/sathyam/media/media_files/TQqGez7gzZNJ0vzt3jcq.jpg)
തിരുവനന്തപുരം: മദ്രസകളും മദ്രസ ബോർഡുകളും അടച്ചുപൂട്ടണമെന്ന
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശം കേരളം നടപ്പാക്കില്ല. മദ്രസകൾ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധവും, മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ വ്യക്തമാക്കി.
ഇതാദ്യമായാണ് ഇക്കാര്യത്തിൽ സർക്കാർ നിലപാട് പുറത്തുവരുന്നത്. ക്രൈസ്തവ മത വിശ്വാസികൾ ബൈബിൾ പഠന കേന്ദ്രങ്ങളും ഹൈന്ദവ മത വിശ്വാസികൾ വേദപഠന കേന്ദ്രങ്ങളും നടത്തുന്നുണ്ട്. ഏതു മതത്തിന്റേതായാലും ഭരണഘടനാനുസൃതമായ മതപഠനത്തിൽ സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല.
കേരളത്തിൽ മദ്രസകളിലെ കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുവെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ റിപ്പോർട്ടും മദ്രസകൾക്ക് പണം നൽകുന്നില്ലെന്ന് കേരളം കള്ളം പറയുകയാണെന്ന അഭിപ്രായവും വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും മന്ത്രി തുറന്നടിച്ചു.
മദ്രസകൾ സംബന്ധിച്ച ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് കേരളത്തിൽ പ്രസക്തിയില്ല. വിവിധ ഇസ്ലാമിക മത വിദ്യാഭ്യാസ ബോർഡുകളുടെ കീഴിലാണ് കേരളത്തിൽ മദ്രസകൾ പ്രവർത്തിക്കുന്നത്. മദ്രസകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും അദ്ധ്യാപകരെ നിയമിക്കുന്നതും മദ്രസകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ കണ്ടെത്തുന്നതും ബന്ധപ്പെട്ട മാനേജ്‌മെന്റ് കമ്മിറ്റികളാണ്.
മദ്രസകളിലെ പാഠഭാഗങ്ങൾ തയ്യാറാക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും ബന്ധപ്പെട്ട വിദ്യാഭ്യാസ ബോർഡുകളാണ്. മതവിദ്യാഭ്യാസ ബോർഡുകൾക്കോ മദ്രസകൾക്കോ സർക്കാർ ഫണ്ട് നൽകുന്നില്ല.
കേരളത്തിലെ മദ്രസകളിൽ ഇസ്ലാമിക മതപഠനം മാത്രമാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസം സർക്കാർ/ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. മുസ്ലിം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ വിഭാഗങ്ങളിൽപെട്ടവർക്കും ഏകീകൃതമായി അടിസ്ഥാന വിദ്യാഭ്യാസം സ്‌കൂളുകളിൽ നൽകുന്നുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കുന്ന സാർവത്രികമായ വിദ്യാഭ്യാസ സംവിധാനമാണിവിടെയുള്ളത്.
ഒരു കുട്ടി പോലും അടിസ്ഥാന വിദ്യാഭ്യാസത്തിന് സ്‌കൂളുകളിൽ പോകാതിരിക്കുന്ന സാഹചര്യം കേരളത്തിലില്ല. മദ്രസ്സകളിൽ നിർബന്ധിത വിദ്യാഭ്യാസ രീതിയോ അടിസ്ഥാന വിദ്യാഭ്യാസം ലംഘിക്കുന്ന തരത്തിൽ സ്‌കൂളുകളിൽ പോകുന്നതിന് വിലക്കുകളോ ഏർപ്പെടുത്തുന്നില്ല.
കാൽ ലക്ഷത്തിലേറെ മദ്രസാ അദ്ധ്യാപകർക്ക് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകുന്നതിന് മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡുണ്ട്. അദ്ധ്യാപകരും മാനേജ്‌മെന്റ് കമ്മിറ്റിയും 50 രൂപ വീതം മാസവിഹിതമായി നൽകുന്നതുപയോഗിച്ചാണ് അദ്ധ്യാപകർക്ക് പ്രതിമാസം 1600 രൂപ പെൻഷൻ നൽകുന്നത്.
ക്ഷേമനിധിയിൽ അംഗത്വമെടുത്ത് വിഹിതം കൃത്യമായി അടക്കുന്നവർക്കേ പെൻഷൻ ലഭിക്കൂ. പാലോളി കമ്മിഷൻ ശുപാർശ അനുസരിച്ചാണ് മദ്രസാഅധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുള്ളതെന്നും പി ഉബൈദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ, സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർക്ക് കഴിഞ്ഞ 11ന് അയച്ച കത്തിൽ, '2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശനിയമത്തിൽ ' വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കിയിട്ടുള്ളതാണെന്നും, എന്നാൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വിദ്യാഭ്യാസം നൽകിവരുന്ന മതസ്ഥാപനങ്ങൾക്ക് / മദ്രസ്സകൾക്ക് പ്രസ്തുത നിയമത്തിൽ ഇളവ് നൽകിയിട്ടുള്ളത് ദുരുപയോഗം ചെയ്തിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
അപ്രകാരം, കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസ പൂർത്തീകരണം ഉറപ്പാക്കുന്നത് ലംഘിക്കപ്പെടുകയാണെന്നും, അത്തരത്തിൽ മദ്രസ്സകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടന അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഉന്നയിച്ചിരിക്കുകയാണ്.
'വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ : കുട്ടികളുടെ ഭരണഘടനപരമായ അവകാശങ്ങളും മദ്രസ്സയും' എന്ന തലക്കെട്ടിൽ പതിനൊന്ന് അധ്യായമുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണ് കമ്മീഷൻ. അതിന്റെ പശ്ചാത്തലത്തിൽ അയച്ച കത്തിലാണ് മദ്രസ്സകൾക്കും മദ്രസ്സ ബോർഡുകൾക്കും സംസ്ഥാന സർക്കാർ നൽകി വരുന്ന ധനസഹായം നിർത്തണമെന്നും മദ്രസ്സ ബോർഡുകൾ അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്രസ്സകളിൽ പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009ലെ നിയമം അനുശാസിക്കുന്ന, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും പാഠ്യപദ്ധതി, യൂണിഫോം, അടിസ്ഥാന സൗകര്യങ്ങൾ, പഠനാന്തരീക്ഷം, ഉച്ചഭക്ഷണ പദ്ധതി, എന്നിവ ഉൾപ്പെടുന്നില്ലെന്നും മതപഠനം മാത്രമാണ് നൽകുന്നതെന്നും, മദ്രസ്സകളിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൂടാതെ മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ മദ്രസ്സകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്നും 1.2 കോടി മുസ്ലിം കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.