഡലം നിലനിർത്താൻ സർവ തന്ത്രങ്ങളും പയറ്റും.


എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേർക്കുനേർ രാഷ്ട്രീയ പോരാട്ടമായി മാറുന്നതോടെ നിലമ്പൂർ നിലനിർത്താം എന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.


പാർട്ടി ചിഹ്നത്തിൽ എം സ്വരാജ് തന്നെ നിലമ്പൂരിൽ മത്സരിക്കാൻ എത്തുമ്പോൾ സിപിഎം പ്രവർത്തകർ  വലിയ ആവേശത്തിലാണ്. പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിലമ്പൂരിൽ സ്വരാജിനായി പ്രകടനങ്ങൾ നടന്നു. 

പിന്നാലെ മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലും ഫ്ലക്സ് ബോർഡുകളും ഉയർന്നു. ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രവർത്തകർ സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല.

Advertisment